കൊൽക്കത്ത : പോഷകാഹാര ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ചടങ്ങിനെത്തിയ ഗർഭിണിക്ക് ഭക്ഷണം നൽകാതെ പറഞ്ഞയച്ചതായി പരാതി. പശ്ചിമബംഗാളിലെ ശാന്തിപൂരിൽ ഗർഭിണികൾക്കും കുട്ടികൾക്കുമായി നടത്തിയ സർക്കാർ പരിപാടിക്കെതിരായാണ് ആരോപണം. ആഹാരമടങ്ങിയ ഭക്ഷണപാത്രത്തിന് മുന്നിലിരുത്തി ചിത്രമെടുത്ത ശേഷം ഭക്ഷണം എടുത്തുകൊണ്ടുപോയെന്നാണ് പരാതി.
ഒരേ പാത്രം വച്ച് പരിപാടിക്ക് എത്തിയ എല്ലാവരേക്കൊണ്ടും ഫോട്ടോ എടുക്കുകയായിരുന്നുവെന്നാണ് ഇരുപതുകാരിയായ മൗമിതാ ശാന്തുഖാൻ പരാതി നൽകിയിരിക്കുന്നത്. ചോറ്, പരിപ്പ്, പച്ചക്കറികൾ, മുട്ടക്കറി, മധുരം ഇവയടങ്ങിയ ഭക്ഷണപാത്രത്തിന് മുൻപിലിരുത്തി ചിത്രമെടുത്ത ശേഷം മാറിയിരിക്കാൻ നിർദ്ദേശിച്ചുവെന്നാണ് ആരോപണം.
ഭക്ഷണം കഴിക്കാൻ വിളിച്ചിരുത്തിയ ശേഷം എഴുന്നേറ്റ് മാറാൻ ആവശ്യപ്പെട്ടത് അങ്ങേയറ്റം അപമാനിക്കുന്ന അനുഭവമായിരുന്നെന്ന് മൗമിത പറയുന്നു. ചിത്രമെടുക്കാനുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ കാട്ടിക്കൂട്ടലായിരുന്നു പരിപാടിയെന്നും മൗമിത പറയുന്നു. പ്രദേശത്തെ ഇരുപതോളം ഗർഭിണികളെ ഉൾപ്പെടുത്തിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സംഭവത്തെക്കുറിച്ച് മൗമിതയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകി.
ചിത്രമെടുപ്പ് പൂർത്തിയായ ശേഷം പാർസലായി ഭക്ഷണം നൽകാൻ ഉദ്യോഗസ്ഥർ തയ്യാറായി. എന്നാൽ അപമാനം നേരിട്ടതിനാൽ വാങ്ങിയില്ലെന്ന് മൗമിത വ്യക്തമാക്കി. മൗമിതയുടെ പരാതിക്ക് പിന്നാലെ നിരവധിപേരാണ് പരാതിയുമായി എത്തിയത്.
വിദ്യാസാഗർ വിദ്യാപീഠ് മേഖലയിൽ ഐ.സി.ഡി.എസിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. അംഗൻവാടികളിൽ എല്ലാ മാസവും നാലാമത്തെ വെള്ളിയാഴ്ചയാണ് പരിപാടി നടത്തുന്നത്.
എന്നാൽ ഏഴുമാസം ഗര്‍ഭിണിയായ മൗമിതയ്ക്ക് ദഹനസംബന്ധിയായ അസൗകര്യമുണ്ടാകുമെന്ന് കരുതിയാണ് ഭക്ഷണം നൽകാതിരുന്നതെന്നും, ഭക്ഷണം വീട്ടിലേക്ക് കൊണ്ടുപോയിക്കഴിക്കാൻ സൗകര്യമൊരുക്കിയിരുന്നെന്നും ഐ.സി.ഡി.എസ് സംഘാടകർ പറഞ്ഞു. മൗമിതയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്