ആദം ഡാനിയൽ പേളിന് ഇപ്പോൾ പതിനേഴു വയസ്. അവൻ കണ്ടിട്ടില്ല, അച്ഛൻ ഡാനിയൽ പേളിനെ. വാൾ സ്ട്രീറ്റ് ജേർണലിന്റെ സൗത്ത് ഈസ്റ്റ് ഏഷ്യൻ ബ്യൂറോ ചീഫ് ആയി അമേരിക്കയിൽ നിന്ന് മുംബെയിൽ കുടുംബസമേതം താമസമാക്കിയ ഡാനിയലിന് 2002 ജനുവരിയിൽ എക്സിക്യൂട്ടീവ് എഡിറ്റർ ഒരു അസൈൻമെന്റ് നൽകി. അമേരിക്കയിലെ 9/11 ഭീകരാക്രമണത്തിനു ശേഷം യു.എസ് സർക്കാർ പ്രഖ്യാപിച്ച 'വാർ ഓൺ ടെറർ" പ്രചാരണ പദ്ധതിയെക്കുറിച്ച് പാകിസ്ഥാനിൽ പോയി ഒരു ന്യൂസ് സ്റ്റോറി ഫയൽ ചെയ്യുക. പറ്റുമെങ്കിൽ ഒരു വാർത്താ പരമ്പര. മുംബെയിൽ നിന്ന് ഡാനിയൽ കറാച്ചിയിലേക്ക് പുറപ്പെടുമ്പോൾ അമ്മ മേരിയൻ വാൻ നെയൻഹോഫിന്റെ ഉദരത്തിൽ ആറാം മാസത്തിന്റെ ഉറക്കത്തിലായിരുന്നു, ആദം. ഗ്ലാമർ മാഗസിനിൽ റിപ്പോർട്ടർ ആയിരുന്ന മേരിയനെ 1999 ലാണ് ഡാനിയൽ പാരീസിൽ വച്ച് പരിചയപ്പെടുന്നത്. പ്രണയം, വിവാഹം... മേരിയൻ ജോലി രാജിവച്ച് ഭർത്താവിനൊപ്പം കൂടി. ഡാനിയൽ മുംബെയ്ക്ക് പോരുമ്പോൾ ഒപ്പം മേരിയനുമുണ്ടായിരുന്നു. അച്ഛനെക്കുറിച്ച് മേരിയൻ പിന്നീട് പലവട്ടം ആദമിനോട് പറഞ്ഞു കൊടുത്തിട്ടുണ്ടാകും, ഡാനിയൽ മുംബെയിൽ നിന്നു കറാച്ചിയിലേക്കു പുറപ്പെട്ട അവസാന യാത്രയുടെ കഥയും...
ഡാനിയൽ പേൾ എന്ന അമേരിക്കൻ പത്രപ്രവർത്തകനെ കറാച്ചിയിൽ ബന്ദിയാക്കിയ ജയ്ഷെ ഭീകരർ, ഒൻപതാം ദിവസം അദ്ദേഹത്തെ തലയറുത്തു കൊന്നു. നാലുമാസത്തോളം കഴിഞ്ഞ് ഡാനിയലിന്റെ മൃതദേഹം പാക് പൊലീസ് കണ്ടെടുത്തു. മൃതദേഹമെന്നു പറയാനില്ല, കറാച്ചിയിൽ നിന്ന് നാല്പത്തിയെട്ടു കിലോമീറ്റർ അകലെ ഗഡാപ്പിൽ പത്തുകഷണങ്ങളാക്കി വെട്ടിനുറുക്കി കുഴിച്ചിട്ട ശരീരഭാഗങ്ങൾ പൂർണമായും ജീർണിച്ചിരുന്നു. പിന്നീട് പാകിസ്ഥാനിലെ ഒരു മനുഷ്യാവകാശ പ്രവർത്തകൻ ഈ ശരീരാവശിഷ്ടങ്ങൾ ശേഖരിച്ച് അമേരിക്കയിലെ ബന്ധുക്കൾക്ക് അയച്ചുകൊടുത്തു. പാക് ഭീകരതയുടെ അനന്തരകഥകളൊന്നുമറിയാതെ ഡാനിയൽ ലോസ് ആഞ്ചലസിലെ മൗണ്ട് സിനായ് മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ ഉറങ്ങുന്നു. ഡാനിയലിനെ ബന്ദിയാക്കിയ ശേഷം മോചനത്തിന് ഉപാധി വച്ച് അമേരിക്കൻ അധികൃതർക്ക് കറാച്ചിയിൽ നിന്ന് ഇ-മെയിൽ സന്ദേശമയച്ച കംപ്യൂട്ടറിന്റെ ഐ.പി അഡ്രസിൽ നിന്ന് അന്വേഷണമാരംഭിച്ച എഫ്.ബി.ഐ സംഘം പാക് പൊലീസിന് ആ വിവരം കൈമാറി. പ്രതി: അഹമ്മദ് ഒമർ സയ്യിദ് ഷെയ്ഖ്. മസൂദ് അസറിന്റെ വലംകൈ.
