കുഴിത്തുറ: തിരുവിതാംകൂറിന്റെ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശമാണ് ഉദയഗിരിക്കോട്ട. പദ്മനാഭപുരം തലസ്ഥാനമായിരുന്ന കാലത്ത് തിരുവിതാംകൂർ രാജ്യത്തിന്റെ തന്ത്രപ്രധാനമായ പട്ടാളത്താവളമായിരുന്നു ഉദയഗിരിക്കോട്ട. ഭീമാകാരമായ ഗ്രാനൈറ്റ് കല്ലുകളാൽ നിർമ്മിച്ച കോട്ടയിൽ ടിപ്പു സുൽത്താനുമായുള്ള യുദ്ധത്തിൽ തടവുകാരായി പിടിക്കപ്പെട്ട ഏതാനും യൂറോപ്യൻമാരെയും കുറ്റവാളികളായ മറ്റു പലരെയും അതിനകത്തുണ്ടായിരുന്ന കാരാഗൃഹത്തിൽ പാർപ്പിച്ചിരുന്നു. കോട്ടയുടെ നടുവിലുള്ള കുന്നിന് 80 മീറ്ററിലധികം പൊക്കമുണ്ട്. അഞ്ച് മീറ്ററോളം വണ്ണവും ആറ് മീറ്റർ പൊക്കവുമുള്ള കോട്ട മതിലുകൾ കരിങ്കല്ലു കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
പത്ത് കൊത്തളങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. ഈ കോട്ട വളരെ മുമ്പുതന്നെ വിഘാതമായി കഴിഞ്ഞിരുന്നു എന്നുള്ളതിന് ജാൺ ന്യൂഹാഫിന്റെ വിവരണം സാക്ഷ്യം വഹിക്കുന്നു. ഡിപ്പാർട്ട്മെന്റ് ഒഫ് അർക്കിയോളജി ചെന്നൈ, തമിഴ്‌നാട് വനം വകുപ്പ് എന്നിവയുടെ കീഴിൽ പരിപാലിക്കപ്പെടുന്ന കോട്ടയിൽ ഇപ്പോൾ ജൈവവൈവിദ്ധ്യ പാർക്കും പ്രവർത്തിക്കുകയാണ്. പശ്ചിമഭാഗത്ത് പ്രവേശനകവാടമുള്ള ഈ കോട്ട ഒരു വലിയ കുന്നിനെ ചുറ്റിയാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. ഈ കുന്നിൽ നിന്നു നോക്കിയാൽ കുളച്ചൽ തുറമുഖം ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളെല്ലാം കാണാനാകും. അടുത്തകാലത്തായി കോട്ടയിൽ ഒരു ഭൂഗർഭതുരങ്കവും പുരാവസ്തു ഗവേഷകർ കണ്ടെത്തിയിരുന്നു. പ്രകൃതിയോട് ഇണങ്ങി പാർക്കിലും പരിസരത്തും ചുറ്റിക്കറങ്ങാനും ചരിത്ര സ്മാരകങ്ങൾ കാണാനും ഇപ്പോൾ സന്ദർശകർ ഏറെയാണ്.
തക്കല നിന്ന് 2 കിലോമീറ്റർ അകലെ
തിരുവനന്തപുരത്തു നിന്ന് 55 കിലോമീറ്റർ
നിർമ്മിച്ചത് എ.ഡി 1595 -1607 കാലഘട്ടത്തിൽ
സ്ഥിതിചെയ്യുന്നത് 260 അടി മുകളിൽ
വിസ്തീർണം 90 ഏക്കർ
ഡച്ച് വാസ്തുശില്പ മാതൃകയിൽ നിർമ്മിച്ച പള്ളി നശിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. കത്തോലിക്കരായ ഡിലനോയിക്കും അനുയായികൾക്കും വേണ്ടി മഹാരാജാവ് പണികഴിപ്പിച്ചതാണിത്. ഇതിന്റെ മേൽക്കൂര പൂർണമായും തകർന്ന നിലയിലാണ്. ശ്രദ്ധിക്കാനാളില്ലാതെയും വേണ്ടത്ര സംരക്ഷണം ലഭിക്കാതെയും നാശത്തെ നേരിടുകയാണ് ഈ സ്മാരകം. തേക്ക് തടിയിൽ നിർമിച്ച കഴുക്കോലുകൾ കാണാനില്ല. അവശേഷിക്കുന്ന ചുമരുകൾ ഏതു സമയത്തും നിലംപൊത്തുമെന്ന അവസ്ഥയിലുമാണ്.
ചരിത്ര വഴിയേ
വേണാട് രാജാവായിരുന്ന രവിവർമ്മയുടെ ഭരണകാലത്ത് (എ.ഡി 1595 - 1607) പണിത കോട്ട ചെളി ഉപയോഗിച്ചാണ് നിർമ്മിച്ചിരുന്നത്. പിന്നീട് മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്താണ് (1729 -1758) കരിങ്കല്ലുകൾ കൊണ്ട് കോട്ട പുതുക്കിപ്പണിഞ്ഞത്. കുളച്ചൽ യുദ്ധത്തിൽ തടവുകാരായി പിടിക്കപ്പെട്ട 24 ഡച്ചുകാരിൽ ഒരാളും പിൽക്കാലത്ത് 'വലിയ കപ്പിത്താൻ' (കമാൻഡർ-ഇൻ-ചീഫ്) എന്ന ബഹുമതി നേടിയ വ്യക്തിയുമായ ക്യാപ്ടൻ യൂസ്റ്റാഷിയു ബെനഡിക്റ്റസ്സ് ഡിലനോയി ഈ കോട്ടയിൽ വളരെക്കാലം താവളമടിച്ചിരുന്നു.
37 വർഷം തിരുവിതാംകൂറിൽ വലിയ കപ്പിത്താനായി സേവനമനുഷ്ഠിച്ച ഡിലനോയിയുടെയും കുടുംബത്തിന്റെയും ശവകുടീരങ്ങൾ ഇപ്പോഴും ഇവിടെ കാണാം. തിരുവിതാംകൂർ സൈന്യത്തെ ഡിലനോയി യൂറോപ്യൻ രീതിയിൽ തോക്ക്, പീരങ്കി മുതലായവ ഉപയോഗിച്ചു പരിശീലിപ്പിക്കുകയും ശക്തമാക്കുകയും ചെയ്തു. ഡിലനോയിയുടെ സേവനം, നിരവധി യുദ്ധവിജയങ്ങൾക്കും സൈന്യത്തിന്റെ പരിഷ്കരണത്തിനും കാരണമായി. ഒട്ടേറെ നാട്ടുരാജ്യങ്ങളെ തിരുവിതാംകൂറിലേക്കു ചേർക്കുന്നതിൽ ഡിലനോയിയുടെ യുദ്ധതന്ത്രങ്ങൾ മാർത്താണ്ഡവർമ്മയെ ഏറെ സഹായിച്ചിരുന്നു.
പ്രവേശനം
രാവിലെ 9 മുതൽ 4.30 വരെയാണ് പ്രവേശന സമയം. തിങ്കളാഴ്ച അവധിയാണ് പദ്മനാഭപുരം കൊട്ടാരത്തിൽ നിന്ന് 2 കിലോമീറ്റർ മാത്രം