കൊച്ചി: കാണാൻ തന്നെ നല്ല ചന്തം. നീണ്ട്, ചുവന്ന്, മുതുകിൽ എഴുന്നു നിൽക്കുന്ന കൗതുകച്ചിറകുമായി ഒരു കുഞ്ഞ് സുന്ദരൻ മീൻ. നീളം നാല് ഇഞ്ച്. അക്വേറിയത്തിൽ വളർത്താമെന്നു വിചാരിച്ച് തപ്പിനടക്കേണ്ട- കിട്ടില്ല. ആൾ ഭൂഗർഭ ജീവിയാണ്. തിരുവല്ല സ്വദേശി അരുൺ വിശ്വനാഥിന്റെ വീട്ടിലെ കിണറ്റിൽ നീന്തിനടന്ന കക്ഷിയെ തിരിച്ചറിഞ്ഞത് നാഷണൽ ബ്യൂറോ ഒഫ് ഫിഷ് ജനറ്റിക്‌സ് റിസോഴ്സസിന്റെ (എൻ.ബി.എഫ്.ജി.ആർ) കൊച്ചി കേന്ദ്രത്തിലെ ഗവേഷകരാണ്.
ഭൂഗർഭ വരാൽ വിഭാഗത്തിൽപ്പെട്ട ഇവൻ ലോകത്തു തന്നെ ഇത്തരം രണ്ടാമത്തെ മത്സ്യമാണെന്ന് സെന്ററിലെ ഗവേഷകനായ രാഹുൽ ജി. കുമാർ പറഞ്ഞു. ശാസത്രീയ നാമം എനിഗ്‌മചന്ന മഹാബലി.
മലപ്പുറം ജില്ലയിൽ നിന്ന് രണ്ടു മാസം മുമ്പ് മറ്റൊരു വർഗത്തിൽപ്പെട്ട ഭൂഗർഭ മത്സ്യത്തെ കണ്ടെത്തിയിരുന്നു. ലോകത്ത്, ഭൂഗർഭ ജലാശയങ്ങളിൽ നിന്നു കണ്ടെത്തിയ 250 ഇനം മത്സ്യങ്ങളിൽ ഏഴെണ്ണം കേരളത്തിൽ നിന്നാണ്. ഇത്തരം മത്സ്യങ്ങൾ ഭൂഗർഭജലത്തിന്റെ ഗുണനിലവാരമാണ് വെളിപ്പെടുത്തുന്നതെന്നും, ഇവയെ സംരക്ഷിക്കേണ്ടത് ശുദ്ധജല ലഭ്യത നിലനിറുത്താൻ അനിവാര്യമാണെന്നും ഗവേഷകർ പറയുന്നു. ഭൂഗർഭ ജലാശലയങ്ങളിൽ ഇനിയും കണ്ടെത്തപ്പെടാത്ത ഇനം മത്സ്യങ്ങളുണ്ടാകാമെന്നാണ് ഗവേഷകരുടെ നിഗമനം.
മണ്ണിനടിയിലെ
മീൻജീവിതം
ഭൂമിയുടെ ഉള്ളറകളിൽ ശുദ്ധജലം നിറഞ്ഞ ഇടങ്ങളുണ്ട്. അവയിൽ മത്സ്യങ്ങളും ചെറിയ ജീവികളും വളരും. നീളവും വലിപ്പവും കുറഞ്ഞ മുഷി, കാരി, ബ്ളാഞ്ഞിൽ ഇനങ്ങളിൽപ്പെട്ട മത്സ്യങ്ങളാണ് അധികവും.
ഭൂമിക്കടിയിലെ പൊള്ളയായ ഭാഗങ്ങൾക്ക് പലയിടത്തേക്കും കൈവഴികളുണ്ടാകും. ഇവയിലൂടെ നീന്തിനടക്കുന്ന മത്സ്യങ്ങൾ ചിലപ്പോൾ ആഴമുള്ള കിണറുകളിലേക്ക് എത്തിച്ചേരും. തിരുവല്ലയിൽ കിണർ വറ്റിച്ചപ്പോഴാണ് പൊള്ളയായ ഭാഗത്തുനിന്ന് ഭൂഗർഭ മത്സ്യത്തെ കിട്ടിയത്.
രാഹുൽ ജി. നായർ
മത്സ്യ ഗവേഷകൻ