chandauli

ലക്നൗ: 'ജയ് ശ്രീറാം' വിളിച്ചില്ല എന്നാരോപിച്ച് മുസ്ലിം കൗമാരക്കാരന്റെ ദേഹത്ത് തീകൊളുത്തിയെന്ന് ആരോപണം. ഉത്തർ പ്രദേശിലെ ചന്ദൗലിയിലാണ് സംഭവം നടന്നത്. ബാലനെ അതീവ ഗുരുതരാവസ്ഥയിൽ കാശിയിലെ കബീർ ചൗര ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജയ് ശ്രീറാം വിളിക്കാൻ നാല് പേർ നിർബന്ധിച്ചപ്പോൾ കൗമാരക്കാരൻ ഇതിന് വഴങ്ങിയില്ലെന്നും പറയപ്പെടുന്നു.

തുടർന്ന് ക്രൂരമായി മർദ്ദിച്ച ശേഷമാണ് ഇവർ ബാലന്റെ ദേഹത്ത് തീ കൊളുത്തിയതെന്നുമാണ് വിവരം. എന്നാൽ കുട്ടിയെ ആരും ആക്രമിച്ചില്ലെന്നും, ബാലൻസ്വയം ദേഹത്ത് തീകൊളുത്തുകയായിരുന്നു എന്നുമാണ് ചന്ദൗലി പൊലീസ് പറയുന്നത്. ബാലൻ പറയുന്നത് തെറ്റാണെന്നും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് കൗമാരക്കാരൻ പറയുന്നതെന്നും പൊലീസ് പറയുന്നു.

സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. താനുണ്ടായിരുന്നു എന്ന് പറഞ്ഞ സ്ഥലങ്ങളിൽ ബാലൻ ചെന്നിട്ടില്ലെന്നും പൊലീസ് പറയുന്നു. 45 ശതമാനത്തോളം കുട്ടിക്ക് പൊള്ളലേറ്റിട്ടുണ്ടെന്ന് പറയുന്ന പൊലീസ്, പലതരത്തിലുള്ള മൊഴികളാണ് ബാലൻ പലർക്കും നൽകിയതെന്നും പറയുന്നു.