woman

ഏറെ സ്വപ്നങ്ങളോടെയാണ് ഒരു സ്ത്രീ അവളുടെ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ ഭർത്താവിനാൽ ചതിക്കപ്പെട്ട് വേശ്യാഗൃഹത്തിൽ എത്തേണ്ടി വന്നാലോ? ആ കഥ പറയുകയാണ് മുംബൈയിലെ ഈ സ്ത്രീ, ഇവർക്ക് അവിടെ നിന്നും രക്ഷപെടാനുള്ള അവസരങ്ങൾ ഭർത്താവ് തന്നെ വീണ്ടും ഇല്ലാതാക്കി. ഒടുവിൽ അവിടെ നിന്നും പുറത്തിറങ്ങിയപ്പോഴും കഷ്ടപ്പാടുകൾ അവരെ വിട്ടുമാറിയില്ല. ഓടയിൽ നിന്നുമുള്ള വെള്ളം കുടിച്ച് ജീവിതം തള്ളി നീക്കേണ്ട അധോഗതി വരെ അവർക്കുണ്ടായി. അതിനൊപ്പം തന്റെ മക്കളെ നന്നായി നോക്കുക എന്ന ബാദ്ധ്യതയും അവർക്ക് മേൽ വന്നു വീണു. അവിശ്വസനീയമെന്ന് തോന്നാം. എന്നാൽ സത്യമാണ്. 'ഹ്യൂമൻസ് ഒഫ് ബോംബെ' എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഇവർ തന്റെ അനുഭവം പങ്കുവച്ചത്.

'എനിക്ക് വെറും 16 വയസ് മാത്രമുള്ളപ്പോഴാണ് എന്റെ ഭർത്താവ് എന്നെ ചുവന്ന തെരുവിൽ വിറ്റത്. ചെറുപ്പത്തിൽ വീടുവിട്ടവളാണ് ഞാൻ. ഒരിടത്ത് ജോലിക്കാരിയായിരുന്നപ്പോഴാണ് ഞാൻ അയാളെ കണ്ടുമുട്ടിയത്. അവിടുന്ന് അയാൾ എന്നെ മുംബൈയിലേക്കാണ് കൊണ്ടുവന്നത്. ഒരു വർഷത്തോളം ഞാനവിടെയൊരു വീട്ടിൽ ജോലി ചെയ്തു. ഇതിനിടെ ഒരു ആൺകുഞ്ഞിനേയും പ്രസവിച്ചു. ഇതിന് ശേഷം ഒരു ദിവസം എന്നെയും കുഞ്ഞിനെയും അയാൾ മുംബയിലെ കുപ്രസിദ്ധമായ ചുവന്ന തെരുവിലേക്ക് കൊണ്ടുപോയി. അവിടെ ഞങ്ങളെയിരുത്തിയിട്ട് ഇപ്പോൾ വരാമെന്ന് പറഞ്ഞ് അയാൾ പുറത്തേക്ക് പോയി.

ഒരു മണിക്കൂറോളം ഞാൻ അയാളെ കാത്തിരുന്നു.അയാളെ ഞാൻ അന്വേഷിക്കാൻ തുടങ്ങി. എന്നാൽ അയാൾ അവിടെനിന്നും അയാൾ പോയിരുന്നു. ആകെത്തകർന്നുപോയ ഞാൻ കുഞ്ഞിനെയുമെടുത്ത് പുറത്തേക്കു പോകാൻ തുടങ്ങിയപ്പോഴാണ് എന്നെ തടഞ്ഞുകൊണ്ട് ഒരു മനുഷ്യൻ എന്റെ മുന്നിലേക്കെത്തിയത്. അയാൾ എന്നോട് ഉണ്ടായ കാര്യം പറഞ്ഞു. എന്റെ ഭർത്താവ് 40,000 രൂപയ്ക്ക് എന്നെ വിറ്റിരുന്നു എന്ന വിവരം. അയാൾ എനിക്ക് മുന്നിൽ ഉപാധികൾ വച്ചു. ഞാനവിടെ ജോലി ചെയ്യണം, ഇല്ലെങ്കിൽ അയാൾക്ക് ചിലവായ കാശ് തിരികെക്കൊടുക്കണം.

ഞാൻ തകർന്നുപോയി. എട്ടു ദിവസത്തോളം പുറത്തിറങ്ങാതെ ഞാൻ അവിടുത്തെ മുറിയിൽ കഴിച്ചുകൂട്ടി. എന്റെ കുഞ്ഞിന് മാത്രമായി ഞാൻ ആഹാരം നൽകി. എനിക്ക് ഒന്നും കഴിക്കാൻ സാധിച്ചില്ല. കൈയിൽ കാശൊന്നുമുണ്ടായിരുന്നില്ല. അവിടെ മുന്നോട്ട് പോകാതെ വേറൊരു വഴിയും ഞാൻ മുന്നിൽ കണ്ടില്ല. ഒൻപതാം ദിവസം ഞാൻ എന്റെ ആദ്യത്തെ കസ്റ്റമറെ സ്വീകരിച്ചു. ഏഴുമാസത്തോളം അവിടെ ജോലിചെയ്തു. എന്നിട്ടും ആകെ സമ്പാദിക്കാനായത് വെറും 25,000 രൂപ മാത്രമാണ്. ഒരു ദിവസം എന്റെ ഭർത്താവ് മടങ്ങിവന്നു. ഞാൻ അതുവരെ സമ്പാദിച്ച പണമായ, എന്റെ സ്വാതന്ത്ര്യത്തിന്റെ വില കൈക്കലാക്കി അയാൾ സ്ഥലംവിട്ടു. ഞാൻ എന്തുചെയ്യണം എന്നറിയാതെ തളർന്നിരുന്നുപോയി.

