pic-porsche

ന്യൂഡൽഹി: പ്രമുഖ ജർമ്മൻ അത്യാഡംബര വാഹന നിർമ്മാതാക്കളായ പോർഷേയുടെ പുതിയ മകാൻ, മകാൻ എസ് സ്‌പോർട്ടീ - കോംപാക്‌റ്റ് - എസ്.യു.വി ഇന്ത്യൻ വിപണിയിലെത്തി. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ പോർഷേ ഇന്ത്യ ഡയറക്‌ടർ പവൻ ഷെട്ടി പുതിയ മോഡലുകൾ പുറത്തിറക്കി.

അത്യാകർഷകമായ രൂപകല്‌പന, മികവുറ്റ പെർഫോമൻസ്, ഉന്നത ഫീച്ചറുകൾ, മികച്ച നിർമ്മാണ നിലവാരം എന്നിവ പുതിയ മകാന്റെ സവിശേഷതകളാണ്. പുതിയ എൽ.ഇ.ഡി ടെക്‌നോളജി ഹെഡ്‌ലൈറ്റ്, പിന്നിൽ 3-ഡൈമൻഷണൽ ലൈറ്ര്, വ്യത്യസ്‌തമായ അഞ്ചുതരം സൈഡ് ബ്ളേഡ്‌സ്, പുതിയ 20/21 വീലുകൾ, മൾട്ടി ഫംഗ്‌ഷൻ സ്‌റ്റിയറിംഗ് വീൽ, 10.9 ഇഞ്ച് ടച്ച് സ്‌ക്രീൻ, മികവേറിയ എ.സി സംവിധാനങ്ങൾ എന്നിവയും ശ്രദ്ധേയം.

252 എച്ച്.പി കരുത്തും 370 എൻ.എം ടോർക്കുമുള്ള 2.0 ലിറ്റർ ടർബോചാർജ്ഡ് എൻജിനാണ് മകാനിലുള്ളത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം നേടാൻ 6.5 സെക്കൻഡ് മതി. 227 കിലോമീറ്ററാണ് ടോപ്‌സ്‌പീഡ്. 354 എച്ച്.പി കരുത്തും 480 എൻ.എം ഉയർന്ന ടോർക്കുമുള്ള പുതിയ വി6 എൻജിനാണ് മകാൻ എസിന്റെ ഹൃദയം. മണിക്കൂറിൽ 254 കിലോമീറ്റർ വരെ വേഗത്തിൽ ചീറിപ്പായാൻ കഴിയുന്ന മകാൻ എസ് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം 5.1 സെക്കൻഡിൽ കൈവരിക്കും.

മാംബാ ഗ്രീൻ മെറ്റാലിക്, ഡോളോമൈറ്റ് സിൽവർ മെറ്റാലിക്, മയാമി ബ്ളൂ, ക്രയോൺ നിറഭേദങ്ങളിൽ പുതിയ മകാൻ ലഭിക്കും. മകാന് 69.98 ലക്ഷം രൂപയും മകാൻ എസിന് 85.03 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.