kanam-

ആലപ്പുഴ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്ററൊട്ടിച്ചതിന് അറസ്റ്റിലായ എ.ഐ.വൈ.എഫ്, കിസാൻ സഭ നേതാക്കൾക്ക് ജാമ്യം നിന്നതും സി.പി.ഐ നേതാവ് തന്നെ. സി.പി.ഐയുടെ മുൻ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയും കാനം പക്ഷക്കാരനുമായ കെ.എഫ്. ലാൽജിയാണ് പ്രതികൾക്ക് ജാമ്യം നിന്നത്.

നിലവിൽ അമ്പലപ്പുഴ മണ്ഡലം സെക്രട്ടേറിയറ്റ് അംഗമാണ് കെ.എഫ്. ലാൽജി. വിഷയം പാർട്ടി പ്രത്യേകം അന്വേഷിക്കും, ഇക്കാര്യത്തിൽ നാളെ തീരുമാനമുണ്ടായേക്കും. നാളെ ജില്ലാ നേതൃയോഗങ്ങൾ ചേരുന്നുണ്ട്, ഇന്നും ഇന്നലെയും നടന്ന മണ്ഡലം ക്യാമ്പുകളിലും പാർട്ടി അന്വേഷണം എന്ന ആവശ്യം ഉയർന്നിരുന്നു.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്ററൊട്ടിച്ച എ.ഐ.വൈ.എഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു, കിസാൻ സഭ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ എന്നിവരെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.

സി.പി.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന്റെ മതിലിലാണ് കാനത്തിനെതിരെയുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ജയേഷ്, ഷിജു, കൃഷ്ണകുമാർ എന്നിവരാണ് പോസ്റ്റർ ഒട്ടിച്ചതെന്ന് സി.സി.ടിവി പരിശോധനയിലൂടെയാണ് പൊലീസ് കണ്ടെത്തിയത്. അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഗൂഢാലോചന നടത്തി എന്ന കുറ്റമാണ് പൊലീസ് ഇവർക്കെതിരെ ചുമത്തിയത്.