ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം രാഹുൽ ഗാന്ധി രാജിവച്ചതിനു ശേഷം നേതൃത്വം സംബന്ധിച്ച അവ്യക്തത കോൺഗ്രസ് പാർട്ടിയെ ബാധിക്കുന്നുണ്ടെന്ന് ശശിതരൂർ എം.പിയുടെ വിമർശനം. കോൺഗ്രസ് നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്. പാർട്ടി അദ്ധ്യക്ഷനെ കണ്ടെത്താനാവാത്തതിൽ കടുത്ത നിരാശയുണ്ട്. ജനാധിപത്യ രീതിയിൽ പാർട്ടിയിൽ തിരഞ്ഞെടുപ്പ് നടക്കണം. പ്രിയങ്ക ഗാന്ധി അദ്ധ്യക്ഷസ്ഥാനത്തേക്ക് വന്നാൽ നല്ലത്. ഗാന്ധി കുടുംബത്തിന് താൻ എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തക സമിതി അംഗത്വം ഉൾപ്പടെയുള്ള പ്രധാന പദവികളിലേക്ക് തിരഞ്ഞെടുപ്പ് വേണമെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ തരൂർ കൂട്ടിച്ചേർത്തു.
നിർണായക ഘട്ടങ്ങളിൽ നേതൃത്വത്തിലെ അവ്യക്തത പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും ബാധിക്കുന്നുണ്ട്. നിർണായക തീരുമാനങ്ങളെടുക്കാനും പാർട്ടിയെ നയിക്കാനുമുള്ള നേതാവിന്റെ അഭാവം പ്രകടമാണ്. ഇനിയും പാർട്ടിയിൽ തുടരുന്നത് എന്തിനാണെന്ന് നേതാക്കൾക്ക് തോന്നരുത്. പ്രവർത്തകസമിതി ഇതു ഗൗരവമായിക്കണ്ട്, വൈകാതെ പരിഹാരം കാണുമെന്ന് തരൂർ പ്രതീക്ഷ പ്രകടിപ്പിച്ചു. കോൺഗ്രസിനെ നയിക്കാൻ യുവനേതാവ് വേണമെന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർസിംഗിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. പുതിയ അദ്ധ്യക്ഷന് സംഘടനാശേഷിയും വോട്ടർമാരെ ആകർഷിക്കാനുള്ള കഴിവും വേണം. അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പുണ്ടായാൽ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും തരൂർ പറഞ്ഞു. ഒരുപക്ഷേ ഗാന്ധി കുടുംബത്തിൽ നിന്ന് അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാൻ ആയില്ലെങ്കിൽ പുറത്തുനിന്നുള്ള ഒരാളെ സ്ഥാനം ഏൽപ്പിക്കണം. പാർട്ടിയുടെ വാതിലുകൾ തുറന്നിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ താൻ കോൺഗ്രസിന്റെ അദ്ധ്യക്ഷനാകാനില്ലെന്നും വർക്കിംഗ് കമ്മിറ്റിയിൽ പ്രവർത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ ദുഖമുണ്ട്. ഇക്കാര്യം ആർക്കും തുറന്ന് പറയാൻ ധൈര്യവുമില്ല. എന്നാൽ തനിക്ക് ഇക്കാര്യം പറയാതിരിക്കാൻ ആവില്ലെന്നും തരൂർ പറഞ്ഞു.