red-99

''ആരാ അവിടെ.... ആരാണെന്നാ ചോദിച്ചത്..."

പ്രജീഷിന്റെ ശബ്ദം വിറച്ചു.

മറുപടിയില്ല.

പകരം ഉൾവരാന്തയിലൂടെ ആരോ നടന്നുപോകുന്ന ശബ്ദം.

പ്രജീഷ് തിരിഞ്ഞു.

തറയിൽ വാടിയ വാഴപ്പിണ്ടി കണക്കെ ചലനമറ്റു കിടക്കുന്ന ചന്ദ്രകലയെ കുലുക്കി വിളിച്ചു:

''കലേ... എഴുന്നേൽക്കെടീ. കണ്ണുതുറക്ക്. ഇത് ഞാനാ... പ്രജീഷ്."

അവൾക്ക് അനക്കമില്ല.

പ്രജീഷ് കൂടുതൽ ഭയന്നു.

സൂസന്റെ മുറിയിലും ഇങ്ങനെയായിരുന്നു. അവൾ മരിച്ചുകിടക്കുമ്പോഴാണ് ഇതുപോലെ തന്നെ മുറിയിലിട്ടു പൂട്ടിയത്!

അയാൾ വേഗം അവളുടെ മൂക്കിനു മീതെ കൈവച്ചുനോക്കി.

വളരെ ദുർബലമായി ശ്വസിക്കുന്നുണ്ട്. അത് അപകടമാണെന്ന് അയാൾ തിരിച്ചറിഞ്ഞു.

മുഖത്ത് കുറച്ചു വെള്ളം തളിച്ചു നോക്കാം.

പ്രജീഷിന്റെ കണ്ണുകൾ വട്ടമുഴിഞ്ഞു.

ജഗ്ഗ് കണ്ടു.

വേഗം അതെടുത്തു.

പക്ഷേ അതിനുള്ളിൽ ഒരു തുള്ളി വെള്ളം പോലുമില്ല.

ഒരാവേശത്തോടെ അയാൾ വാതിലിനു നേർക്കു പാഞ്ഞു. അതിൽ പിടിച്ചു ശക്തമായി വലിച്ചു. പ്രയോജനമില്ല.

സമയം കഴിയും തോറും അപകടമാണെന്ന് പ്രജീഷിന്റെ മനസ്സു പിറുപിറുത്തു.

ഒരു നിമിഷം ചിന്തിച്ചിട്ട് അയാൾ എം.എൽ.എ ശ്രീനിവാസ കിടാവിനെ വിളിച്ചു.

ഫോൺ സ്വിച്ചോഫ്!

പ്രജീഷ്, സി.ഐ ഋഷികേശിനെ വിളിച്ചു. പെട്ടെന്നു തന്നെ അയാളെ കിട്ടി.

പ്രജീഷ് വിവരം പറഞ്ഞു.

''സോറി പ്രജീഷേ...." ഋഷികേശിന്റെ ശബ്ദം. ''മുൻപിൻ നോക്കാതെ നിങ്ങളുടെയൊക്കെ കാര്യത്തിൽ ഇടപെട്ടതുകൊണ്ട് എനിക്കുണ്ടായ നഷ്ടം ഒരിക്കലും മറക്കാൻ പറ്റാത്തതാ... എന്റെ കുഞ്ഞു പോയി... ഇനി ഏത് നിമിഷവും എന്റെ തൊപ്പിയും തെറിച്ചേക്കും. അതുകൊണ്ട് ആം സോറി."

മറ്റൊന്നും പറയാതെ ഋഷികേശ് കാൾ മുറിച്ചു.

കത്തുന്ന ചിതയ്ക്കുള്ളിൽ എന്നവണ്ണം പ്രജീഷ് ചുട്ടുപഴുത്തു. ചന്ദ്രകലയ്ക്കു വല്ലതും സംഭവിച്ചാൽ... തന്നെ ഈ മുറിയിൽ നിന്നു പോലീസ് പിടിച്ചാൽ..

ഓർത്തപ്പോൾത്തന്നെ അയാൾക്കു തല കറങ്ങി.

വീണ്ടും വീണ്ടും ചന്ദ്രകലയെ ഉണർത്താൻ ശ്രമിച്ചു.

കഴിഞ്ഞില്ല!

വാസ്തവത്തിൽ അല്പം ജലത്തിന്റെ പ്രാധാന്യം അയാൾ തിരിച്ചറിയുന്നത് ഇപ്പോഴാണ്.

കോവിലകത്തെ കിണർ ഒരിക്കലും വറ്റില്ല. ഏത് വറവുകാലത്തും. ടാങ്കിലും നിറച്ചു വെള്ളമുണ്ട്. പക്ഷേ...

ഒരത്യാവശ്യത്തിന്...!

പ്രാണവായു പോലെ തന്നെയാണ് ജലവും...

അസ്വസ്ഥനായി അയാൾ മുറിയിൽ അങ്ങിങ്ങോടി.

ജനാല തുറന്നു നോക്കി.

മഴയും കാറ്റും ഉണ്ടായിരുന്നെങ്കിൽ... കാറ്റിൽ ജലകണികകളെങ്കിലും അകത്തേക്ക് അടിച്ചുകയറി വന്നേനെ...

ജീവിതത്തിൽ ആദ്യമായി പ്രജീഷ് ഈശ്വരനെ വിളിച്ചു.

പെട്ടെന്ന് അയാളുടെ മനസ്സിൽ ആഢ്യൻപാറ തെളിഞ്ഞു.

