supreme-court

ബംഗളൂരു: കർണാടയിലെ സ്പീക്കർ കെ.ആർ രമേഷ് കുമാർ അയോഗ്യരാക്കിയ വിമത എം.എൽ.എമാർ സുപ്രീം കോടതിയിലേക്ക്. സ്പീക്കർ സ്വീകരിച്ച നടപടി സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന് വിമത എം.എൽ.എമാർ ആരോപിച്ചു. സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് അയോഗ്യരാക്കിയ 14 എം.എൽ.എമാരാണ് നാളെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. യെദ്യൂരപ്പ സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയാണ് സ്പീക്കറുടെ നടപടി. നിയമസഭ അവധിയായിട്ടും പ്രത്യേകം വാർത്ത സമ്മേളനം വിളിച്ചാണ് സ്പീക്കർ ഇക്കാര്യം അറിയിച്ചത്.

ജെ.ഡി.എസിന്റെ മൂന്നും, കോൺഗ്രസിന്റെ പതിനൊന്നും എം.എൽ.എമരാണ് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ അയോഗ്യരാക്കപ്പെട്ടത്. രാജി വച്ച എം.എൽ.എമാർക്കു പുറമേ വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്ന കോൺഗ്രസ് എം.എൽ.എ ശ്രീമന്ത് പാട്ടീലിനെയും സ്പീക്കർ അയോഗ്യരാക്കിയിട്ടുണ്ട്.

അതേസമയം, കർണാ‌ടകത്തിൽ ബി.എസ്.യെദിയൂരപ്പ സർക്കാർ നാളത്തെ വിശ്വാസവോട്ട് ജയിച്ചാൽ, അതിന് ശേഷവും സ്പീക്കർ കെ.ആർ. രമേശ് കുമാർ പദവി ഒഴിഞ്ഞില്ലെങ്കിൽ അന്നുതന്നെ അദ്ദേഹത്തെ അവിശ്വാസത്തിലൂടെ പുറത്താക്കാൻ ബി.ജെ.പി നീക്കം തുടങ്ങി. കോൺഗ്രസ് അംഗമായ സ്പീക്കറെ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്. ഭരണകക്ഷി അംഗം സ്പീക്കർ ആകുന്നതാണ് കീഴ്‌വഴക്കമെന്നിരിക്കെ സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പിനു ശേഷം സ്പീക്കർ രാജിവച്ചേക്കും. അതിനിടെ, യെദിയൂരപ്പസർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കണോ, പ്രതിപക്ഷ ബെഞ്ചിൽ ഇരിക്കണോ എന്നതിനെച്ചൊല്ലി ജനതാദൾ- എസിൽ ഭിന്നത തുടരുകയാണ്. വെള്ളിയാഴ്‌ച മുഖ്യമന്ത്രിപദം രാജിവച്ച ശേഷം ഭാവി ചർച്ച ചെയ്യാൻ എച്ച്.ഡി. കുമാരസ്വാമി വിളിച്ച യോഗത്തിൽ എം. എൽ. എമാർ ഇതേച്ചൊല്ലി രണ്ട് ചേരിയായി. തീരുമാനം കുമാരസ്വാമിക്കു വിട്ടു. ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.