ഇന്ത്യൻ പ്രസിഡന്റ് ആദ്യമായി ആരാച്ചാർ വേഷം കെട്ടിയ ദിനത്തിന് 60 തികയുന്നു. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടാൻ നെഹ്റു സംവിധാനം ചെയ്ത രാഷ്ട്രീയ പകപോക്കൽ നാടകത്തിലെ വില്ലൻ സംസ്ഥാന ഗവർണർ ആയിരുന്നു. ഇത് നടന്നത് 1959 ജൂലായ് 31നാണ്. പിന്നീടിങ്ങോട്ട് ഈ നാടകം ഇടതടവില്ലാതെ നടന്നു എങ്കിലും കഥാപാത്രങ്ങൾ മാറിമറിഞ്ഞു. കേന്ദ്രത്തിൽ അധികാരത്തിലിരുന്ന ജനതാപാർട്ടിയും കോൺഗ്രസും സംസ്ഥാന സർക്കാരുകളെ കൂട്ടക്കുരുതി നടത്തി.
ഭരണഘടനയിലെ വിവാദപരമായ 356-ാം അനുച്ഛേദമാണ് കേന്ദ്രഭരണകക്ഷിയുടെ താത്പര്യങ്ങൾക്കരുനിൽക്കാത്ത സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടാൻ കേന്ദ്രഗവൺമെന്റിനെ സഹായിക്കുന്നത്. സംസ്ഥാന ഗവർണർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി സംസ്ഥാന സർക്കാരുകളെ ഗളഹസ്തം ചെയ്യുന്നത്. 356-ാം അനുച്ഛേദമനുസരിച്ച് രാഷ്ട്രപതിയിൽ നിക്ഷിപ്തമായിരിക്കുന്ന കർത്തവ്യം അദ്ദേഹത്തിന്റെ വിവേചനാധികാര പരിധിയിൽപ്പെടുന്നതല്ല. കേന്ദ്രമന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കാനേ അദ്ദേഹത്തിനാവൂ. തങ്ങൾ നിയമിക്കുന്ന സംസ്ഥാന ഗവർണറെ ഉപയോഗിച്ച് ആവശ്യമായ റിപ്പോർട്ട് എഴുതിവാങ്ങി കേന്ദ്രമന്ത്രിസഭ, ഉപദേശം നൽകുമ്പോൾ രാഷ്ട്രപതിക്ക് ആരാച്ചാർ വേഷമണിഞ്ഞേ തീരൂ.
1977-ൽ ജനതാപാർട്ടിയും തുടർന്ന് 1980-ൽ കോൺഗ്രസും ഒറ്റദിവസം കൊണ്ട് നിരവധി സംസ്ഥാന സർക്കാരുകളുടെ തലകൊയ്തു.സ്വാതന്ത്ര്യത്തിന്റെ 72-ാം പിറന്നാളാഘോഷത്തിലേക്ക് രാജ്യം നീങ്ങുമ്പോൾ സംസ്ഥാനങ്ങൾക്ക് രാഷ്ട്രീയ വധശിക്ഷ നൽകുന്ന 356-ാം അനുച്ഛേദത്തെക്കുറിച്ചുള്ള സംശയങ്ങൾക്ക് അറുതിയില്ല. 356-ാം അനുച്ഛേദത്തിന് മാറ്റം വരുത്തുകയല്ല അത് നീക്കംചെയ്യുക എന്നതാണ് സംശയനിവാരണത്തിനുള്ള മാർഗം. അങ്ങനെയൊരു ഭേദഗതി വന്നാൽ കേന്ദ്രഭരണം കൈയാളുന്ന രാഷ്ട്രീയ കക്ഷിയുടെ എതിരാളികൾ നയിക്കുന്ന സംസ്ഥാന സർക്കാരുകളുടെമേൽ പിരിച്ചുവിടൽ എന്ന ഡെമൊക്ലസ് ഖഡ്ഗം തൂങ്ങിക്കിടക്കില്ല. