കൊച്ചി: വൈറ്റില പാലം നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വി.കെ.ഷൈലാ മോളെയാണ് സസ്പെൻഡ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിന്റേതാണ് നടപടി. നേരത്തേ റിപ്പോർട്ട് ചോർന്നതിൽ മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചെന്ന് സൂചനകളുണ്ടായിരുന്നു.
പാലം നിർമാണത്തിന്റെ രണ്ടാം ഘട്ട പരിശോധനാ റിപ്പോർട്ടാണ് ഉദ്യോഗസ്ഥ നൽകിയിരുന്നത്. പാലം പണിയിൽ കാര്യമായ ക്രമക്കേട് നടന്നെന്നാണ് ഇവർ കണ്ടെത്തിയത്. എന്നാൽ സ്വതന്ത്ര ഏജൻസിയുടെ മൂന്നാംഘട്ട പരിശോധനയിൽ നിർമാണത്തിൽ കുഴപ്പമില്ലെന്നാണ് കണ്ടെത്തൽ. രണ്ടാം ഘട്ട റിപ്പോർട്ട് മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ കണ്ടെത്തൽ. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറായ ഉദ്യോഗസ്ഥ ചട്ടങ്ങൾ ലംഘിച്ച് ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഓഫ് വിജിലൻസിന് റിപ്പോർട്ട് നൽകിയത് ക്രമ വിരുദ്ധമാണെന്നും നടപടിയ്ക്ക് കാരണമായി പറയുന്നു. ഈ കാര്യങ്ങളുന്നയിച്ചാണ് ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അന്വേഷിച്ച ശേഷം, പാലം നിർമാണത്തിൽ ക്രമക്കേടുണ്ടോ എന്ന് സ്വതന്ത്രാന്വേഷണം നടത്തിയത് കോതമംഗലം മാർ അത്തനേഷ്യസ് കോളജ് ഓഫ് എൻജിനീയറിംഗിലെ വിദഗ്‍ധരാണ്. പാലാരിവട്ടം പാലത്തിന് പിറകെ വൈറ്റില മേൽപ്പാലത്തിന്റെ നിർമ്മാണത്തിലും നിലവാരക്കുറവുണ്ടെന്ന ആരോപണം പൊതുമരാമത്ത് വകുപ്പിനെ പ്രതിരോധത്തിലാക്കിയിരുന്നു. നിർമ്മാണത്തിൽ ഉദ്യോഗസ്ഥരും കരാറുകാരനും വീഴ്ച വരുത്തിയെന്നാണ് പൊതുമരാമത്ത് വകുപ്പ് വിജിലൻസിന്റെ കണ്ടെത്തൽ
അതേസമയം നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തേണ്ട ക്വാളിറ്റി കൺട്രോൾ വിഭാഗം പാലം നിർമ്മാണത്തിൽ എന്തെങ്കിലും തകരാറുള്ളതായി ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ ഓഫീസ് അറിയിച്ചു.