ന്യൂഡൽഹി : ജമ്മു കാശ്മീരിൽ 10, 000 അർദ്ധസൈനികരെ വിന്യസിച്ചതിന് പിന്നിൽ ഭീകരാക്രമണ ഭീഷണിയെത്തുടർന്നെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനാ വകുപ്പുകൾ എടുത്തുകളയുന്നതിന് മുന്നോടിയായാണ് സൈനിക വിന്യാസമെന്ന് വിമർശനം ഉയർന്നതിന്തുടർന്നാണ് കേന്ദ്രസർക്കാർ വിശദീകരണവുമായി രംഗത്തെത്തിയത്. അർധസൈനികരുടെ 100 ട്രൂപ്പുകളായി 10,000 സൈനികരെയാണ് ഒറ്റയടിക്ക് ജമ്മു കാശ്മീരിൽ വിന്യസിച്ചിരിക്കുന്നത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവികൾ എടുത്തു കളഞ്ഞാൽ സംസ്ഥാനത്ത് ഒരുക്കേണ്ട സുരക്ഷാ സന്നാഹത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് യോഗമെന്നാണ് റിപ്പോർട്ടുകൾ.
സൈനിക വിന്യാസത്തിന് പിന്നാലെ ബാരാമുള്ളയിലെ നാലിടങ്ങളിൽ എൻ.ഐ.എ റെയ്‍ഡും നടന്നു. തീവ്രവാദികൾക്ക് അതിർത്തിയ്ക്ക് അപ്പുറത്ത് നിന്ന് സഹായം നൽകിയെന്ന് സംശയിക്കുന്നരുടെ വീടുകളിലായിരുന്നു പരിശോധന. അതിർത്തി കടന്ന് ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിന് ഫണ്ട് നൽകുന്നത് തടയുന്നതിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് എൻ.ഐ.എ വിശദീകരണം.