bmw

സിനിമാ താരങ്ങൾക്ക് ആഡംബര വാഹനങ്ങളോടുള്ള ഭ്രമം പരസ്യമാണ്. വിപണിയിൽ ഏത് വാഹനം ഇറങ്ങിയാലും അതിലൊന്ന് മലയാളത്തിലെ ഏതെങ്കിലും താരം സ്വന്തമാക്കുകയും ചെയ്യും. തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ സംഗീത സംവിധായകനായ ഗോപി സുന്ദറാണ് തന്റെ വാഹന ഭ്രമം പരസ്യമാക്കിയ അവസാനത്തെയാൾ. ആഡംബര വാഹന നിർമാതാക്കളായ ബി.എം.ഡബ്ല്യൂവിന്റെ എക്സ് സെവനാണ് താരം സ്വന്തമാക്കിയത്. ബി.എം.ഡബ്ല്യൂ നിരയിലെ ഏറ്റവും വലിയ വാഹനമായ എക്സ് സെവൻ കൊച്ചിയിലെ ഷോറൂമിൽ നിന്നാണ് ഗോപി സുന്ദർ തന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയത്. ഇന്നലെ പുറത്തിറങ്ങിയ എക്‌സ് സെവന്റെ ഇന്ത്യയിലെ ആദ്യത്തെ ഡെലിവറിയാണെന്ന പ്രത്യേകതയും ഇതിനുണ്ട്.

മേഴ്സിഡസ് ബെൻസിന്റെ ജി.എൽ.എസ് മോഡലിന് പകരമായി ബി.എം.ഡബ്ല്യൂ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച മോഡലാണ് എക്സ് സെവൻ. 5.1 മീറ്റർ നീളവും, 2 മീറ്റർ വീതിയും 1.8 മീറ്റർ ഉയരവുമുള്ള വാഹനം കാഴ്‌ചയിൽ തന്നെ ഒരു ഭീകരലുക്ക് നൽകുന്നുണ്ട്. നിലവിൽ എക്‌സ് 7ന്റെ രണ്ടു വകഭേദങ്ങളാണ് വിപണിയിലുള്ളത്. എക്‌സ് ഡ്രൈവ് 30ഡി, എക്‌സ് ഡ്രൈവ് 40ഐ എന്നീ രണ്ട് മോഡലുകളുടെയും വില 98.90 ലക്ഷമാണ്. എക്‌സ്‌ഡ്രൈവ് 40ഐയിൽ 340 ബി.എച്.ച്പി കരുത്തും 450 എൻഎം ടോർക്കുമുള്ള മൂന്നു ലിറ്റർ ടർബോ പെട്രോൾ എൻജിനും ഡീസൽ പതിപ്പിൽ 265 ബി.എച്ച്.പി കരുത്തും 620 എൻഎം ടോർക്കുമുള്ള 3 ലീറ്റർ ഡീസൽ എൻജിനുമാണ്. എട്ട് സ്പീഡ് ഓട്ടമാറ്റിക്ക് ട്രാൻസ്‌മിഷനാണ് ഇരു എൻജിനുകളിലും നൽകിയിരിക്കുന്നത്. ഇതിൽ ഏത് മോഡലാണ് ഗോപി സുന്ദർ സ്വന്തമാക്കിയതെന്ന് വ്യക്തമല്ല.