nia-

ശ്രീനഗർ: വടക്കൻ കാശ്മീരിലെ ബാരാമുള്ളയിൽ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ)​യുടെ വ്യാപക റെയ്ഡ്. ബാരാമുള്ളയിൽ അതിർത്തിവഴി അയൽരാജ്യങ്ങളിലേക്ക് വ്യാപാരം നടത്തുന്നവരുടെ വസതികൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. ഭീകരഗ്രൂപ്പുകൾക്കായി സാമ്പത്തിക സഹായം ലഭ്യമാക്കുന്ന സംഘങ്ങളെ അമർച്ച ചെയ്യുന്ന നീക്കങ്ങളുടെ ഭാഗമായാണ് മുക്കും മൂലയും പരതിയുള്ള റെയ്ഡ്. സംസ്ഥാന പൊലീസ് സേനയും സി.ആർ.പി.എഫ് സംഘവും എൻ.ഐ.എ ഉദ്യോഗസ്ഥർക്കൊപ്പം റെയ്ഡിൽ പങ്കെടുത്തു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ കാശ്മീരിലെ വിവിധയിടങ്ങളിലും സമാനമായ മിന്നൽ റെയ്ഡുകൾ നടന്നിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചാർജെടുത്തതിന് പിന്നാലെ, ജമ്മുകാശ്മീരിലെ അതിർത്തിയിൽ ഭീകരരെ സഹായിക്കുന്ന സംഘങ്ങളെ ഇല്ലാതാക്കാനുള്ള കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഭീകരരെ സഹായിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യംചെയ്യലിനായി കാശ്മീരിലെ വിഘടനവാദി നേതാവ് മസറത് അലമിനെ കഴിഞ്ഞമാസം ജമ്മുകാശ്മീരിലെ ജയിലിൽനിന്ന് ഡൽഹിയിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെ വസതികളിൽ റെയ്ഡ് നടത്തിയത്. അതേസമയം,​ റെയ്ഡിൽ സംശയാസ്പദമായി എന്തെങ്കിലും കണ്ടെത്തിയോ എന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.