അവിടെ നിന്നുകൊണ്ടുതന്നെ വീണ്ടും ണ്ടും ഞാൻ എന്റെ ജീവിതം തള്ളിനീക്കി. ഒരു ദിവസം ദയാവാനായ ഒരു കസ്റ്റമറാണ് എന്നെ കാണാനായി അവിടെയെത്തിയത്. അവിടെ നിന്നും മോചിപ്പിക്കാമെന്നും വിവാഹം കഴിക്കാമെന്നും അയാൾ എന്നോട് പറഞ്ഞു. ഞങ്ങൾ തമ്മിൽ ബന്ധം ആരംഭിച്ചു. ആ ബന്ധത്തിൽ എനിക്ക് രണ്ട് പെൺകുഞ്ഞുങ്ങളുണ്ടായി . അയാൾ നേരത്തെ തന്നെ വിവാഹിതനാണ് എന്ന സത്യം അറിഞ്ഞപ്പോൾ ഞാൻ ഏറെ വൈകിപ്പോയിരുന്നു. മൂന്നു കുഞ്ഞുങ്ങളുള്ള എനിക്ക് ഒരു കാര്യം ചെയ്യണമായിരുന്നു. അവരെ നന്നായി വളർത്തുക. അവർ ഒരു രീതിയിലും ആ വൃത്തികെട്ട തെരുവിലേക്ക് എത്തരുതെന്ന് എനിക്ക് നിർബന്ധമായിരുന്നു. ഞാൻ ഇതുവരെ സമ്പാദിച്ച പണമെല്ലാം അതിനായി ഉപയോഗിക്കാൻ തീരുമാനിച്ചു.

അതിനുവേണ്ടി ബോർഡിങ് സ്കൂളിനെയും ഹോസ്റ്റലുകളെയുമൊക്കെ ഞാൻ സമീപിച്ചു. എല്ലാവരും എന്നെ അകറ്റുകയാണ് ചെയ്തത്. ഈ സമയത്ത് എനിക്ക് ഭക്ഷണം പോലും കഴിയ്ക്കാനായില്ല. ഓടയിലെ മലിന ജലം പോലും കുടിക്കേണ്ടി വന്നു. അങ്ങനെയാണ് ഞാൻ ഒരു ഒരു സന്നദ്ധ സംഘടനയുമായി ബന്ധപ്പെടുന്നത്. എന്റെ കുട്ടികളെ ബോർഡിങ്ങിൽ ചേർത്ത് പഠിപ്പിക്കാനുള്ള തുക അവരാണെനിക്ക് കണ്ടെത്തിത്തന്നത്, അവർ എനിക്കൊരു ജോലി നൽകി. ലൈംഗികത്തൊഴിലാളികൾക്ക് കോണ്ടം വിൽക്കുന്നതും അവർക്ക് ബോധവൽക്കരണം നൽകുന്നതുമായിരുന്നു എന്റെ ചുമതല. അധികം താമസിയാതെ തന്നെ എനിക്ക് അവരുടെ ഓഫീസിൽ ജോലിയായി.

അതിനുശേഷം ഇപ്പോൾ പതിനഞ്ച് വർഷങ്ങൾ കഴിഞ്ഞു . എനിക്ക് ഇപ്പോൾ സ്വന്തമായി വീടുണ്ട്, എന്റെ മക്കൾക്ക് ആവശ്യമുള്ള വിദ്യാഭ്യാസം ഞാൻ നൽകി. അവർ ഇപ്പോൾ വിവാഹിതനാണ്. വളരെ നല്ലൊരു ജീവിതമാണ് ഇപ്പോൾ ഞാൻ നയിക്കുന്നത്. ഇപ്പോഴും ഞാൻ ആ സന്നദ്ധ സംഘടനയിൽ ജോലി ചെയ്ത് എന്നെക്കൊണ്ട് ആവുന്നിടത്തോളം സ്ത്രീകളെ ഞാൻ സഹായിക്കുന്നുണ്ട്.

ഞാൻ അതിജീവിച്ച ആ കറുത്ത ദിനങ്ങൾ പല രാത്രികളിലും എന്റെ ഉറക്കം കെടുത്താറുണ്ട് . മുന്നോട്ട് പോകാൻ കഴിയുമോ എന്ന് യാതൊരു ഉറപ്പുമില്ലാത്ത ആ ദിവസങ്ങൾ താണ്ടിയാണ് ഞാൻ ഇതുവരെ എത്തിയത്. അഭിമാനവും അന്തസും അന്ന് എനിക്ക് കൈമോശം വന്നിരുന്നു. ആ പ്രതിബന്ധങ്ങളെയെല്ലാം തട്ടി തകർത്ത് ഇന്ന് ധീരതയോടെയാണ് ഞാൻ നിൽക്കുന്നത്. ആ പഴയ ജീവിതത്തെ കുറിച്ചുള്ള ഓർമ്മകൾ ഞാൻ പിന്നിൽ ഉപേക്ഷിച്ചിട്ടുണ്ട്. എന്റെ ജീവിതം ഇന്ന് എന്റേത് മാത്രമാണ്. ഇന്ന്...ഞാൻ സ്വതന്ത്രയാണ്.'