ബംഗളൂരു: കോൺഗ്രസ്- ജെ.ഡി.എസ് സർക്കാർ താഴെ വീണതിന് പിന്നാലെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി.എസ് യെദ്യൂരപ്പയുടെ പുതിയ ബി.ജെ.പി സർക്കാർ വിശ്വാസ വോട്ട് നേടി. മുഖ്യമന്ത്രി അവതരിപ്പിച്ച വിശ്വാസ പ്രമേയം ശബ്ദ വോട്ടിലൂടെയാണ് നിയമസഭ പാസാക്കിയത്. കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബി.ജെ.പി ഉറപ്പാക്കിയതിന് പുറമെ സ്വതന്ത്രൻ എച്ച്.നാഗേഷും യെദ്യൂരപ്പയെ പിന്തുണച്ചു.
യെദ്യൂരപ്പ സർക്കാർ വിശ്വാസവോട്ട് നേടിയതോടെ കെ.ആർ രമേഷ് കുമാർ സ്പീക്കർ സ്ഥാനം ഒഴിഞ്ഞു, അദ്ദേഹം സ്വയം ഒഴിഞ്ഞില്ലെങ്കിൽ അവിശ്വാസത്തിലൂടെ മാറ്റാനായിരുന്നു ബി.ജെ.പിയുടെ നീക്കം. വെള്ളിയാഴ്ചയായിരുന്നു യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം, കോൺഗ്രസ് 99 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. സിദ്ധരാമയ്യ തന്നെ പ്രതിപക്ഷ നേതാവാകാനാണ് സാദ്ധ്യത. ഇക്കാര്യത്തിൽ ജെ.ഡി.എസുമായി ധാരണയിലെത്തിയിട്ടുണ്ടെന്നാണ് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നത്. മുംബയിലായിരുന്ന അഞ്ച് വിമതർ ഇന്ന് രാവിലെ ബംഗളൂരുവിൽ എത്തിയിട്ടുമുണ്ട്.