kottayam

കോട്ടയം: മണർകാട് സ്റ്റേഷനിൽ പൊലീസുകാരനെ ആക്രമിച്ച ശേഷം വിലങ്ങുമായി രക്ഷപ്പെട്ട പ്രതി പുതുപ്പള്ളി മഠത്തിൽപ്പടി മാളിയേക്കൽ ദിലീപ് ആദ്യം ഓടിയെത്തിയത് കാമുകിയുടെ വീട്ടിലേക്ക്. മണർകാട് പെരുമാനൂർകുളം ആമലക്കുന്നിലെ കാമുകിയുടെ വീട്ടിലേക്കാണ് പ്രതി എത്തിയത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ചു. തുടർന്ന് പ്രതി വീട്ടിലുണ്ടെന്ന് മനസിലാക്കിയ നാട്ടുകാർ വീട് വളഞ്ഞതിനെ തുടർന്ന് ദിലീപ് രക്ഷപ്പെടുകയായിരുന്നു.

ബുധനാഴ്‌ച തലപ്പാടി ചാമക്കാല ഷാജിയുടെ വീട്ടിൽ നിന്ന് ഒരു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്‌ടിച്ച കേസിലാണ് ഇയാളെ പിടികൂടിയത്. വൈദ്യ പരിശോധനയ്‌ക്ക് ശേഷം സ്റ്റേഷനിലേയ്‌ക്ക് കൊണ്ടുവരുന്നതിനിടെ പൊലീസുകാരനെ ഇടിച്ചു വീഴ്‌ത്തിയ ശേഷം പ്രതി വിലങ്ങുമായി രക്ഷപ്പെടുകയായിരുന്നു. രാത്രി മുഴുവൻ മണർകാട് പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞത്. നേരത്തെ എല്ലു പൊട്ടിയതിനെ തുടർന്ന് വണ്ണം കുറഞ്ഞ ഇടതു കൈയിലൂടെ വിലങ്ങ് ഊരിയെടുത്തു. തുടർന്ന് ബലം പ്രയോഗിച്ച് മറ്റെ കൈയിലെയും വിലങ്ങ് ഊരി പോക്കറ്റിൽ ഇട്ടു. ശനിയാഴ്‌ച രാത്രി വൈകി പെരുമാനൂർ കുളത്തിനു സമീപം കാമുകിയുടെ വീട്ടിലെത്തി ഭക്ഷണം കഴിച്ചു. പ്രതി ഇവിടെ എത്തിയതറിഞ്ഞ് നാട്ടുകാർ വീട് വളഞ്ഞെങ്കിലും പിന്നിലെ വാതിലിലൂടെ രക്ഷപ്പെട്ടു.

ഇതോടെ പ്രതിയുടെ ചിത്രം സഹിതം പ്രദേശത്തെ വീടുകളിൽ പൊലീസ് ജാഗ്രതാ നിർദേശം നൽകി. ഇന്നലെ ഉച്ചയ്‌ക്ക് മൂന്നു മണിയോടെ വീണ്ടും കാമുകിയുടെ വീട്ടിലെത്തി. വിവരം അറിഞ്ഞ് അയൽവാസിയായ വീട്ടമ്മ പൊലീസിനെ അറിയിച്ചെങ്കിലും ഇയാൾ രക്ഷപ്പെട്ടു. തുടർന്ന് ആമലക്കുന്നിൽ നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലിലാണ് ഒളിച്ചിരുന്ന പ്രതിയെ പിടികൂടിയത്. മണർകാട് പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാത്രി തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ജില്ലാ പൊലീസ് മേധാവി പി.എസ് സാബു, ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ, മണർകാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ഷിജി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

രക്ഷപ്പെട്ടത് ബൈക്കിൽ ലിഫ്റ്റടിച്ച്

പൊലീസ് സ്റ്റേഷനിൽ നിന്ന് വിലങ്ങുമായി ചാടിയ പ്രതി രക്ഷപ്പെട്ടത് ബൈക്കിൽ ലിഫ്റ്റ് അടിച്ച്. ദിലീപ് മണർകാട് ഭാഗത്തു നിന്ന് ബൈക്കിൽ കയറി പെരുമാനൂർ കുളത്തിന് സമീപം എത്തി. ഇവിടെ ആളൊഴിഞ്ഞ വീട്ടിൽ പകൽ കഴിച്ചു കൂട്ടി. വെള്ളം മാത്രം കുടിച്ചാണ് കഴിഞ്ഞത്. രാത്രിയിൽ കാമുകിയുടെ വീട്ടിലെത്തി ഭക്ഷണം കഴിച്ചു.