പരമ്പരാഗത എസ്.യു.വികളിൽ നിന്ന് തികച്ചും വ്യത്യസ്‌തമായ രൂപകല്‌പനയും ഫീച്ചറുകളും പരിചയപ്പെടുത്തിക്കൊണ്ടാണ് നാലുവർഷങ്ങൾക്ക് മുമ്പ് മഹീന്ദ്രയുടെ ടി.യു.വി 300 വിപണിയിലെത്തിയത്. ഇന്നും മഹീന്ദ്രയുടെ ഏറ്റവും സ്വീകാര്യതയുള്ള മോഡലുകളിൽ ഒന്നാണിത്. പ്രതിമാസം ആയിരത്തിലേറെ യൂണിറ്റുകളുടെ വില്‌പന ടി.യു.വി നേടുന്നു.
എസ്.യു.വികളുടെ തനത് ശൈലിയിൽ നിന്ന് വിട്ടുമാറി, ചതുരപ്പെട്ടി പോലെയുള്ള രൂപകല്‌പനയുമായാണ് 2015ൽ ടി.യു.വി 300 നിരത്തിലെത്തിയത്. നാല് മീറ്ററിൽ താഴെ വലുപ്പമുള്ള വണ്ടിയാണെങ്കിലും ഈ വേറിട്ട രൂപകല്‌പന, ശ്രേണിയിലെ വലിയ വണ്ടിയെന്ന തോന്നൽ തന്നെ ഏവരിലും സൃഷ്‌ടിച്ചു. ഏഴ് സീറ്റുകളുള്ള ആദ്യ സബ്-കോംപാക്‌റ്റ് എസ്.യു.വിയുമായിരുന്നു ടി.യു.വി 300. പക്ഷേ, പിന്നീട് ഈ വിഭാഗത്തിലേക്ക് പല കമ്പനികളും ചുവടുവച്ചു. ഒട്ടേറെ ശ്രദ്ധേയ മോഡലുകളും വിരുന്നുവന്നു. ടി.യു.വിയുടെ കുതിപ്പിന്റെ തിളക്കം മാഞ്ഞില്ലെങ്കിലും എതിരാളികളും വിപണിയിൽ മുന്നേറി.
മാരുതി സുസുക്കിയുടെ വിറ്റാര ബ്രെസ, ടാറ്റയുടെ നെക്‌സൺ, ഹ്യൂണ്ടായിയുടെ വെന്യൂ എന്നിവ ഈ ശ്രേണിയിൽ ചലനം സൃഷ്‌ടിച്ചവയാണ്. വെല്ലുവിളി നേരിടാനും കാലികമായ മാറ്റം ഉൾക്കൊണ്ടും ടി.യു.വിന് പുതിയ ഭാവം നൽകാൻ മഹീന്ദ്ര തയ്യാറായി. രൂപകല്‌പനയിലും ഫീച്ചറുകളിലും പുതുമകളുമായി ടി.യു.വി 300ന്റെ മിഡ് - ഫേസ്‌ലിഫ്‌റ്റിന് തന്നെ മഹീന്ദ്ര രൂപംനൽകി. ഒറ്റ നോട്ടത്തിൽ ഫേസ്‌ലിഫ്‌റ്റിന് നിലവിലെ മോഡലിൽ നിന്ന്, കാര്യമായ വ്യത്യാസം പ്രകടമല്ല. എന്നാൽ, പ്രീമിയം ടച്ച് കൂടി നൽകി വാഹനത്തെ കൂടുതൽ സ്‌റ്റൈലിഷ് ആക്കിയിട്ടുണ്ടെന്ന് നമുക്ക് കാണാം.
മുന്നിലെ ഗ്രിൽ, കറുപ്പ് ഫ്രെയിം നൽകി മനോഹരമാക്കിയിരിക്കുന്നു. ഹെഡ്‌ലാമ്പിലും ഫോഗ് ലാമ്പിലും കറുപ്പഴകിന്റെ അതിർവരമ്പുകൾ കാണാം. കറുപ്പും ചുവപ്പും ചേരുന്ന കോമ്പിനേഷൻ വാഹനത്തിന് ഭംഗിയും ശക്തമായ ഭാവവും സമ്മാനിക്കുന്നുമുണ്ട്. ഹെഡ്‌ലാമ്പിൽ ഡേടൈം റണ്ണിംഗ് ലൈറ്റുകൾ ഇന്റഗ്രേറ്ര് ചെയ്‌തിരിക്കുന്നു. ബമ്പറിന്റെ താഴ്‌പകുതിയിലും കറുപ്പിന്റെ ആധിപത്യമാണ്. അതിൽ, മെറ്റാലിക് ഗ്രേ കളർ ചിൻ പ്ളേറ്റും ഇടംനേടിയിരിക്കുന്നു.
പുതിയ ഡാർക്ക് ക്രോം അലോയ് വീലുകൾ, പിന്നിൽ വലിയ സ്‌പോയിലർ, അതിന് വലിയ 'എക്‌സ്" ആകൃതിയിലുള്ള കവർ, ക്ളിയർ ക്ളാസ് ടെയ്ൽലാമ്പുകൾ എന്നിവയും പുതുമകളാണ്. അകത്തളത്തിൽ വലിയ മാറ്രങ്ങളില്ല. പഴയ ഡ്യുവൽടോൺ നിലനിറുത്തിയിരിക്കുന്നു. മൗണ്ടഡ് ഓഡിയോ കൺട്രോളുകളുള്ളതാണ് 4-സ്‌പോക്ക് സ്‌റ്റിയറിംഗ് വീൽ. അതിന് സമീപം, ഡാഷ്ബോർഡിൽ മദ്ധ്യഭാഗത്ത് 7-ഇഞ്ച് ഇൻഫോടെയ്‌ൻമെന്റ് സംവിധാനം. പഴയ, 5+2 സീറ്റർ ശൈലിയാണ് ഫേസ്‌ലിഫ്‌റ്റിലും കാണാനാവുക. പിന്നിൽ, പരസ്‌പരം നോക്കിയിരിക്കുന്ന രണ്ട് ഫോൾഡബിൾ സീറ്റുകൾ കുട്ടികൾക്കാണ് അനുയോജ്യം. രണ്ടാംനിര സീറ്റുകളും മടക്കിവയ്ക്കുക വഴി 720 ലിറ്റർ ബൂട്ട്‌സ്‌പേസ് നേടാം.
ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇ.ബി.ഡിയോട് കൂടിയ ആന്റിലോക്ക് ബ്രേക്കിംഗ് സിസ്‌റ്റം (എ.ബി.എസ്) തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ സ്‌റ്റാൻഡേർഡായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. 1.5 ലിറ്റർ എംഹോക്ക് 100 ഡീസൽ എൻജിനാണ് ഇതിലുമുള്ളത്. ഗിയർ സംവിധാനം 5-സ്‌പീഡ് മാനുവൽ. അലോസരപ്പെടുത്താത്തതും മികച്ച പ്രകടനം നടത്തുന്നതുമായ എൻജിൻ തന്നെയാണിത്. ഗിയർ ഷിഫ്‌റ്റ് ഏറെ ലളിതമാണെന്നതും ശ്രദ്ധേയം. 8.49 ലക്ഷം രൂപ മുതലാണ് ഡൽഹി എക്‌സ്‌ഷോറൂം വില.