കണ്ണൂർ: ഞാറ്റുപാട്ടുകളും കൊയ്തുപാട്ടുകളുമൊക്കെയായി പാടത്ത് പരമ്പരാഗത കർഷകതൊഴിലാളികൾ ഇറങ്ങുന്ന കാഴ്ച മറന്നേക്കുക. മറ്റെല്ലാ തൊഴിൽമേഖലകളിലും കൈയടക്കിയ ഇതരസംസ്ഥാന തൊഴിലാളികൾ പാടത്തേക്ക് ഇറങ്ങിയിരിക്കുന്നു.ഞാറ്റുപാട്ടിന്റെ അലയൊലിയില്ലെങ്കിലും നിര തെറ്റാതെ ഞാറുനട്ട് പിന്നോട്ട് നടക്കാൻ അവർ എളുപ്പത്തിൽ പഠിച്ചെടുത്തിരിക്കുന്നു.
കാട്ടാമ്പള്ളി വെണ്ടോട്ടുവയലിൽ വിസ്തൃതമായ പാടശേഖരത്തിലാണ് അന്യസംസ്ഥാന തൊഴിലാളികളുടെ കൈ കൊണ്ട് നട്ട ഞാറുകൾ വേരുപിടിച്ചുനിൽക്കുന്നത്. കൽക്കട്ട സ്വദേശി അസ്സറുദ്ദിന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഘവും തമിഴ്നാട് സ്വദേശി രാമലിംഗത്തിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘവുമാണ് ഇവിടെ നാട്ടിപ്പണി ഏറ്റെടുത്തിരിക്കുന്നത്. കണ്ണൂർ നാറാത്ത് പഞ്ചായത്ത് പാടശേഖര സമിതിയുടെ എഴുപത് ഹെക്ടറോളം വരുന്ന വയലിലിലാണ് ഇവരുടെ അദ്ധ്വാനം . ഒരേക്കറിന് ആറായിരം മുതൽ ഏഴായിരം രൂപ വരെയാണ് കരാറടിസ്ഥാനത്തിൽ ഇവരുടെ കൂലി. സ്ത്രീകളും യുവാക്കളുമടങ്ങുന്ന സംഘത്തിന്റെ നാട്ടിപ്പണിയിലെ വൃത്തിയും വേഗതയും കണേണ്ടതു തന്നെയാണ്.
വിശ്രമമില്ലാതെ അതിരാവിലെ മുതൽ പണി തുടങ്ങുന്നതിനാൽ കാലവർഷം വൈകി എത്തിയിട്ടു കൂടി വെണ്ടോട് വയലിൽ നാട്ടിപ്പണി തീരാറായ നിലയിലാണ്. പരമ്പരാഗത നാട്ടിപ്പണിക്കാരെ പിന്നിലാക്കുന്ന രീതിയിലാണ് ഇവരുടെ പണി. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി നാറാത്ത് പഞ്ചായത്തിന്റെ ഇടപെടലിലൂടെ ഹെക്ടർ കണക്കിന് തരിശുഭൂമി ഇക്കുറി കൃഷിയോഗ്യമാക്കിയിട്ടുമുണ്ട്. നാറാത്ത് പഞ്ചായത്ത് പാടശേഖരങ്ങളായ പെരുന്തുരുത്തി, മലോട്ട് - പള്ളേരി, വെണ്ടോട്ട്, മാതോടം, മാതോടം കൈപ്പാട്ട് എന്നി അഞ്ച് പാടശേഖര വയലുകളിലും അന്യസംസ്ഥാന നാട്ടിപ്പണിക്കാരുടെ സാന്നിധ്യമുണ്ടായിരുന്നു.
മുൻവർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ചെലവ് കൂടിയതും പണിക്കാരെ കിട്ടാത്തതും ട്രാക്ടർ, കൊയ്ത്ത് യന്ത്രം എന്നിവയുടെ ലഭ്യതക്കുറവും കാരണം നിരവധി പരമ്പരാഗത കർഷകർ നെൽകൃഷിയിൽ നിന്നും പിന്നോട്ടടിച്ചിരുന്നു.ഇവർക്കെല്ലാം അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുവരവ് ആശ്വാസമായിട്ടുണ്ട്.ഇതിന് പുറമെ തരിശായി കിടന്ന നിരവധി സ്ഥലങ്ങൾ ആളുകൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യാനും തുടങ്ങിയിട്ടുണ്ട്.
തൊഴിലാളികളെ എത്തിക്കുന്നത് ഏജന്റുമാർ
സംസ്ഥാനത്തിന് അകത്തും പുറത്തുമായി പരമ്പരാഗതമായി കാർഷികവൃത്തിയിൽ ഏർപ്പെടുന്നവരാണ് അന്യസംസ്ഥാന തൊഴിലാളികൾ. ഓരോ പ്രദേശത്തെ നെൽകൃഷി സമയത്ത് ഇവരെ എത്തിച്ച് കൊടുക്കുന്നത് ഏജന്റുമാരാണ്. എന്നിരുന്നാലും ഇവരുടെ കടന്നുവരവ് കാർഷിക മേഖലയ്ക്ക് മുതൽകൂട്ടാവും.