news

1. അമ്പൂരി കൊലപാതക കേസിലെ രണ്ടാം പ്രതി രാഹുലിനെ ഓഗസ്റ്റ് ഒമ്പത് വരെ റിമാന്റ് ചെയ്തു. നെയ്യാറ്റിന്‍കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. കൊലപാതകത്തിന് പിന്നില്‍ കുറ്റകരമായ ഗൂഡാലോചന നടന്നു എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചത് അഖില്‍ വാട്സ് ആപ്പിലൂടെ ആണ് രാഖിയെ അറിയിച്ചത്. മറ്റൊരു വിവാഹം ചെയ്താല്‍ സമൂഹ മാദ്ധ്യമങ്ങള്‍ വഴി അഖിലിന് എതിരെ പ്രചാരണം നടത്തും എന്ന് രാഖി ഭീഷണിപ്പെടുത്തി. പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തത് ഇതേ തുടര്‍ന്ന് എന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.
2. ആദ്യം കഴുത്ത് ഞെരിച്ചത് രണ്ടാം പ്രതി രാഹുല്‍. തുടര്‍ന്ന് അവശയായ രാഖിയെ അഖില്‍ പ്ലാസ്റ്റിക് കയര്‍ കൊണ്ട് കഴുത്ത് വരിഞ്ഞു മുറുക്കി. രാഖി കൊല്ലപ്പെട്ടതോടെ നേരത്തെ തയ്യാറാക്കി വച്ച കുഴിയില്‍ മൃതദേഹം മറവു ചെയ്‌തെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അഖിലിനെ സംഭവ സ്ഥലത്ത് തെളിവെടുപ്പിനായി എത്തിക്കും എന്ന് പൊലീസ് വ്യക്തമാക്കി.അതേസമയം, രാഖിയെ താന്‍ വിവാഹം ചെയ്തിരുന്നു എന്ന് അഖില്‍ മൊഴി നല്‍കി. കൊച്ചിയില്‍ വച്ചായിരുന്നു വിവാഹം. വിവാഹം നടന്നത് രാഖിയുടെ നിര്‍ബന്ധ പ്രകാരം. മറ്റൊരു വിവാഹം ഉറപ്പിച്ചതിന് ശേഷം ആയിരുന്നു ഇത്. നേരത്തെ നിശ്ചയിച്ചിരുന്ന വിവാഹത്തില്‍ നിന്ന് പിന്മാറാത്തതില്‍ ആയിരുന്നു രാഖി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
3. മറ്റൊരു വിവാഹം കഴിച്ചാല്‍ സൈ്വര്യമായി ജീവിക്കാന്‍ അനുവദിക്കില്ല എന്നും ഭീഷണിപ്പെടുത്തി. ഇക്കാര്യം പറഞ്ഞ് നിരന്തരം ശല്യം ചെയ്തിരുന്നു എന്നും അഖിലിന്റെ മൊഴി. ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കണം എന്ന് രാഖിയോട് താന്‍ ആവശ്യപ്പെട്ടു. എതിര്‍ത്തപ്പോള്‍ രാഖിയെ കഴുത്ത് ഞെരിച്ച് കൊന്നും എന്നും അഖില്‍. കൊലപാതകത്തിന് ശേഷം താന്‍ കാശ്മീരിലേക്ക് പോയി. തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികള്‍ രാഖിയുടെ വസ്ത്രങ്ങളും ബാഗും പലയിടങ്ങളില്‍ ഉപേക്ഷിച്ചു. മൃതദേഹം മറവ് ചെയ്യാന്‍ അച്ഛന്‍ സഹായിച്ചു. എന്നാല്‍ അച്ഛന് കൊലപാതകത്തില്‍ പങ്കില്ല. എല്ലാത്തിനും കൂട്ടു നിന്നത് സഹോദരന്‍ രാഹുല്‍ എന്നും അഖില്‍ പൊലീസിന് മൊഴി നല്‍കി.
4. മുത്തലാഖ് നിരോധന ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് പിന്തുണയുമായി ബിജു ജനതാദള്‍ രംഗത്ത് . ബിജു ജനതാദള്‍ ബില്ലിന് അനുകൂലമായി വോട്ടു ചെയ്യാന്‍ തീരുമാനിച്ചു. അണ്ണാ ഡി.എം.കെ.യെ ഒപ്പം നിറുത്താന്‍ പ്രധാനമന്ത്രി നേരിട്ട് ശ്രമം തുടങ്ങി. മുത്തലാഖ് നിരോധന ബില്ലിന് എതിരെ ലോക്സഭയില്‍ വോട്ട് ചെയ്തത് ആകെ ഏട്ടു പേര്‍. ബില്ലിനെ അനുകൂലിച്ചത് 303 പേര്‍.


