ലക്നൗ: ഭരണനിർവഹണത്തിൽ യാതൊരുവിധ മുൻപരിചയവും ഇല്ലാത്ത യോഗി ആദിത്യനാഥിനെ എന്തുകൊണ്ട് മുഖ്യമന്ത്രിയാക്കി എന്നതിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലക്‌നൗവിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് അമിത് ഷാ യോഗി ആദിത്യനാഥിനെ കുറിച്ച് പറഞ്ഞത്. യോഗിയുടെ കഴിവുകളിൽ തനിക്കും പ്രധാനമന്ത്രിക്കും വിശ്വാസമുണ്ടായിരുന്നെന്നും ബി.ജെ.പി അദ്ധ്യക്ഷൻ കൂടിയായ അമിത് ഷാ വ്യക്തമാക്കി.
യോഗി ആദിത്യനാഥ് ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയാകുമെന്ന് ആരും കരുതിയിരുന്നില്ല. ഒരു നഗരസഭയുടെ പോലും ഭരണം നിർവഹിച്ചിട്ടില്ലാത്ത, ഒരിക്കലും മന്ത്രിസ്ഥാനം വഹിച്ചിട്ടില്ലാത്ത, ഒരു സന്യാസി മാത്രമായ ആദിത്യനാഥിന് മുഖ്യമന്ത്രിപദം പോലെ ഉയർന്ന സ്ഥാനം നൽകരുതെന്ന് പലരും ഉപദേശിച്ചിരുന്നതായും അമിത് ഷാ പറഞ്ഞു. എന്നാൽ അദ്ദേഹത്തെ ഞങ്ങൾക്കറിയാമായിരുന്നു.
യു.പി സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ ആദിത്യനാഥ് ഏറ്റെടുക്കുകയും സ്വന്തം പ്രയത്നത്തിലൂടെ അത് പരിഹരിക്കുകയും ചെയ്തു. തന്റെ പരിചയക്കുറവ് അദ്ദേഹം നേരിടുന്നത് പ്രവൃത്തിയിലെ ധാർമികതകൊണ്ടാണ്. നിശ്ചദാർഢ്യമുള്ളവനും കഠിനാധ്വാനിയും ഏതു സാഹചര്യവുമായും ഇണങ്ങിച്ചേരുന്നയാളുമാണ് അദ്ദേഹമെന്ന് തനിക്കും മോദിക്കും അറിയാമായിരുന്നെന്നും അമിത് ഷാ പറഞ്ഞു. തങ്ങളുടെ തീരുമാനം ശരിയായിരുന്നെന്ന് തെളിയിക്കപ്പെട്ടെന്നും അമിത് ഷാ പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സദസിലിരുത്തിയായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രസംഗം.