bill

കോഴിക്കോടുള്ള പെട്രോൾ പമ്പിൽ ആരുടേയും ശ്രദ്ധയിൽ പെടാതെ നടക്കുന്ന തട്ടിപ്പ് പങ്കുവച്ച് യുവാവ്. ജിതേഷ് കെ കൊയിലാണ്ടി എന്നു പേരുള്ള കോഴിക്കോട്ടുകാരൻ യുവാവാണ് കോഴിക്കോട്ടെ മിനി ബൈപാസിലുള്ള എച്ച്.പി പെട്രോൾ പമ്പിൽ വച്ച് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ടത്. പെട്രോൾ അടിച്ച തുക കാർഡ് ഉപയോഗിച്ച് നൽകിയപ്പോഴാണ് 200 രൂപയ്ക്ക് പെട്രോൾ അടിച്ച തന്റെ കൈയിൽ നിന്നും ഒരു രൂപ അധികമായി പെട്രോൾ പമ്പ് ജീവനക്കാർ കൈക്കലാക്കിയതായി ജിതേഷിന്റെ ശ്രദ്ധയിൽ പെടുന്നത്. ഡിജിറ്റലായി പേയ്മെന്റ് നടത്തുന്ന ഉപഭോക്താക്കൾക്ക് ബാങ്കുകൾ ഡിജിറ്റൽ പേയ്മെന്റ് ഇൻസെന്റീവ് നൽകാറുണ്ട്. ഏകദേശം ഒന്നര രൂപ ഈ രീതിയിൽ ഉപഭോക്താവിന് ലഭിക്കും. ഈ പെട്രോൾ പമ്പിൽ മാത്രമാണ് താൻ ഈ തട്ടിപ്പ് കണ്ടതെന്നും മറ്റ് പെട്രോൾ പാമ്പുകളെ താൻ കുറ്റം പറയാറില്ല എന്നും ജിതേഷ് പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജിതേഷ് ഇക്കാര്യം പങ്കുവച്ചത്.

ജിതേഷിന്റെ കുറിപ്പിന്റെ പൂർണരൂപം ചുവടെ:

'പെട്രോൾ പമ്പിൽ നടക്കുന്ന ചെറിയ ഒരു തട്ടിപ്പ്

അധികം ആരുടെയും ശ്രദ്ധയിൽ പെടാത്ത ഒരു വലിയ തട്ടിപ്പാണിത്

ഇന്ന് വൈകുന്നേരം കോഴിക്കോട്ടെ മിനിബൈപസിൽ ഉള്ള HP പമ്പിൽ നിന്നും ഞാൻ 200 രൂപയുടെ പെട്രോൾ അടിച്ചു സ്ഥിരമായി ഞാൻ ചെയ്യാറുള്ളത് പോലെ Debit card ഉപയോഗിച്ചാണ് പേയ്‌മെന്റ് നടത്തിയത്

ഇതിനുമുമ്പും ഞാൻ ഇതേ തുകയുടെ പെട്രോൾ ഇതേ കാർഡ് ഉപയോഗിച്ച് മറ്റ് പെട്രോൾ പമ്പിൽ നിന്നും അടിക്കാറുള്ളതുകൊണ്ട് അവിടെ നടന്ന ഒരു ചെറിയ തട്ടിപ്പ് ശ്രദ്ധയിൽപെട്ടു.

ഡിജിറ്റൽ പേയ്മെന്റ് നടത്തുന്നസമയത്ത് ബാങ്ക് കസ്റ്റമേഴ്‌സ്ന് ഡിജിറ്റൽ പേയ്‌മെന്റ് ഇൻസെന്റീവ് നൽകാറുണ്ട് ( ഏകദേശം .75%) അതായത് 200രൂപയുടെ പെട്രോൾ അടിക്കുന്ന സമയത്ത് 1.50 രൂപ ഇൻസെന്റീവ് ആയി നമുക്ക് ലഭിക്കും, അത് കഴിച്ച് 198.50 മാത്രമേ നമ്മുടെ അക്കൗണ്ടിൽ നിന്ന് കുറയുകയുള്ളൂ

എന്നാൽ ഇന്ന് ഈ പെട്രോൾ പമ്പിൽനിന്നും 200രൂപയുടെ പെട്രോൾ അടിച്ച സമയത്ത് എന്റെ കാർഡിൽ നിന്നും 200രൂപ എടുക്കുന്നതിന് പകരം( 200 - 1.50= 198.50) പമ്പ് ജീവനക്കാരൻ 201 രൂപയെടുത്തു(201 - 1.50=199.50) അതായത് എനിക്ക് ലഭിക്കേണ്ട 1 രൂപ അവിടെ നഷ്ടമായി

ഒറ്റ നോട്ടത്തിൽ ടോട്ടൽ ബില്ല് തുക നോക്കിയാൽ (199.50) .50 പൈസ എനിക്ക് ലാഭമാണ് എന്ന് തോന്നാവുന്ന ഈ തട്ടിപ്പ് എനിക്ക് മനസിലായത് ഇതിനുമുമ്പും ഞാൻ ഇതേ രൂപക്ക് മറ്റ് പെട്രോൾ പമ്പിൽ നിന്നും പെട്രോൾ അടിക്കുകയും ശരിയായ തുക ഇൻസെന്റീവ് ആയി ലഭിക്കുകയും ചെയ്തതിനാലാണ്.

അവിടെയുള്ള ജീവനക്കാരനോട് എന്തുകൊണ്ടാണ് ഈ രീതിയിൽ ബിൽ ചെയ്തത് എന്ന് ചോദിച്ചപ്പോൾ 199.50 അല്ലെ വന്നിട്ടുള്ളൂ ഇങ്ങനെയാണ് ചെയ്യാറുള്ളതെന്നും പറഞ്ഞതിന് ശേഷം ആ ജീവനക്കാരൻ മുൻപുള്ള ഒരുപാട് ബില്ലുകളും എനിക്ക് കാണിച്ചുതന്നു

എന്റെ കൈയിൽ ഉണ്ടായിരുന്ന പഴയ ബില്ല് ജീവനക്കാരനെ കാണിച്ചസമയത്ത് എനിക്ക് നഷ്ടമായ 1രൂപ തിരികെ നൽകുകയും ചെയ്‌തു

ഇത് ഇവിടെ പറയാനുള്ള കാരണം 1രൂപയല്ല, ഇങ്ങനെ ഒരുപാട് പേരിൽനിന്നും ഇതേ രീതിയിൽ പണം നഷ്ടപ്പെടുമ്പോൾ അതൊരു വലിയ തട്ടിപ്പാകും.

കൂടുതൽ വ്യക്തതക്കായി ഞാൻ 2 ബില്ലുകളും ഇവിടെ പോസ്റ്റ് ചെയ്യുന്നു

എല്ലാ പമ്പുകളിലും ഇതേ തട്ടിപ്പ് നടക്കുന്നുണ്ട് എന്ന അഭിപ്രായം എനിക്കില്ല, ഇനിയെങ്കിലും കാർഡ് ഉപയോഗിച്ച് പേയ്മെന്റ് നടത്തുന്ന സമയത്ത് ഒരു നിമിഷം ബില്ലിലൂടെ കണ്ണോടിക്കുക.'