ഇന്ത്യയുടെ നയതന്ത്ര പരാജയത്തിന്റെ എക്കാലത്തെയും വലിയ പഴുതിലൂടെ കാണ്ഡഹാറിൽ മോചിതനായ മസൂദ് അസർ ആഴ്ചകൾക്കകം കറാച്ചിയിൽ ഒരു യോഗം വിളിച്ചു. മസൂദിന്റെ മാന്ത്രികപ്രസംഗം കേൾക്കാനെത്തിയ പതിനായിരത്തോളം ചെറുപ്പക്കാരോട് അയാൾ പ്രഖ്യാപിച്ചു, 'ഇന്ത്യ എന്ന രാജ്യത്തെ പൂർണമായും നശിപ്പിക്കാതെ നിങ്ങൾക്കു മനസമാധാനത്തോടെ ഉറങ്ങാനാവില്ല എന്നു പറയാൻ വേണ്ടി മാത്രമാണ് ഞാൻ വന്നത്. കാശ്മീരിനെ ഇന്ത്യയിൽ നിന്ന് മുറിച്ചു മാറ്റുക." കാശ്മീർ അതു മാത്രമായിരുന്നു, രണ്ടായിരാമാണ്ട് ആദ്യം ജയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടന രൂപീകരിക്കുമ്പോൾ മസൂദിനു മുന്നിൽ വിശുദ്ധയുദ്ധത്തിനുള്ള തുഷാരഭൂമി. ആ വർഷം ഏപ്രിലിൽ കാശ്മീരിലെ ഇന്ത്യൻ സൈനിക ബാരക്കിൽ ജയ്ഷെ മുഹമ്മദിന്റെ ആദ്യ ചാവേർ സ്ഫോടനം. വീരമൃത്യു വരിച്ചത് അഞ്ച് ഇന്ത്യൻ സൈനികർ. ഇന്ത്യയ്ക്കെതിരെ മസൂദ് അസറിന്റെ യഥാർത്ഥ യുദ്ധപ്രഖ്യാപനമായിരുന്നു അത്. പിന്നീട് 2001 ഡിസംബർ 13 ന് ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിലെ ഭീകരാക്രമണം. കൊല്ലപ്പെട്ടത് ഡൽഹി പൊലീസിലെ ആറു ഭടന്മാർ, പാർലമെന്റ് സുരക്ഷാവിഭാഗത്തിലെ രണ്ടുപേർ, ഒരു തോട്ടക്കാരൻ, അഞ്ചു ഭീകരർ. ആകെ 14 മരണം. ഇന്ത്യയെയും പാകിസ്ഥാനെയും യുദ്ധത്തിന്റെ വക്കോളമെത്തിച്ച സംഭവത്തിൽ രാജ്യാന്തര സമ്മർദ്ദം കാരണം പാകിസ്ഥാൻ മസൂദ് അസറിനെ കസ്റ്റഡിയിലെടുത്തു. ചാർജ് ചെയ്യപ്പെട്ട കുറ്റങ്ങളൊന്നുമില്ലാതെ സസുഖം വീട്ടുതടങ്കൽ. 2002 ഡിസംബർ 14ന് ലാഹോർ ഹൈക്കോടതി ഒരു ഉത്തരവിറക്കി: ചാർജ് ചെയ്യപ്പെട്ട കേസുകളില്ലെങ്കിൽ മസൂദ് അസറിന്റെ വീട്ടുതടങ്കൽ അന്യായമാണ്. മസൂദിനെ മോചിപ്പിക്കുക! ഇന്ത്യയുടെ കരച്ചിൽ ആരും കേട്ടില്ല.