പാറകളിലൂടെ താഴേക്ക് കുത്തിമറിഞ്ഞൊഴുകുന്ന ജലം...

അവിടെ തീപിടിച്ച് ഒരു മനുഷ്യരൂപം... പാഞ്ചാലി!

വെള്ളത്തിൽ വിണപ്പോഴായിരിക്കില്ലേ അവൾ ശരിക്കും മരിച്ചത്? അതിനുമുൻപ് തീ പിടിച്ച് വെന്തുരുകി...

അതേ അവസ്ഥയാണിപ്പോൾ ഈ മുറിക്കുള്ളിലും. തീയില്ലെങ്കിലും ചുട്ടു പഴുക്കുന്നു...

പെട്ടെന്ന് പ്രജീഷിന് ഒരു ബുദ്ധി തോന്നി. അയാൾ അണലി അക്‌ബറെ വിളിച്ചു.

കാൾ അറ്റന്റു ചെയ്യപ്പെട്ടപ്പോൾ അപ്പുറത്ത് കലപില ശബ്ദങ്ങൾ കേട്ടു.

''അണലീ. നീ എവിടെയാ?" പ്രജീഷ് തിരക്കി.

''റോസ് ഇന്റർനാഷണൽ ബാറിൽ." മദ്യത്തിൽ കുഴഞ്ഞ ശബ്ദം.

''പരുന്തോ?"

''അവനും ഇവിടുണ്ടു സാറേ... ഞങ്ങൾക്ക് ഒരു വി.ഐ.പിയുടെ പാർട്ടിയാ. പരുന്തിനു കൊടുക്കണോ?"

''വേണ്ടാ. ഞാൻ പറയുന്നത് കേൾക്ക്. പെട്ടെന്നിങ്ങോട്ട് വാ..."

''എന്താ സാറേ പറഞ്ഞത്... കേൾക്കുന്നില്ല. ഇവിടെ ഭയങ്കര ബഹളം. ഞാൻ ബാത്ത്‌റൂം ഭാഗത്തേക്ക് മാറിനിൽക്കാം."

പ്രജീഷിന് ദേഷ്യവും സങ്കടവും ഒന്നിച്ചുണ്ടായി.

ഫോണിലൂടെ, ബഹളങ്ങൾ കുറയുന്നത് അയാൾ അറിഞ്ഞു.

''ങാ. ഇനി പറഞ്ഞോ സാറേ..."

അണലി അക്ബർ പറഞ്ഞു.

പ്രജീഷ് കാര്യം ചുരുക്കി അറിയിച്ചു.

''സാറ് പേടിക്കണ്ടാ. കൂടിയാൽ പതിനഞ്ചു മിനിട്ട്. ഞങ്ങളെത്തും."

പ്രജീഷിന് ആശ്വാസമായി.

ഫോൺ കാൾ മുറിഞ്ഞു.

ചന്ദ്രകലയെ താങ്ങിയെടുത്ത് കിടക്കയിലിട്ട് പ്രജീഷ് ജനാലയ്ക്കലേക്കു നീങ്ങി. പുറത്തേക്കു നോക്കിനിന്നു.

പത്ത് മിനിട്ട്.

ഒരു വാഹനത്തിന്റെ വെളിച്ചം അടുത്തു വരുന്നതു കണ്ടു.

പ്രധാന വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് പ്രജീഷ് ഓർത്തു.

കാർ ആറ്റുചരലിൽ ചക്രങ്ങൾ ഉരഞ്ഞുനിന്നു.

പരുന്ത് റഷീദും അണലി അക്‌ബറും ചാടിയിറങ്ങി പാഞ്ഞുവന്നു.

അവർ വാതിൽ തുറന്നു.

ഒരു കുപ്പി തണുത്ത മിനറൽ വാട്ടറുമായാണ് അവർ വന്നത്.

പരുന്ത് റഷീദ് അത് ചന്ദ്രകലയുടെ മുഖത്തേക്കു തളിച്ചു.

അവളുടെ കൺപോളകൾ ഒന്നിളകി...

ചുണ്ടുകൾ ചലിച്ചു:

പരുന്ത് ആ ചുണ്ടിലേക്ക് അല്പം വെള്ളം വീഴ്‌ത്തി.

''പാഞ്ചാലീ... കൊല്ലെടീ മമ്മിയെ... എല്ലാം പ്രജീഷ് പറഞ്ഞിട്ടാ...."

അവൾ പറഞ്ഞു.

നടുങ്ങിപ്പോയി പ്രജീഷ്!

അർദ്ധ അബോധാവസ്ഥയിലും ഇവൾ തന്റെ പേരു പറയുന്നു...

സ്വയം രക്ഷപ്പെടാൻ ശ്രമിക്കുന്നു.

പ്രജീഷിന്റെ മുഖം വലിഞ്ഞു മുറുകി. അയാൾ കൈ വീശി ഒറ്റയടി...

ആ മയക്കത്തിലും ചന്ദ്രകല നിലവിളിച്ചു. ആ സ്വരം വടക്കേ കോവിലകത്തിന്റെ ഭിത്തികൾ ഏറ്റുപിടിച്ചു.

''കൊല്ലും നിന്നെ ഞാൻ..." പ്രജീഷ് ചന്ദ്രകലയുടെ കഴുത്തിൽ കുത്തിപ്പിടിച്ചു.

പരുന്തും അണലിയും ഞെട്ടിപ്പോയി...

(തുടരും)