condom

ന്യൂഡൽഹി: വയറുവേദനയ്‌ക്ക് ചികിത്സതേടിയെത്തിയ യുവതിക്ക് ഗർഭ നിരോധന ഉറകൾ വാങ്ങാൻ കുറിപ്പടി നൽകിയ ഡോക്‌ടർക്കെതിരെ അന്വേഷണം. സർക്കാർ ജീവനക്കാരിയായ യുവതി റാഞ്ചിയിലെ ഒരു സർക്കാർ ആശുപത്രിയിലാണ് ചികിത്സ തേടിയെത്തിയത്. ഇവരെ പരിശോധിച്ച ഡോക്‌ടർ മരുന്ന് വാങ്ങിക്കാൻ കുറിപ്പടിയും നൽകി. എന്നാൽ ഇതുമായി മെഡിക്കൽ ഷോപ്പിൽ പോയപ്പോഴാണ് യുവതി ശരിക്കും ഞെട്ടിയത്. വയറുവേദനയ്‌ക്കുള്ള മരുന്നായി ഡോക്‌ടർ കുറിച്ചിരിക്കുന്നത് ഗർഭ നിരോധന ഉറയാണ്. ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അഷ്‌റഫ് ബാദറിനെതിരെയാണ് ആരോപണം.

തുടർന്ന് യുവതി പരാതിയുമായി മുതിർന്ന ഡോക്‌ടർമാരെ സമീപിച്ചു. സംഭവം ജാർഖണ്ഡ് നിയമസഭയിലും വൻ ഒച്ചപ്പാടിന് കാരണമായി. ഇതിന് പിന്നാലെ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച അധികൃതർ ‌ഡോക്‌ടറെ ചോദ്യം ചെയ്യുകയും ആശുപത്രിയിൽ വിശദമായ പരിശോധന നടത്തുകയും ചെയ്‌തു. എന്നാൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നുമാണ് ഡോക്‌ടറുടെ വിശദീകരണം.