rakhi-murder
അമ്പൂരി കൊലപാതകത്തിലെ മുഖ്യപ്രതി അഖിലിനെ പൊലീസ് നാട്ടുകാരുടെ പ്രതിഷേധത്തിനിടെ ശക്തമായ പൊലീസ് സുരക്ഷയിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ, ഫോട്ടോ അജയ് മധു

തിരുവനന്തപുരം: കാട്ടാക്കട അമ്പൂരിയിൽ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതിയായ സൈനികൻ അഖിലിനെ തട്ടാൻമുക്കിലെ പണിതീരാത്ത വീട്ടിൽ തെളിവെടുപ്പിനെത്തിച്ചു. സംഭവം അറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാർ പ്രതിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത് പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടാക്കി. കേസിൽ അഖിന്റെ മാതാപിതാക്കളെയും അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ അഖിലിനെ കൊണ്ടുവന്ന വാഹനം തടഞ്ഞത്. അഖിലിന്റെ മാതാപിതാക്കളെ അറസ്‌റ്റ് ചെയ്‌ത ശേഷം തെളിവെടുപ്പ് നടത്തിയാൽ മതിയെന്നും നാട്ടുകാർ നിലപാടെടുത്തു. തുടർന്ന് കനത്ത പൊലീസ് സുരക്ഷയിലാണ് പ്രതിയെ വാഹനത്തിന് പുറത്തെത്തിച്ചത്. ഇതോടെ നാട്ടുകാർ പ്രതിക്കെതിരെ അസഭ്യ വർഷവുമായി പാഞ്ഞടുക്കുകയും കല്ലെറിയുകയും ചെയ്‌തു. തുടർന്ന് തെളിവെടുപ്പ് തത്കാലം അവസാനിപ്പിച്ച് പൊലീസ് സംഘം മടങ്ങി. രാഖിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കയർ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.

അമ്പൂരിയിൽ രാഖിമോളെ കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ കേസിലെ ഒന്നാം പ്രതിയും രാഖിയുടെ കാമുകനുമായ അഖിൽ കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസ് പിടിയിലായത്. ഡൽഹിയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ രാത്രി 8.15ന് തിരുവനന്തപുരത്ത് വന്നിറങ്ങിയ അഖിലിനെ ഇവിടെ കാത്തുനിൽക്കുകയായിരുന്ന പൂവാർ പൊലീസ് പിടികൂടുകയായിരുന്നു. അതേസമയം, കേസിൽ അഖിലിന്റെ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് ഇവരെയും പൊലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന പ്രധാന പ്രതി അഖിലിന്റെ തെളിവെടുപ്പ് പൂർത്തിയാക്കിയശേഷം കേസിലെ രണ്ടാം പ്രതി രാഹുലിനെ കൂടി കസ്റ്റഡിയിൽ വാങ്ങി അച്ഛനെയും മക്കളെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് പൊലീസ് ആലോചിക്കുന്നത്.

മൊഴികളിലെ വൈരുദ്ധ്യം ഒഴിവാക്കാനും സംശയങ്ങൾ ദുരീകരിക്കാനും ഇത് സഹായിക്കുമെന്ന് പൊലീസ് കരുതുന്നു. മൂന്നാഴ്ച നീണ്ട ആസൂത്രണത്തിനൊടുവിലാണ് രാഖിയെ വകവരുത്തിയത്. രാഖിയെ കുഴിച്ചുമൂടാനുള്ള കുഴി തുരന്നതിൽ മണിയനും പങ്കുളളതായി അയൽവാസികളിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. മരം നടാനാണ് കുഴിയെന്ന് ഇയാൾ ചിലരോട് പറഞ്ഞതായ സൂചനയും പൊലീസിനുണ്ട്. രാഖിയുടെ മൃതദേഹം അഖിലേഷിന്റെ വീട്ടുവളപ്പിൽ നിന്ന് പൊലീസ് കണ്ടെത്തുകയും അഖിലേഷും സഹോദരൻ രാഹുലും അമ്പൂരി തട്ടാൻമുക്ക് ആദർശ് ഭവനിൽ ആദർശും(കണ്ണൻ–23) ചേർന്നാണ് കൊലനടത്തിയതെന്ന് സ്ഥിരീകരിക്കുകയും ചെയ്തശേഷവും മക്കൾ നിരപരാധിയാണെന്ന മട്ടിൽ മണിയൻ നടത്തിയ പരസ്യപ്രതികരണങ്ങളും അന്വേഷണം വഴിതെറ്റിക്കാൻ നടത്തിയ ശ്രമങ്ങളും സംശയാസ്പദമാണ്.