jitan-ram-manjhi

ന്യൂഡൽഹി: ബി.ജെ.പി എം.പി രമാ ദേവിക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ സമാജ് വാദി പാർട്ടി എം.പി അസംഖാനെ പിന്തുണച്ച് ഹിന്ദുസ്ഥാനി അവം മോർച്ച നേതാവും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ജിതൻ റാം മഞ്ജി രംഗത്ത്. അസംഖാനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിനാണ് എം.പിയെ പിന്തുണക്കുന്ന പ്രസ്താവനയുമായി ജിതൻ റാം മഞ്ജി എത്തിയത്.

സഹോദരനും സഹോദരിയും കണ്ടുമുട്ടുമ്പോർ അവർ പരസ്പരം ചുംബിച്ചാൽ അത് ലൈംഗികതയാകുമോ? ഒരു അമ്മ തന്റെ മകനെ ചുംബിച്ചാൽ അത് ലൈംഗികതയാകുമോ? ഇതാണോ ലൈംഗികത? അസംഖാന്റെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. അതുകൊണ്ട് അദ്ദേഹം ക്ഷമാപണം നടത്തിയാൽ മതി. രാജിവെക്കേണ്ട കാര്യമില്ലെന്നും ജിതൻ റാം മഞ്ജി പറഞ്ഞു.

അതേസമയം സമാജ് വാദി പാര്‍ട്ടി നേതാവ് എസ്. ടി. ഹസ്സനും അസംഖാനെ പിന്തുണച്ചു. ലോക്‌സഭ സമ്മേളനത്തിൽ മുത്തലാഖ് ബില്ലിന്മേൽ നടന്ന ചർച്ചയ്ക്കിടെയാണ് സമാജ് വാദി പാർട്ടി എം.പി. അസംഖാൻ രമാദേവിക്കെതിരേ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. എന്നാൽ താൻ തെറ്റായി ഒന്നും പറഞ്ഞില്ലെന്നാണ് അസംഖാന്റെ വാദം. തുടർന്ന് സംഭവം വിവാദമാവുകയായിരുന്നു. ബി.ജെ.പി എംപിമാർ ഒന്നടക്കം അസംഖാനെതിരെ പ്രതിഷേധിച്ചെങ്കിലും അദ്ദേഹം മാപ്പ് പറയാൻ തയ്യാറായില്ല.