ആലുവ: പിന്നാക്ക ജനവിഭാഗത്തിന് സഞ്ചാരസ്വാതന്ത്ര്യം ഉൾപ്പെടെ നേടിയെടുത്ത എസ്.എൻ.ഡി.പി യോഗത്തിന്റെ ചരിത്രത്തെ രാഷ്ട്രീയ പാർട്ടികൾ വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
യൂത്ത് മൂവ്‌മെന്റ് ആലുവ യൂണിയൻ നേതൃത്വ പരിശീലന ക്യാമ്പ് 'അദ്വൈതം' തോട്ടയ്ക്കാട്ടുകര പ്രിയദർശിനി ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും പിറവിയെടുക്കുന്നതിന് മുമ്പേ രൂപീകൃതമായതാണ് എസ്.എൻ.ഡി.പി യോഗം. സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ ഐതിഹാസിക സമരങ്ങളെ തുടർന്നാണ് സഞ്ചാര സ്വാതന്ത്ര്യവും ക്ഷേത്ര പ്രവേശനവും നേടിയെടുത്തത്. സ്ത്രീകൾക്ക് മാറുമറയ്ക്കാനും യുവാക്കൾക്ക് മീശ വയ്ക്കാനും 18 വയസ് തികഞ്ഞവർക്ക് വോട്ട് ചെയ്യാനും അവകാശം ലഭിച്ചതും യോഗം നടത്തിയ പോരാട്ടങ്ങളിലൂടെയാണ്. ഇതെല്ലാം തങ്ങൾ നേടിയെടുത്തതാണെന്ന് സ്ഥാപിക്കാനാണ് ചില രാഷ്ട്രീയ പാർട്ടികളുടെ ശ്രമം. സാമൂഹ്യനീതിക്കായി പോരാടുമ്പോൾ എസ്.എൻ.ഡി.പി യോഗം ജാതിപറയുന്നുവെന്ന് പറഞ്ഞ് പിന്തിരിപ്പിക്കാനും ശ്രമമുണ്ട്.
ശ്രീനാരായണ ഗുരുദേവൻ ഒരിക്കലും ജാതിയില്ലെന്ന് പറഞ്ഞിട്ടില്ല. അരുവിപ്പുറത്ത് പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയാണെന്ന് ഗുരു പറഞ്ഞു. യോഗം ഈഴവ ജനതയുടെ വിദ്യാഭ്യാസ - വ്യവസായിക - ഭൗതീക വികസനമാണ് ലക്ഷ്യമിടുന്നതെന്ന് ഗുരുദേവൻ വ്യക്തമാക്കിയിരുന്നു. നൂറിലേറെ ശാഖകളുടെ സർട്ടിഫിക്കറ്റുകൾ ഗുരു തന്നെയാണ് കൈമാറിയത്. യോഗത്തിന്റെ വളർച്ചയിൽ വിറളിപിടിച്ച ചിലർ ഒരു വിഭാഗം മാദ്ധ്യമങ്ങളുടെ സഹായത്തോടെ കള്ളപ്രചരണം നടത്തുന്നു. ചില യൂണിയൻ ഭാരവാഹികൾ മൈക്രോഫിനാൻസ് തുക വഴി മാറ്റി ചെലവഴിച്ചതിന്റെ പേരിൽ യോഗനേതൃത്വത്തെ കുറ്റക്കാരാക്കാനാണ് ശ്രമം. ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും തുഷാർ പറഞ്ഞു. യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ അദ്ധ്യക്ഷത വഹിച്ചു. സിനിമ താരം അക്ഷയ് രാധാകൃഷ്ണൻ, ഷാൻ അത്താണി എന്നിവരെ ആദരിച്ചു. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് മെമ്പർമാരായ വി.ഡി. രാജൻ, പി.പി. സനകൻ, യൂത്ത് മൂവ്മെന്റ് ഇൻചാർജ്ജ് കെ.കെ. മോഹനൻ, പ്രസിഡന്റ് അമ്പാടി ചെങ്ങമനാട്, സെക്രട്ടറി അനിത്ത് മുപ്പത്തടം, സജീവൻ ഇടച്ചിറ, നിബിൻ നൊച്ചിമ, ലത ഗോപാലകൃഷ്ണൻ, ബിന്ദു രതീഷ്, വൈഷ്ണവി ബൈജു എന്നിവർ സംസാരിച്ചു. തുടർന്ന് കെ.ജി. ശ്രീജിത്തും ഉച്ചയ്ക്ക് ശേഷം അഡ്വ. രാജൻ മഞ്ചേരിയും ക്ലാസെടുത്തു.