life-mission

കല്പറ്റ: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സമ്പൂർണ പാർപ്പിട സുരക്ഷാപദ്ധതിയായ ലൈഫ് മിഷൻ പദ്ധതിയിൽപ്പെടുത്തി വയനാട്ടിൽ പൂർത്തിയാക്കിയത് 9081 വീടുകൾ. ആദ്യഘട്ടത്തിൽ 8060 വീടുകളും രണ്ടാംഘട്ടത്തിൽ 863 വീടുകളും റീബിൽഡ് കേരളയുടെ ഭാഗമായി 158 വീടുകളുമാണ് നിർമ്മാണം പൂർത്തിയാക്കിയത്. ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത 91 ശതമാനം വീടുകളുടെയും നിർമ്മാണം പൂർത്തിയായി.

അവശേഷിക്കുന്ന 800 വീടുകളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്.

ആദ്യഘട്ടത്തിൽ 8861 ഗുണഭോക്താക്കളെയാണ് കണ്ടെത്തിയത്. ഇതിൽ 8060 വീടുകളാണ് പൂർത്തിയായത്. ഈ ഗുണഭോക്താക്കളിൽ 6430 കുടുംബങ്ങളും ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. ഇതിൽ 5770 വീടുകളുടെ നിർമാണം പൂർത്തിയായി.

2019 മാർച്ചിനുശേഷം തുടങ്ങിയ രണ്ടാംഘട്ടത്തിൽ അർഹരെന്ന് കണ്ടെത്തി എഗ്രിമെന്റ് വെച്ച 3855 ഗുണഭോക്താക്കളിൽ 863 പേർക്കുള്ള വീടുകളുടെ നിർമ്മാണമാണ് പൂർത്തിയായത്. രണ്ടാംഘട്ടത്തിൽ എഗ്രിമെന്റ് വെച്ച 484 ആദിവാസി ഗുണഭോക്താക്കളിൽ 54 ഭവനങ്ങളുടെ നിർമ്മാണം പൂർത്തിയായി. 420 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ ആദിവാസി വിഭാഗത്തിന് 6,00,000 രൂപയും ജനറൽ വിഭാഗത്തിൽ 4,00,000 രൂപയുമാണ് വകയിരുത്തിയത്.

മൂന്നാംഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരെയും നാലാംഘട്ടത്തിൽ ജീർണാവസ്ഥയിലുള്ള വീടുകളുടെ പുനരുദ്ധാരണവുമാണ് ലൈഫ് മിഷനിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. മൂന്നാംഘട്ടത്തിൽ ജില്ലയിൽ നിന്നും സർവേയിലൂടെ 7655 ഗുണഭോക്താക്കളെ കണ്ടെത്തിയിട്ടുണ്ട്. ഓഗസ്റ്റോടുകൂടി ഗുണഭോക്താക്കളുടെ പട്ടിക സൂക്ഷ്മപരിശോധന നടത്തി അനർഹരെ ഒഴിവാക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്.