ഹൈദരാബാദ്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എസ്. ജയ്പാൽ റെഡ്ഡി അന്തരിച്ചു. 77 വയസായിരുന്നു. ഇന്നലെ പുലർച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായിരുന്ന അദ്ദേഹം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. തെലങ്കാനയിലെ നൽഗോണ്ടയിൽ ജനിച്ച ജയ്പാൽ റെഡ്ഡി ഒസ്മാനിയ സർവകലാശാലയിലെ വിദ്യാർത്ഥി നേതാവായാണ് രാഷ്ട്രീയത്തിലെത്തിയത്. നാലുതവണ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യകാലത്ത് കോൺഗ്രസ് അംഗമായിരുന്ന അദ്ദേഹം അടിയന്തരാവസ്ഥ കാലത്ത് ജനതാ പാർട്ടിയിൽ ചേർന്നു. 1980ൽ ഇന്ദിരാഗാന്ധിക്കെതിരെ മേദക് മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1985 മുതൽ 1988 വരെ ജനതാ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് കോൺഗ്രസിലെത്തി. അഞ്ചുതവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1990 മുതൽ 96 വരെയും 1997 മുതൽ 1998 വരെയും രാജ്യസഭാംഗമായി.
ഐ.കെ. ഗുജ്റാൾ മന്ത്രിസഭയിലും ഒന്നും, രണ്ടും യു.പി.എ സർക്കാരുകളിലും കേന്ദ്രമന്ത്രിയായിരുന്നു. വാർത്താവിതരണം, പെട്രോളിയം, ശാസ്ത്രസാങ്കേതികം, നഗരവികസനം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ചു.