പഴമക്കാരുടെ വേദനസംഹാരികളിലും രോഗപ്രതിരോധ മാർഗങ്ങളിലും പ്രധാന സ്ഥാനമുണ്ടായിരുന്നു പുളിയിലയ്ക്ക്. വാളൻപുളിയുടെ രോഗപ്രതിരോധ- രോഗശമന ശേഷിക്ക് തുല്യമാണ് ഇതിന്റെ ഇലയിലുള്ള ഔഷധഗുണവും. ഇതിലുള്ള ടാനിൻ എന്ന ഘടകത്തിന് അമിതവണ്ണം കുറയ്ക്കാനും ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അത്ഭുതശേഷിയുണ്ട്.
പുളിയില ഇട്ട് തിളപ്പിച്ച വെള്ളം തൊണ്ടവേദന, ചുമ, ജലദോഷം എന്നിവ ശമിപ്പിക്കാൻ വളരെ നല്ലതാണ്. പുളിയില പ്രമേഹരോഗികൾക്കും മികച്ച ഔഷധമാണ്. ഇത് ശരീരത്തിലെ ഗ്ളൂക്കോസ് നില താഴ്ത്തും. പുളിയില വെള്ളം കുടിക്കുന്നത് ആർത്തവസംബന്ധമായ വേദനകൾ പരിഹരിക്കാനും സഹായകമാണ്.
വാതസംബന്ധമായത് ഉൾപ്പടെ ശരീരവേദനകൾ ശമിക്കാൻ പുളിയിലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ മതി. വേദനയുള്ള ശരീരഭാഗങ്ങളിൽ പുളിയില അരച്ചിടുന്നതും ഗുണം ചെയ്യും. പലതരം അലർജികളെ പ്രതിരോധിക്കാനും ഇതിന് കഴിവുണ്ട്.