മുംബയ്: ബിഹാർ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസിൽ ബിനോയി കോടിയേരി മുംബയ് ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരായി. എന്നാൽ, ഡി.എൻ.എ പരിശോധനയ്ക്കുള്ള രക്ത സാമ്പിൾ ഇന്നും നൽകിയില്ല. പീഡന കേസിലെ എഫ്. ഐ.ആർ റദ്ദാക്കാനുള്ള ഹർജിയിലെ തീരുമാനത്തിന് ശേഷം പ്രതികരിക്കാമെന്നും ബിനോയ് വ്യക്തമാക്കി. ബോംബെ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
നേരത്തെ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായയിരുന്നു രക്തസാമ്പിൾ നൽകാതിരുന്നത് ഇപ്പോൾ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹെെക്കോടതിയിൽ നൽകിയ അപേക്ഷ ചൂണ്ടിക്കാട്ടിയാണ് രക്തസാമ്പിൾ നൽകാൻ തയ്യാറല്ലെന്ന് ബിനോയ് വ്യക്തമാക്കിയത്. ഇന്ന് ഉച്ചയോടെ കേസ് പരിഗണിക്കും. രക്ത സാമ്പിൾ നൽകാത്ത ബിനോയിയുടെ നടപടി ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് പരാതിക്കാരിയായ യുവതിയും ഇവരുടെ അഭിഭാഷകനും ആരോപിച്ചിരുന്നു.
യുവതി സമൂഹമാദ്ധ്യമത്തിലൂടെ പുറത്തുവിട്ട ബിനോയിയുമൊന്നിച്ചുള്ള ഫോട്ടാകൾ ബിനോയിയുടെ വാദങ്ങൾ കളവെന്നതിന് തെളിവാണെന്നും അഭിഭാഷകൻ പറയുന്നു. ബിനോയിയും യുവതിയുമായുള്ള ഫോൺ സംഭാഷണത്തിന്റെ ഉൾപ്പടെയുള്ള ഡിജിറ്റൽ തെളിവുകൾ പൊലീസിന് നൽകിയിട്ടുണ്ട്. യുവതിയിൽ നിന്നും നിർദ്ദേശം ലഭിച്ചാലുടൻ ബിനോയിയുടെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെടുമെന്നും അഭിഭാഷകൻ അറിയിച്ചു.