bjp

മുംബയ്: കോൺഗ്രസിലേയും എൻ.സി.പിയിലേയും 50ഓളം എം.എൽ.എമാർ ബി.ജെ.പിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും നടക്കാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിന് മുമ്പ് അവർ ബി.ജെ.പിയിൽ എത്തുമെന്നും വെളിപ്പെടുത്തൽ. മുതിർന്ന ബി.ജെ.പി നേതാവും മഹാരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രിയുമായ ഗിരീഷ് മഹാജനാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. എൻ.സി.പി നേതാവ് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുന്ന പശ്ചാത്തലത്തിലാണ് ഗിരീഷ് മഹാജന്റെ വെളിപ്പെടുത്തൽ.

കോൺഗ്രസിന്റെയും എൻ.സി.പിയുടെയും 50 എം.എൽ.എമാർ ബി.ജെ.പിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. എൻ.സി.പിയിലെ മുതിർന്ന നേതാവ് ചിത്ര വാഗ് ബി.ജെ.പിയിൽ ചേരാൻ മാസങ്ങൾക്ക് മുമ്പ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എൻ.സി.പിയിൽ ഇനി ഭാവിയില്ലെന്ന് പറഞ്ഞാണ് ചിത്ര വാഗ് ബി.ജെ.പിയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചത്. ഉപതിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയിൽ ചേരാനാണ് എം.എൽ.എമാർ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. കോൺഗ്രസ് പാർട്ടിയുടെ നിലവിലെ അവസ്ഥ പരിതാപകരമാണ്. എൻ.സി.പിയുടെ അവസ്ഥയും സമാനമാണ്- മഹാജൻ പറഞ്ഞു.

മുംബയിലെ പാർട്ടി മേധാവിയും മുൻ മന്ത്രിയുമായ എൻ.സി.പി നേതാവ് സച്ചിൻ അഹിർ, വനിതാ വിഭാഗം അദ്ധ്യക്ഷ ചിത്ര വാഗ് എന്നിവർ എൻ.സി.പി വിട്ടിരുന്നു. സച്ചിൻ നേരത്തെ തന്നെ ശിവസേനയിൽ ചേർന്നു. എൻ.സി.പി എം.എൽ.എ വൈഭവ് പിച്ചതും ബി.ജെ.പിയിൽ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതേസമയം,​ കോൺഗ്രസിനെയും എൻ.സി.പിയെയും തകർക്കാൻ ബി.ജെ.പി സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന ശരദ് പവാറിന്റെ ആരോപണം മന്ത്രി തള്ളി. എൻ.സി.പി നേതാവും മുൻ മന്ത്രിയുമായ ഹസൻ മുസഫറിന്റെ വീട്ടിൽ ഇൻകം ടാക്സ് വകുപ്പ് നടത്തിയ റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് പവാറിന്റെ പ്രസ്താവന. എന്നാൽ ഹസൻ മുസഫറിന്റെ വീട്ടിൽ നടന്ന റെയ്ഡ് നിയമപരമാണെന്നും അതിൽ രാഷ്ട്രീയമമില്ലെന്നും ഗിരീഷ് മഹാജൻ പറഞ്ഞു.