5. മുന്‍പ് രണ്ട് തവണ ബില്‍ രാജ്യസഭയില്‍ പാസ്സാക്കാനുളള നീക്കം പ്രതിപക്ഷം ചെറുത്തിരുന്നു . എന്നാല്‍ ഇപ്രാവശ്യം രാജ്യസഭയിലും ബില്ലിനെ അനുകൂലിക്കാന്‍ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് എം.പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിലവില്‍, ബി.ജെ.ഡി.യുടെ പിന്തുണ മുത്തലാഖ് ബില്‍ പാസ്സാക്കാന്‍ സര്‍ക്കാരിനെ സഹായിച്ചേക്കും. മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസ്സായാല്‍ ബി.ജെ.പിക്ക് അത് വലിയ രാഷ്ട്രീയ വിജയമാകും.
6. ജമ്മു കശ്മീരില്‍ അധികം അര്‍ധ സൈനികരെ വിന്യസിപ്പിക്കാന്‍ തീരുമാനിച്ചത് ഭീകരാക്രമണ മുന്നറിയിപ്പിന്റെ ഭാഗമായി എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയങ്ങള്‍. വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് വന്നത്, ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ വകുപ്പുകള്‍ എടുത്ത് കളയുന്നതിന് മുന്നോടി ആയാണ് സൈനിക വിന്യാസമെന്ന് വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍. ജമ്മു കശ്മീരില്‍ നിലവില്‍ വിന്യസിച്ചിരിക്കുന്നത്, 10,000 സൈനികരെ. അമര്‍നാഥ് തീര്‍ഥാടനം പരിഗണിച്ച് 40,000 സൈനികരെ ഒരുമാസം മുമ്പ് വിന്യസിച്ചിരുന്നു.
7. അതേസമയം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാന ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം, ജമ്മു കാശ്മീരിന്റെ പ്രത്യേക പദവികള്‍ എടുത്തു കളഞ്ഞാല്‍ സംസ്ഥാനത്ത് ഒരുക്കേണ്ട സുരക്ഷാ സന്നാഹത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എന്നും റിപ്പോര്‍ട്ടുകള്‍. സൈനിക വിന്യാസത്തിന് പിന്നാലെ ബാരാമുള്ളയിലെ നാലിടങ്ങളില്‍ എന്‍.ഐ.എ റെയ്ഡും നടന്നു. തീവ്രവാദികള്‍ക്ക് അതിര്‍ത്തിയ്ക്ക് അപ്പുറത്ത് നിന്ന് സഹായം നല്‍കി എന്ന് സംശയിക്കുന്നവരുടെ വീടുകളില്‍ ആണ് പരിശോധന നടന്നത്.
8. കര്‍ണാടകത്തില്‍ 14 വിമത എം.എല്‍.എമാരെ കൂടി അയോഗ്യരാക്കി സ്പീക്കറിന്റെ പ്രഖ്യാപനം. ഇന്ന് അയോഗ്യര്‍ ആക്കിയത്, കോണ്‍ഗ്രസിലെ 11 പേരെയും ജെ.ഡി.എസിലെ മൂന്ന് പേരെയും. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനും വിപ്പ് ലംഘിച്ചതിനും ആണ് നടപടി. നേരത്തെ മൂന്ന് എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യര്‍ ആക്കിയിരുന്നു. ഇതോടെ എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന സഖ്യസര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് രാജി പ്രഖ്യാപിച്ച മുഴുവന്‍ വിമത എം.എല്‍.എമാരും അയോഗ്യരായി.
9. കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ നാളെ വിശ്വാസ വോട്ടെടുപ്പ് തേടാന്‍ ഇരിക്കെ ആണ് മുഴുവന്‍ എം.എല്‍.എമാരെയും അയോഗ്യര്‍ ആക്കിക്കൊണ്ടുള്ള സ്പീക്കറുടെ നടപടി. ശ്രീമന്ത് പാട്ടീല്‍, ബി. നാഗേന്ദ്ര, ബി.എസ്.പി അംഗം എന്‍. മഹേഷ് എന്നിവരുടെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. രാജി നല്‍കാതെ സഭയില്‍ നിന്ന് വിട്ട് നില്‍ക്കുന്നതിനാലാണ് തീരുമാനം ആകാത്തത്. വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറിന്റെ നടപടി സ്വാഗതം ചെയ്ത് സിദ്ധരാമയ്യ. ബി.ജെ.പിയുടെ കെണിയില്‍ വീഴുന്ന എം.എല്‍.എമാര്‍ക്കുള്ള മുന്നറിയിപ്പ് ആണ് ഇത് എന്നും സിദ്ധരാമയ്യയുടെ പ്രതികരണം.
10. നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ രാജ്കുമാറിന്റെ മൃതദേഹം നാളെ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണക്കുറിപ്പിന്റെ സാന്നിധ്യത്തില്‍ ആയിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍. കസ്റ്റഡി മരണത്തില്‍ റീ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് ജുഡീഷ്യല്‍ കമ്മിഷന്‍ സര്‍ക്കാരിന് കത്ത് അയച്ചിരുന്നു.