fbi

വാഷിംഗ്‌ടൺ: അമേരിക്കയിലെ അരിസോണ നഗരത്തിലുള്ള മൃതദേഹ ദാന കേന്ദ്രത്തിൽ പരിശോധന നടത്തിയ യു.എസ് കുറ്റാന്വേഷണ ഏജൻസി (എഫ്.ബി.ഐ) ഉദ്യോഗസ്ഥർ അക്ഷരാർത്ഥത്തിൽ ഞെട്ടി. നിരവധി മൃതദേഹങ്ങൾ വെട്ടിനുറുക്കി പലയിടത്തായി കൂട്ടിയിട്ടിരിക്കുന്നു, ഒരു ബക്കറ്റിൽ നിറയെ മനുഷ്യരുടെ കൈ കാലുകൾ, ശീതീകരണ യന്ത്രത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന ജനനേന്ദ്രിയങ്ങൾ, മൃതദേഹത്തിൽ നിന്നും തലവെട്ടി മാറ്റി മറ്റൊരെണ്ണം വച്ചുപിടിപ്പിച്ചിരിക്കുന്നു...ഇങ്ങനെ മനുഷ്യമനസിനെ മരവിപ്പിക്കുന്ന വിധത്തിലുള്ള കാഴ്‌ചകളാണ് അരിസോണയിലെ ബയോളജിക്കൽ റിസർ‌ച്ച് സെന്ററിൽ (ബി.ആർ.സി) എഫ്.ബി.ഐ സംഘത്തിനെ കാത്തിരുന്നത്. ശാസ്ത്രീയ പരീക്ഷണങ്ങൾക്കും മെഡിക്കൽ പരിശോധനയ്‌ക്കും വേണ്ടി മാത്രം ഉപയോഗിക്കുമെന്ന ഉറപ്പിൻമേൽ വിട്ടുകൊടുത്ത മൃതദേഹമാണ് ഇത്തരത്തിൽ ഉപയോഗിച്ചതെന്നാണ് വിവരം. സംഭവം വിവാദമായതിനെ തുടർന്ന് മെഡിക്കൽ സെന്റർ നടത്തിപ്പുകാർക്കെതിരെ കോടതി നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്.

സെന്ററിൽ നിന്നും അനധികൃതമായി മൃതദേഹങ്ങൾ വിൽപ്പന നടത്തുന്നുവെന്ന പരാതിയെ തുടർന്ന് 2014ലാണ് എഫ്.ബി.ഐ ഇവിടെ പരിശോധന നടത്തിയത്. എന്നാൽ ഈ പരിശോധനയുടെ റിപ്പോർട്ട് പുറത്തുവിടാൻ എഫ്.ബി.ഐ തയ്യാറായിരുന്നില്ല.ഇതിനിടയിൽ മൃതദേഹം കൈമാറിയവരുടെ ബന്ധുക്കൾ വിശ്വാസവഞ്ചന ആരോപിച്ച് സെന്ററിന്റെ നടത്തിപ്പുകാരന്റെ പേരിൽ നൽകിയ കേസിൽ വാദം നടക്കാനിരിക്കെയാണ് കോടതി എഫ്.ബി.ഐ സംഘത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. സെന്ററിൽ തങ്ങൾ കണ്ട കാഴ്‌ചയുടെ ഭീകരതയിൽ നിന്നും ഇതുവരെ മുക്തമായിട്ടില്ലെന്ന മുഖവുരയോടെയാണ് എഫ്.ബി.ഐ ഉദ്യോഗസ്ഥർ കോടതിയിൽ മൊഴി നൽകിയത്.

2755 ശരീരഭാഗങ്ങൾ ഇത്തരത്തിൽ സെന്ററിൽ കണ്ടെത്തിയതായാണ് എഫ്.ബി.ഐയുടെ റിപ്പോർട്ട്. സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ പലർക്കും തുടർന്നുള്ള ദിവസങ്ങളിൽ ഉറക്കം നഷ്ടപ്പെട്ട് ചികിത്സതേടേണ്ട അവസ്ഥവരെയുണ്ടായി. മൃതദേഹങ്ങളിൽ ചിലത് അമേരിക്കൻ സൈന്യത്തിന് ബോംബ് പരീക്ഷണത്തിനായി നൽകിയെന്ന ഞെട്ടിക്കുന്ന വിവരവും റിപ്പോർട്ടിലുണ്ട്. കുഴിബോംബുകൾ മനുഷ്യശരീരത്തിൽ എങ്ങനെ ബാധിക്കുന്നു എന്ന പരീക്ഷണത്തിനായിരുന്നു ഇവ ഉപയോഗിച്ചത്. ഓരോ ശരീരഭാഗത്തിനും പ്രത്യേകം വിലയിട്ടാണ് വിൽപ്പന നടത്തിയിരുന്നത്. ഒരു ഇറച്ചിക്കടയ്ക്കുസമാനമായ അവസ്ഥയായിരുന്നു സെന്ററെന്നും ഉദ്യോഗസ്ഥർ പറയുന്നു. 2014ൽനടന്ന പരിശോധനയെത്തുടർന്ന് ഇപ്പോൾ ബി. ആർ.സി. അടച്ചിട്ടിരിക്കുകയാണ്. 2015ലാണ് ബന്ധുക്കൾ സ്ഥാപനത്തിന്റെ പേരിൽ കേസ് ഫയൽചെയ്തത്. 2015ൽ ഉടമ സ്റ്റീഫൻ ഗോറിനെ ഒരുവർഷം തടവിനും നാലുവർഷം നല്ലനടപ്പിനും ശിക്ഷിച്ചിട്ടുണ്ട്. 2007 മുതൽ സെന്ററിൽ നിന്നും അനധികൃത മൃതദേഹ വിൽപ്പന നടക്കുന്നതായും കോടതി കണ്ടെത്തിയിട്ടുണ്ട്.