vimal

കൽപ്പറ്റ:നൈസർഗിക നൈപുണ്യം വരകളും നിറങ്ങളുമായി നടത്തുന്ന സർഗാത്മക സല്ലാപം മോഹനദൃശ്യങ്ങളുടെ പിറവിക്കു വഴിയൊരുക്കും. ഈ പരമാർത്ഥത്തിനു അടിവരയിടുകയാണ് ഫാ.വിമൽ കല്ലൂക്കാരന്റെ രചനകൾ. ചിത്രരചനാസങ്കേതങ്ങൾ ഗുരുമുഖത്തുനിന്നു അഭ്യസിച്ചിട്ടില്ലെങ്കിലും ജീവൻ തുടിക്കുന്നതാണ് ഫാ.വിമൽ ഇതിനകം വരച്ച് ചായമിട്ട ചിത്രങ്ങൾ.

ഫാ.വിമൽ ബാലനായിരിക്കുമ്പോൾ നോട്ടുബുക്കിന്റെ താളുകളിൽ തുടങ്ങിയതാണ് ചിത്രംവര. മുതിർന്നപ്പോൾ നിരന്തര പ്രയത്‌നത്തിലൂടെ പെൻസിൽ ഡ്രോയിംഗിലും ജലച്ചായ,എണ്ണച്ചായ സൃഷ്ടികളിലും വിരുതു നേടുകയായിരുന്നു. പ്രകൃതിയാണ് ചിത്രരചനയിൽ മുപ്പത്തിമൂന്നുകാരനായ ഫാ.വിമലിന്റെ ഇഷ്ടവിഷയം. കാടും മലയും അരുവിയും പുഴയും ഗ്രാമീണ നിരത്തും വീടും മറ്റും സമ്മേളിക്കുന്നതാണ് പല ചിത്രങ്ങളും. പ്രകൃതിയുമായി ബന്ധപ്പെട്ട ചിത്രങ്ങളിൽ ഗ്രാമീണതയുടെ സ്പന്ദനം കാണാം.

അങ്കമാലി കോക്കുന്നു കല്ലൂക്കാരൻ വർഗീസ്‌മേരി ദമ്പതികളുടെ മകനാണ് ഫാ.വിമൽ. 2015ലാണ് വൈദികപട്ടം സ്വീകരിച്ചത്. റൊഗേഷനിസ്റ്റ് സഭാംഗമാണ്. മാനന്തവാടി റൊറാത്തെ ഭവൻ സെമിനാരിയിലാണ് നിലവിൽ സേവനം. വൈദിക വിദ്യാർഥികളുടെ ചുമതലയാണ് വഹിക്കുന്നത്. പെൻസിൽഡ്രോയിംഗ്, ജലച്ചായം, എണ്ണച്ചായം എന്നീ വിഭാഗങ്ങളിലായി ഇതിനകം അയ്യായിരത്തോളം രചനകൾ നടത്തിയിട്ടുണ്ട്. സൃഷ്ടികൾ പൂർത്തിയാകുന്ന മുറയ്ക്കു സുഹൃത്തുക്കൾക്കും മറ്റും സമ്മാനമായി നൽകുകയാണ് ചെയ്യുന്നത്.

എണ്ണച്ചായത്തിൽ തീർത്ത ക്രിസ്തുവിന്റെ അന്ത്യത്താഴ ദൃശ്യമാണ് രചനകളിൽ എറ്റവും ആനന്ദം പകർന്നതെന്നു ഫാ.വിമൽ പറയുന്നു. ആറടി നീളവും നാലടി വീതിയുമുള്ള ഈ ചിത്രം ആലുവ റൊഗാത്തെ ആശ്രമത്തിനാണ് നൽകിയത്. വയനാട്ടിൽ വന്നതിനുശേഷമുള്ള രചനകളിൽ വയനാടൻ പ്രകൃതി വലിയ സ്വാധീനം ചെലുത്തുന്നുണ്ടന്നു ഫാ.വിമൽ പറഞ്ഞു. കുറെ ചിത്രങ്ങൾകൂടി വരച്ചതിനുശേഷം മാനന്തവാടി ലളിതകലാ അക്കാദമി ഗാലറിയിൽ പ്രദർശനം നടത്താൻ ആഗ്രഹിക്കുന്ന അദ്ദേഹം ചിത്രരചന വിദ്യാർഥികളെയടക്കം അഭ്യസിപ്പിക്കുന്നതിലും തത്പരനാണ്.