മുംബയ്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയിൽ ഡി.എൻ.എ പരിശോധന നടത്തുന്നതിനായി രക്തസാമ്പിളുകൾ നാളെ നൽകണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ഡി.എൻ.എ പരിശോധന നാളെ നടത്തി രണ്ടാഴ്‌ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ബോംബൈ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. പരിശോധന ഫലം മുദ്രവച്ച കവറിൽ രജിസ്‌ട്രാർക്ക് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പീഡന കേസിലെ എഫ്. ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർണായക തീരുമാനം. അതേസമയം, ഡി.എൻ.എ പരിശോധനയ്‌ക്കായി തന്റെ രക്തസാമ്പിളുകൾ സമർപ്പിക്കാമെന്ന് ബിനോയ് കോടതിയെ അറിയിച്ചിട്ടുണ്ട്.
എന്നാൽ ഇന്ന് മുംബയ് ഓഷിവാര പൊലീസ് സ്‌റ്റേഷനിൽ ഹാജരായ ബിനോയ് കോടിയേരി ഡി.എൻ.എ പരിശോധനയ്‌ക്കായി രക്തസാമ്പിളുകൾ നൽകിയിരുന്നില്ല. എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹെെക്കോടതിയിൽ നൽകിയ അപേക്ഷ ചൂണ്ടിക്കാട്ടിയാണ് രക്തസാമ്പിൾ നൽകാൻ തയ്യാറല്ലെന്ന് ബിനോയ് വ്യക്തമാക്കിയത്. നേരത്തെ അനാരോഗ്യം മൂലം തനിക്ക് രക്തസാമ്പിളുകൾ നൽകാനാവില്ലെന്ന് ബിനോയ് വ്യക്തമാക്കിയിരുന്നു. രക്ത സാമ്പിൾ നൽകാത്ത ബിനോയിയുടെ നടപടി ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് പരാതിക്കാരിയായ യുവതിയും ഇവരുടെ അഭിഭാഷകനും ആരോപിച്ചിരുന്നു. യുവതി സമൂഹമാദ്ധ്യമത്തിലൂടെ പുറത്തുവിട്ട ബിനോയിയുമൊന്നിച്ചുള്ള ഫോട്ടാകൾ ബിനോയിയുടെ വാദങ്ങൾ കളവെന്നതിന് തെളിവാണെന്നും അഭിഭാഷകൻ പറയുന്നു. ബിനോയിയും യുവതിയുമായുള്ള ഫോൺ സംഭാഷണത്തിന്റെ ഉൾപ്പടെയുള്ള ഡിജിറ്റൽ തെളിവുകൾ പൊലീസിന് നൽകിയിട്ടുണ്ട്. യുവതിയിൽ നിന്നും നിർദ്ദേശം ലഭിച്ചാലുടൻ ബിനോയിയുടെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെടുമെന്നും അഭിഭാഷകൻ അറിയിച്ചു. ബിനോയുമായി ബന്ധമുണ്ടെന്നത് തെളിയിക്കുന്നതിനായി കൂടുതൽ രേഖകളും യുവതിയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയിരുന്നു.