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെക്കുറിച്ചും ഭരണപരിഷ്കാരങ്ങളെക്കുറിച്ചും പഠിക്കാൻ കേന്ദ്രം നിയോഗിച്ച മൂന്ന് കമ്മിറ്റികൾ ഭരണപരിഷ്കരണ കമ്മിറ്റി, രാജമണ്ണാർകമ്മിറ്റി, സർക്കാരിയ കമ്മിഷൻ (1987) എന്നിവ 356-ാം അനുച്ഛേദത്തിനെതിരെ വിലയിരുത്തൽ നടത്തി. ഇന്നത്തെ കേന്ദ്രഭരണ കക്ഷി പ്രകടനപത്രികയിൽ 356-ാം അനുച്ഛേദം നീക്കം ചെയ്യപ്പെടേണ്ടതാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. 356-ാം അനുച്ഛേദപ്രകാരം ഗവർണറുടെ റിപ്പോർട്ട് ഇല്ലാതെയും സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടാനാവുമെന്ന് 1991-ൽ തമിഴ്നാട്ടിലെ കരുണാനിധി സർക്കാരിനെ പിരിച്ചുവിട്ടുകൊണ്ട് കേന്ദ്രം തെളിയിച്ചു. തുടർന്ന് ഗവർണർ സുർജിത് സിംഗ് ബർണാല രാജിവച്ചു. അന്ന് തമിഴ്നാട്ടിൽ ഭരണ സംവിധാന തകർച്ചയുണ്ടായോ എന്നത് ഇന്നും തർക്കവിഷയമാണ്. ഇത്തരം സന്ദർഭങ്ങളിൽ രാഷ്ട്രപതി നിസഹായനും കേന്ദ്രമന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവർത്തിക്കാൻ ബാദ്ധ്യസ്ഥനുമാണ്.
നിയമവ്യവസ്ഥയുടെ മറവിൽ അതിരുവിട്ട നടപടികളുണ്ടായാൽ കോടതി ഇടപെടുമെന്നതാണ് നീതിനിർവഹണത്തിന്റെ അടിസ്ഥാനതത്വം. പക്ഷേ 356-ാം അനുച്ഛേദപ്രകാരം പ്രസിഡന്റ് സ്വീകരിച്ച നടപടികളിൽ, തങ്ങൾ രാഷ്ട്രീയകാര്യങ്ങളിൽ തീർപ്പുകല്പിക്കുന്നത് ശരിയാവില്ലെന്ന നിലപാടായിരുന്നു സുപ്രീംകോടതിയുടേത്. എങ്കിലും 1994-ൽ കർണാടകയിൽ എസ്.ആർ.ബൊമ്മൈ സർക്കാരിനെ പിരിച്ചയച്ചതിനെതിരെ നടന്ന കേസിൽ, സുപ്രീംകോടതിയുടെ ഒൻപതംഗ ഭരണഘടനാ ബഞ്ച് 356-ാം അനുച്ഛേദത്തെക്കുറിച്ച് നടത്തിയ അഭിപ്രായങ്ങൾ പിൽക്കാലത്ത് സുപ്രീംകോടതി ഇത്തരം കേസുകളിൽ തീർപ്പുകല്പിക്കാനിടയാക്കി. 356-ാം അനുച്ഛേദപ്രകാരമുള്ള കടുത്ത നടപടികൾ എപ്പോഴും ഉപയോഗിക്കുന്നത്
വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരെ ഭീതിയുടെ നിഴലിലാഴ്ത്തും. ഒരു സംസ്ഥാനത്തെ ഭരണം ഭരണഘടനാപരമായി നടത്തിക്കൊണ്ടുപോകാനാവില്ല എന്ന് ബോദ്ധ്യം വരുന്ന അവസ്ഥയിൽ മാത്രമേ 356-ാം അനുച്ഛേദം ഉപയോഗപ്പെടുത്താവൂ. ഇന്ത്യയുടെ ഫെഡറൽ സംവിധാനമനുസരിച്ച് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഒരേ രാഷ്ട്രീയ കക്ഷിതന്നെ അധികാരത്തിലിരിക്കണമെന്നില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിൽ പരാജയം നേരിട്ടതുകൊണ്ടു മാത്രം ആ കക്ഷിയുടെ സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടുന്നതും അട്ടിമറിക്കുന്നതും പാർലമെന്റിൽ നാലിൽ മൂന്ന് ഭൂരിപക്ഷം ലഭിച്ചതുകൊണ്ടു മാത്രം രാഷ്ട്രീയ എതിരാളികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണം നടത്തിക്കൊണ്ടുപോകാനാവാത്ത സ്ഥിതിയുണ്ടായി എന്ന് വിലയിരുത്തി സർക്കാരുകളെ പിരിച്ചുവിടുന്നതും കരണീയമല്ല.സർക്കാരീയ കമ്മിഷന്റെ 356-ാം അനുച്ഛേദത്തെക്കുറിച്ചുള്ള നിഗമനങ്ങൾ ഇപ്പോഴും പ്രസക്തമാണ്. 356-ാം അനുച്ഛേദത്തിന്റെ ഉദ്ദേശ്യം തന്നെ സംസ്ഥാനഭരണത്തെ താങ്ങിനിറുത്തുക എന്നതാണ്.
356-ാം അനുച്ഛേദത്തിന്റെ അമിത ഉപയോഗവും ദുരുപയോഗവും ഭരണഘടനയുടെ അന്തസത്ത നശിപ്പിക്കും. 356-ാം അനുച്ഛേദത്തിന് ലളിതമായൊരു വ്യാഖ്യാനം എന്നത് കേന്ദ്രഗവൺമെന്റിന് അമിതാധികാരം നല്കലാവും. ഇത് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ കടയ്ക്കൽ കത്തിവയ്ക്കലാവും കമ്മിഷൻ വിലയിരുത്തി. സംസ്ഥാനത്ത് ഭരണഘടനാ സ്തംഭനം ഉണ്ടായതായി കേന്ദ്രത്തിന് റിപ്പോർട്ട് കിട്ടിയാലുടനെ 356-ാം അനുച്ഛേദപ്രകാരം പിരിച്ചുവിടൽ പാടില്ല എന്ന് ഭരണഘടനാശില്പി ഡോ. അംബേദ്കർ തന്നെ പറഞ്ഞിട്ടുണ്ട്. റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക്, രാഷ്ട്രപതി സംസ്ഥാന സർക്കാരിനെ താക്കീതു ചെയ്യണം. എന്നിട്ടും സ്ഥിതി മെച്ചമാകാത്ത പക്ഷം തുടർനടപടികൾ ആവാം, സുപ്രീംകോടതിയും സർക്കാരീയ കമ്മിഷനും ഡോക്ടർ അംബേദ്കറുമെല്ലാം പറഞ്ഞതും നിരീക്ഷിച്ചതും ഒന്നും തന്നെ 356-ാം അനുച്ഛേദത്തിന്റെ അതിരുവിട്ട ഉപയോഗത്തിന് തടസമായിരുന്നില്ല എന്നതാണ് ചരിത്രം. 1959 ജൂലായ് 31-ന് കേരളത്തിൽ തുടങ്ങിയ രാഷ്ട്രീയനാടകം നിരവധി രാജ്ഭവനുകളിൽ അരങ്ങേറിക്കഴിഞ്ഞു. ഒട്ടനവധി സംസ്ഥാന സർക്കാരുകളുടെ തല കൊയ്യപ്പെട്ടു. 356-ാം അനുച്ഛേദം നീക്കംചെയ്യുന്ന ഭരണഘടനാ ഭേദഗതിയിലൂടെ ക്ലൈമാക്സ് ഭംഗിയാവുമോ എന്നാണറിയേണ്ടത്.
lalujoseph@gmail.com