ramya-haridas

തിരുവനന്തപുരം: ആലത്തൂർ എം.പി രമ്യ ഹരിദാസ് വോട്ടർമാരെ കൊണ്ട് കാലുപിടിപ്പിക്കുന്നു എന്ന തരത്തിൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജ പ്രചരണം സജീവമായിരുന്നു. വലിയ ഒരു ആൾക്കൂട്ടത്തിന് നടുവിൽ നിൽക്കുന്ന രമ്യയുടെ കാല് പിടിക്കുന്ന സ്ത്രീകളെയാണ് വീഡിയോയിൽ കാണുന്നത്. വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് രമ്യ തന്നെക്കാളും പ്രായമുള്ള സ്ത്രീകളെ കൊണ്ട് കാലുപിടിപ്പിക്കുന്നത് എന്ന കുറിപ്പോടെയും വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടു.

എന്നാൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ മറ്റൊന്നാണ്. രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് പേജിലെ ലെെവ് വീഡിയോ ദൃശ്യങ്ങളാണിത്. തിരഞ്ഞെടുപ്പിലെ വിജയത്തിന് നന്ദി പറയാൻ എത്തിയപ്പോഴാണ് സംഭവം. വിജയിച്ചെത്തിയ എം.പിയെ തമിഴ് ജനങ്ങൾ ഏറെയുള്ള ഗ്രാമത്തിൽ അവരുടെ ആചാരപ്രകാരമാണ് സ്വീകരിച്ചത്. ആ വീഡിയോ സോഷ്യൽ മീഡിയയിൽ രമ്യക്കെതിരായ രീതിയിൽ പ്രചരിച്ചത്.

വോട്ടർമാരോട് വളരെ സ്നേഹത്തോടെ സംസാരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. തന്നെ വിജയിപ്പിച്ച് വോട്ടർമാരോട് രമ്യ പ്രസംഗത്തിലൂടെ നന്ദി പറയുന്നുണ്ട്. താലത്തിലുള്ള ചന്ദനം തൊട്ട് അതിലെ വെള്ളം കാൽച്ചുവട്ടിലൊഴിച്ചാണ് സ്ത്രീകൾ ആചാരപ്രകാരം രമ്യാ ഹരിദാസിനെ സ്വീകരിച്ചത്. വെള്ളം കാൽച്ചുവട്ടിലൊഴിക്കുന്ന വിഡിയോ പങ്കുവച്ച ശേഷം എം.പി സ്ത്രീകളെ കൊണ്ട് കാല് പിടിപ്പിച്ചു എന്ന തരത്തിലാണ് ചില പേജുകളിലൂടെ വീഡിയോ പ്രചരിപ്പിക്കുന്നത്.