കൊച്ചി: കേന്ദ്ര ബഡ്‌ജറ്റിലെ ആഡംബര നികുതി നിർദേശത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യൻ മൂലധന വിപണിയിൽ നിന്ന് വിദേശ നിക്ഷേപം കൊഴിയുന്നു. ഈമാസം ഇതുവരെ നഷ്‌ടം 3,758.44 കോടി രൂപയാണ്. കടപ്പത്ര വിപണി ഈമാസം ഇതിനകം 10,624.15 കോടി രൂപ വിദേശ നിക്ഷേപം നേടിയെങ്കിലും ഓഹരി വിപണിയിൽ നിന്ന് 14,382.59 കോടി രൂപ പിൻവലിക്കപ്പെട്ടതോടെയാണ് നഷ്‌ടം 3,758.44 കോടി രൂപയായത്.

ഏറെ മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ മൂലധന വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ കൊഴിഞ്ഞുപോക്ക്. ജൂണിൽ 10,384 കോടി രൂപയും മേയിൽ 9,031 കോടി രൂപയും ലഭിച്ചിരുന്നു. 16,093 കോടി രൂപയാണ് ഏപ്രിലിൽ ലഭിച്ചത്. മാർച്ചിൽ നിക്ഷേപം 45,981 കോടി രൂപയായിരുന്നു. കോർപ്പറേറ്റ് കമ്പനികളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത പ്രവർത്തനഫലവും വാഹന വിപണിയിലെ മാന്ദ്യവും നിക്ഷേപകരെ ഓഹരി വിപണിയിൽ നിന്ന് അകറ്റുന്നുണ്ട്.