krishna-jewellery

പത്തനംതിട്ട: കൃഷ്ണ ജ്വലറിയിൽ കവർച്ച നടത്തിയ കേസിൽ മോഷണവുമായി ബന്ധപ്പെട്ട എല്ലാ പ്രതികളും പൊലീസിന്റെ കസ്റ്റഡിയിലായി. തമിഴ്‌നാട്ടിൽ സേലത്ത് വച്ച് ഇന്ന് പുലർച്ചെ പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. അവസാനം പിടിയിലായ മോഷ്ടാവിൽ നിന്നും കളവുപോയ സ്വർണവും പണവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പിടിയിലായവരെല്ലാം മഹാരാഷ്ട്രയിൽ നിന്നുമുള്ളവരാണ്. നാല് കിലോ സ്വർണവും പതിമൂന്ന് ലക്ഷം രൂപയും ഇന്നലെയാണ് കവർന്നത്.

കവർച്ചയുടെ സൂത്രധാരനും ജ്വലറി ജീവനക്കാരനുമായ അക്ഷയ് പാട്ടീലിനെ ഇന്നലെ തന്നെ പൊലീസ് പിടികൂടിയിരുന്നു. ഇന്നലെ വൈകിട്ട് 5:15ന് സിവിൾ സ്റ്റേഷനടുത്തുള്ള സെന്റ് ലൂക്ക് ആശുപത്രിക്ക് സമീപമുള്ള സ്വർണക്കടയിലാണ് കവർച്ച നടന്നത്. മഹാരാഷ്ട്രയിൽ നിന്നുമുള്ള വാഹനത്തിലാണ് മോഷണസംഘം ജ്വലറി കവർച്ച ചെയ്യാനെത്തിയത്.

സ്വർണാഭരണം വാങ്ങണമെന്ന് പ്രദേശവാസിയായ ഇടപാടുകാരൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കടയുടമ ജ്വലറി തുറന്നുവച്ചത്. ഈ സമയത്ത് ഇവിടെ എത്തിച്ചേർന്ന മോഷ്ടാക്കളെ അക്ഷയ് പാട്ടീൽ കടയുടെ ലോക്കർ റൂമിൽ ഒളിപ്പിക്കുകയായിരുന്നു. കടയിലെ മറ്റൊരു ജീവനക്കാരനായ സന്തോഷിന്റെ കൈയിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോൽ. വീട്ടിലായിരുന്നു സന്തോഷ് ജ്വലറിയിലെത്തി ലോക്കർ തുറക്കാൻ തുടങ്ങവേയാണ് മോഷ്ടാക്കൾ ഇയാളെ മർദ്ദിച്ച് അവശനാക്കി കെട്ടിയിട്ട ശേഷം ലോക്കറിലെ സ്വർണാഭരണവും പണവും കവർന്നത്. ഇങ്ങനെയാണ് പൊലീസ് ഭാഷ്യം.

ഈ സമയം കൗണ്ടറിലെ സ്വർണാഭരണങ്ങൾ ഇടപാടുകാരന് കാണിച്ചുകൊടുക്കുകയായിരുന്നു അക്ഷയ് പാട്ടീൽ. ശബ്ദം കേട്ട ഇടപാടുകാരന്റെ ശ്രദ്ധ ലോക്കർ റൂമിലേക്ക് എത്തിയതോടെ അക്ഷയ് പാട്ടീലും മോഷ്ടാക്കളും പുറത്തേക്ക് ഇറങ്ങിയോടി വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇതോടെ ഇടപാടുകാരൻ കടയുടമ സുരേഷ് സേട്ടിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ അക്ഷയ്‌ക്ക് മേൽ സംശയം വരാതിരിക്കാൻ ഇയാളെ മോഷ്ടാക്കൾ വഴിയിൽ ഇറക്കിവിട്ടു.