കണ്ണൂർ: കേരളം അന്യനാട്ടുകാരുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുകയാണ്. അത്തരത്തിൽ 35 വർഷം മുമ്പ് സംസ്ഥാനത്ത് ജോലി അന്വേഷിച്ചെത്തിയതാണ് സേലം സ്വദേശി കുളഞ്ചി. എന്നാൽ കണ്ണൂരുകാർക്ക് ഇദ്ദേഹം അന്യനല്ല. അവർ സ്‌നേഹത്തോടെ രാജണ്ണനെന്നാണ് ഇദ്ദേഹത്തെ വിളിക്കുന്നത്.
പണി അന്വേഷിച്ച് വെറുതെ അലയുന്നതിലൊരു ത്രില്ലില്ല എന്ന തോന്നലിലാണ് കോയമ്പത്തൂരിൽ നിന്ന് മൈക്ക് വാങ്ങി, വ്യത്യസ്ത രീതീയിലുള്ള ജോലി തേടൽ ആരംഭിച്ചത്. കാട് വെട്ടാനുണ്ടോ,മരം മുറിക്കാനുണ്ടോ?എന്ന് മൈക്കിലൂടെ അനൗൺസ് ചെയ്ത് നടക്കും.എല്ലാ പണിയും ചെയ്യും. ധാരാളം പണി കിട്ടുന്നുണ്ടെന്ന് രാജണ്ണൻ പറയുന്നു.
നല്ലപോലെ പണി ചെയ്ത്, കൃത്യമായ പൈസ ചോദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ദിവസം രണ്ടായിരം രൂപയ്ക്ക് മുകളിൽ സമ്പാദിക്കും. കണ്ണൂർ മാത്രമല്ല ട്രെയിൻ കയറി കോഴിക്കോടും മറ്റും പോയും ജോലി ചെയ്യും. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും നാട്ടിലാണ്.