ന്യൂഡൽഹി: അഴിമതി ആരോപണത്തെ തുടർന്ന് സംസ്ഥാന സർക്കാർ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്‌ത ഡി.ജി.പി ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. കേന്ദ്രസർവീസിലെ ഉദ്യോഗസ്ഥനെ മതിയായ കാരണങ്ങൾ ചൂണ്ടിക്കാണിക്കാതെ ഇത്രയും നാൾ സസ്പെൻഡ് ചെയ്‌തത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയാണ് ട്രൈബ്യൂണലിന്റെ ഡിവിഷൻ ബെഞ്ച് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. അഴിമതിക്കെതിരെ ശബ്‌ദിച്ചതിനാണ് തന്നെ സർവീസിൽ നിന്നും പുറത്താക്കിയതെന്ന് ചൂണ്ടിക്കാട്ടി ജേക്കബ് തോമസ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.
കേരള കേഡറിലെ ഏറ്റവും സീനിയറായ ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബർ മാസം മുതൽ സസ്‌പെൻഷനിലാണ്. 1985 ബാച്ചുകാരനായ ജേക്കബ് തോമസിന് ഇനിയും മാസങ്ങളോളം സർവീസ് ബാക്കിയുണ്ട്. ഓഖി ദുരിതാശ്വാസത്തിന്റെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ പ്രസംഗിച്ചതിന്റെ പേരിലായിരുന്നു ആദ്യ സസ്‌പെൻഷൻ. സംസ്ഥാന സർക്കാരിനെ പുസ്‌തകത്തിലൂടെ വിമർശിച്ചുവെന്ന് ആരോപിച്ച് ആറ് മാസത്തിന് ശേഷം വീണ്ടും സസ്‌പെൻഡ് ചെയ്‌തു. തുറമുഖ ഡയറക്‌ടറായിരിക്കെ ക്രമക്കേടുകൾ നടത്തിയതിന്റെ പേരിലുള്ള അന്വേഷണത്തിന്റെ പേരിൽ മൂന്നാമതും സസ്‌പെൻഷൻ ലഭിച്ചു. ഇതിനെതിരെ അദ്ദേഹം കേന്ദ്രസർക്കാരിനെയും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെയും സമീപിക്കുകയായിരുന്നു. തന്റെ സസ്പെൻഷൻ ചട്ടവിരുദ്ധമാണെന്നും ഇക്കാര്യം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ വാദം കേട്ട ട്രൈബ്യൂണൽ ജേക്കബ് തോമസിനെ അടിയന്തരമായി തിരിച്ചെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർച്ചയായ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ വാദം അംഗീകരിക്കാൻ ആവില്ലെന്നും ട്രൈബ്യൂണൽ തങ്ങളുടെ ഉത്തരവിൽ കൂട്ടിച്ചേർത്തു.
അതേസമയം, തന്റെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് തുറന്നുപറച്ചിലുകൾ നടത്തിയ ജേക്കബ് തോമസ് അടുത്തിടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 23 വർഷമായി ആർ.എസ്.എസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണെന്ന് തുറന്ന് പറഞ്ഞ ജേക്കബ് തോമസ് താൻ ഉടൻ തന്നെ ബി.ജെ.പിയിലേക്ക് പോകുമെന്നും സൂചന നൽകിയിരുന്നു. ശത്രുക്കൾ പലഭാഗത്ത് നിന്ന് നൽകുന്ന ഊന്നൽ തന്നെ എവിടെക്കൊണ്ട് എത്തിക്കുമെന്ന് അറിയില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിപ്രായഭിന്നത ഉണ്ടെന്നത് ശരിയല്ല. താനിപ്പോൾ സ്രാവുകൾക്ക് മുമ്പേ നീന്തുകയാണ്. തന്റെ സസ്പെൻഷനുള്ള കാരണങ്ങൾ അടിസ്ഥാനരഹിതമാണ്. തനിക്കെതിരെ എടുത്തിരിക്കുന്നത് കള്ളക്കേസുകളാണെന്നും അദ്ദേഹം കൗമുദി ചാനലിന്റെ അഭിമുഖ പരിപാടിയിൽ വ്യക്തമാക്കിയിരുന്നു.