കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ നിറയെ ഭക്ഷണത്തിന്റെ കാശ് അണ്ണൻ തരുമെന്നതിനെ ചുറ്റിപ്പറ്റിയുള്ള ട്രോളുകളായിരുന്നു. ആ സംഭവങ്ങളൊന്ന് ശാന്തമാകുന്നതിനിടെ ഭക്ഷണത്തിന്റെ കാശ് ദൈവം തരുമെന്ന് പഞ്ച് ഡയലോഗുമായി എത്തിയിരിക്കുകയാണ് മുപ്പതുകാരി. എന്നാൽ ഇത്തവണ സംഭവം കേരളത്തിലല്ല കേട്ടോ. അമേരിക്കയിലാണ് സംഭവം.
ന്യൂമെക്‌സിക്കൻ സംസ്ഥാനക്കാരിയായ ഡെലീല ഫെർണാണ്ടസാണ് സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത്. യുവതി ഫാസ്റ്റ് ഫുഡ് ശ്രിംഗലയായ സോണികിൽ ചെന്ന് ഭക്ഷണത്തിന് ഓർഡർ ചെയ്തു. ഭക്ഷണവുമായെത്തി ജീവനക്കാരൻ യുവതിയോട് ആദ്യം പണമടക്കാൻ ആവശ്യപ്പെട്ടു. അതിന് മറുപടിയായി കാശ് ദൈവം തരുമെന്ന് പറഞ്ഞു. അതിവിടെ നടക്കില്ലെന്ന് വെയ്റ്റർ പറഞ്ഞതോടെ യുവതി ഭക്ഷണപ്പൊതിയുമായി സൈക്കിളിൽ പാഞ്ഞു.
ഹോട്ടൽ ജീവനക്കാരൻ ഉടൻതന്നെ പൊലീസിനെ വിവരമറിയിച്ചു. ഉടൻതന്നെ പൊലീസ് തിരച്ചിൽ ആരംഭിച്ചു. തിരച്ചിലിനൊടുവിൽ പാർക്കിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന യുവതിയെ കണ്ടെത്തി. വിശന്നപ്പോൾ പറ്റിപ്പോയതാണ് വെറുതെ വിടണമെന്ന് യുവതി അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. മോഷണക്കുറ്റം ചുമത്തി ഇവരെ ആറസ്റ്റ് ചെയ്തു. അതേസമയം പെറ്റിക്കേസായി യുവതിയെ വെറുതെ വിടുമെന്ന് റിപ്പോർട്ടുകളുണ്ട്.