അമ്പൂരി: അഖിൽ വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിക്ക് രാഖിമോൾ വാട്സാപ്പ് സന്ദേശം അയച്ചിരുന്നുവെന്നും പെൺകുട്ടിയുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്നും അതിനാലാണ് രാഖിയെ അഖിൽ കൊലപ്പെടുത്തിയെന്നും വിവരം. കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ വിവരണങ്ങളും അഖിൽ തുറന്ന് സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോടൊപ്പമുള്ള ചിത്രം അഖിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് അഖിലും രാഖിയും തമ്മിൽ പ്രശ്നനങ്ങൾ ഉടലെടുക്കുന്നത്.
കഴിഞ്ഞ ഒരു വർഷമായി ഈ പെൺകുട്ടിയുമായി അഖിൽ അടുപ്പത്തിലായിരുന്നു. പെൺകുട്ടിയുമായുള്ള വിവാഹത്തിൽ നിന്നും പിന്മാറണമെന്നും തന്നെ വിവാഹം ചെയ്യണമെന്നും രാഖി അഖിലിനോട് ആവശ്യപെട്ടിരുന്നു. ഒരു വേള, അഖിലുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറാൻ രാഖി ആലോചിച്ചിരുന്നുവെങ്കിലും പിന്നീടും തന്നെ വിവാഹം കഴിക്കാൻ രാഖി ആവശ്യപ്പെട്ടു. അഖിലിനെ വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയുടെ വാട്സാപ്പ് നമ്പർ കണ്ടെത്തിയ ശേഷം രാഖി ഈ പെൺകുട്ടിയുമായി ബന്ധപ്പെടുകയും തനിക്ക് അഖിലുമായുള്ള എല്ലാതരത്തിലുമുള്ള ബന്ധത്തെക്കുറിച്ചും പെൺകുട്ടിയെ അറിയിക്കുകയും ഈ വിവാഹത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തു.
മാത്രമല്ല ഈ പെൺകുട്ടി പഠിക്കുന്ന സ്ഥാപനത്തിൽ ചെന്ന് നേരിട്ട് കാണുവാനും രാഖി ശ്രമിച്ചു. ഇങ്ങനെ ആഡംബരത്തോടെ നടത്താനിരുന്ന വിവാഹം മുടങ്ങുമെന്ന അവസ്ഥയിൽ എത്തിയതോടെയാണ് രാഖിയെ കൊലപ്പെടുത്താൻ അഖിലും സഹോദരൻ രാഹുലും കൂടി തീരുമാനിച്ചത്. ഒരു മാസം നീണ്ട ഗൂഢാലോചനയ്ക്ക് ശേഷമാണ് ഇവർ രാഖിമോളെ വകവരുത്തിയത്. വ്യക്തമായ ഗൂഢാലോചനയ്ക്ക് ശേഷമാണ് കൊലപാതകം നടന്നതെന്നും മൃതദേഹം മറവ് ചെയ്യുകയും ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. അഖിലിനെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് പൊലീസ് വൈകാതെ തെളിവെടുപ്പ് നടത്തും.
അമ്പൂരിയിൽ രാഖിമോളെ കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ കേസിലെ ഒന്നാം പ്രതിയും രാഖിയുടെ കാമുകനുമായ അഖിൽ ഇന്നലെ രാത്രിയാണ് പൊലീസ് പിടിയിലായത്. ഡൽഹിയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ രാത്രി 8.15ന് തിരുവനന്തപുരത്ത് വന്നിറങ്ങിയ അഖിലിനെ ഇവിടെ കാത്തുനിൽക്കുകയായിരുന്ന പൂവാർ പൊലീസ് പിടികൂടുകയായിരുന്നു. ഡൽഹിയിൽ സൈനികനാണ് അഖിൽ.