2008 നവംബറിൽ 166 പേരുടെ മരണത്തിനിടയാക്കിയ മുംബയ് ഭീകരാക്രമണ പരമ്പരയെ തുടർന്ന് പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ സൈന്യം നടത്തിയ റെയ്ഡിനിടെ മുസാഫറാബാദിലെ ഒരു ക്യാമ്പിൽ നിന്ന് മസൂദ് അസർ പിടിയിലായതായി വാർത്തകൾ വന്നു. പക്ഷേ, പാകിസ്ഥാൻ അതു നിഷേധിച്ചു. മസൂദ് അസറിനെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് പാകിസ്ഥാൻ ആവർത്തിക്കുമ്പോഴെല്ലാം അയാൾ ഭവൽപൂരിലുണ്ടായിരുന്നു , സർക്കാരിന്റെയും സൈന്യത്തിന്റെയും അറിവോടെ. ആറുവർഷം നിശ്ശബ്ദനായിരുന്ന അസർ പിന്നെ പ്രത്യക്ഷനായത് 2014 ജനുവരി 26 ന്, മുസാഫറാബാദിലെ ഒരു റാലിയുടെ പ്രസംഗവേദിയിൽ. അസർ ആ മുദ്രാവാക്യം ആവർത്തിച്ചു : 'കാശ്മീരിനായി ജിഹാദ് . "
2016 ജനുവരി 2 . ഇന്ത്യൻ എയർഫോഴ്സ് സ്റ്റേഷൻ പത്താൻകോട്ട്, പഞ്ചാബ്. ദിനനഗറിലെ പൊലീസ് സൂപ്രണ്ട് സൽവിന്ദർ സിംഗിന്റെ കാർ നാല് അജ്ഞാതർ 2015 ഡിസംബർ 31 നു രാത്രി തട്ടിക്കൊണ്ടു പോകുന്നിടത്തു നിന്ന് തുടങ്ങുന്നു, പത്താൻകോട്ട് ആക്രമണത്തിന്റെ തിരക്കഥ. കാർ പിന്നീട് കണ്ടെത്തിയത് എയർബേസിന് അഞ്ഞൂറുമീറ്റർ മാത്രം അകലെ. എയർഫോഴ്സ് സ്റ്റേഷന്റെ മതിലിന് പതിനൊന്ന് അടി ഉയരം. രാത്രി മുഴുവൻ കണ്ണുതുറന്നിരിക്കുന്ന ഫ്ളഡ് ലൈറ്റുകൾ. മതിൽ ചാടിക്കടക്കുക അസാദ്ധ്യം. അകത്തുനിന്ന് ആരെങ്കിലും സഹായിക്കാനുണ്ടാകണം. ജനുവരി രണ്ടിന് രാത്രി, ക്യാമ്പിന്റെ ഒരു വശത്ത്, ഉയർന്നു വളർന്ന പുല്ലുകളും മരങ്ങളും നിറഞ്ഞ ഭാഗത്തെ മതിലിലേക്കു തിരിഞ്ഞിരിക്കുന്ന ഫ്ളഡ് ലൈറ്റുകളിൽ ഒന്നുപോലും തെളിഞ്ഞില്ല... ഇരുളിന്റെ മറവിൽ എയർഫോഴ്സ് സ്റ്റേഷന്റെ കൂറ്റൻ മതിൽ കടന്നെത്തിയത് ആറു ഭീകരർ, 50 കിലോഗ്രാം ഭാരം വരുന്ന വെടിമരുന്ന്, 30 കിലോ ഗ്രനേഡുകൾ, ആയുധങ്ങൾ... ആക്രമണത്തിൽ മരണമടഞ്ഞത് ഏഴ് സുരക്ഷാ ഭടന്മാർ, ഒരു എയർഫോഴ്സ് കമാൻഡോ, ഒരു എൻ.എസ്.ജി ഭടൻ, അഞ്ച് ഭീകരർ. മൂന്നുദിവസത്തോളം നീണ്ട ആക്രമണം. മസൂദ് അസർ തന്നെയായിരുന്നു ആക്രമണത്തിനു പിന്നിൽ. ഏറ്റവുമൊടുവിൽ, ഇന്ത്യ - പാക് ബന്ധം ഏറ്റവും വഷളാക്കിയ പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ, ഒരിക്കൽ ഇന്ത്യ വിട്ടയച്ച അതേ മസൂദ് അസർ തന്നെ! ഇന്ത്യൻ നയതന്ത്ര പരാജയത്തിൽ വിജയികളായ നായകരെപ്പോലെ കാണ്ഡഹാറിൽ നിന്ന് കൈവീശി യാത്ര പറഞ്ഞുപോയ ആ മൂന്നു പേർ മസൂദ് അസർ, അഹമ്മദ് ഒമർ സയ്യിദ് ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് സർഗാർ അവരിപ്പോൾ എവിടെയുണ്ട് ?
അനന്തര കഥ നാളെ