ന്യൂഡൽഹി: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സമാജ് വാദി പാർട്ടി എം.പി അസംഖാനെ പിന്തുണച്ച് ബീഹാർ മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവം മോർച്ച നേതാവുമായ ജിതൻ റാം മാഞ്ചി. "സഹോദരനും സഹോദരിയും കാണുമ്പോൾ പരസ്പരം ചുംബിച്ചാൽ അത് ലൈംഗികത ആകുമോ? അമ്മ മകനെ ചുംബിച്ചാലും മകൻ അമ്മയെ ചുംബിച്ചാലും അത് ലൈംഗികത ആകുമോ? അസംഖാൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചതാണ്. അതുകൊണ്ട് അദ്ദേഹം ക്ഷമായാചനം നടത്തണം, പക്ഷേ രാജിവയ്ക്കേണ്ട കാര്യമില്ല" - ജിതൻ റാം മാഞ്ചി പറഞ്ഞു.
ലോക്സഭയിൽ സ്പീക്കർ കസേരയിൽ ഉണ്ടായിരുന്ന ബി.ജെ.പി എം.പി രമാദേവിക്കെതിരെ ആയിരുന്നു അസംഖാന്റെ അശ്ലീല പരാമർശം. അസംഖാനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സഭയ്ക്കകത്തും പുറത്തും ഏറെ പ്രതിഷേധമുണ്ടായിരുന്നു. എന്നാൽ, അസംഖാനെ പിന്തുണച്ച് എസ്.പി അദ്ധ്യക്ഷൻ അഖിലേഷ് യാദവും രംഗത്തെത്തിയിരുന്നു. പരാമർശത്തിൽ മാപ്പ് പറയണമെന്ന് സ്പീക്കർ ഓംബിർള ആവശ്യപ്പെട്ടിരുന്നു. അതേസമയം, മാപ്പ് പറഞ്ഞാലും താൻ ക്ഷമിക്കില്ലെന്ന് രമാദേവിയും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എസ്.പി നേതാവായ എസ്.ടി. ഹസനും അസംഖാന് പിന്തുണയുമായി എത്തി.