ആണുങ്ങൾക്ക് താടി എന്നത് ഒരു അഭിമാന പ്രശ്നം തന്നെയാണ്. അവിടെ ഇവിടെയായി കിളിർത്ത് നിൽക്കുന്ന താടിരോമങ്ങൾ കാരണം ബുദ്ധിമുട്ടുന്ന യുവാക്കളുടെ എണ്ണം വല്ലാതെയങ്ങ് കൂടിവരികയാണ്. കട്ടിത്താടിയും കട്ടിമീശയും ഉള്ളവരെയാണ് സ്ത്രീകൾ കൂടുതലും ശ്രദ്ധിക്കുന്നത് എന്ന വസ്തുതയും ഈ 'താടിയില്ലാ' യുവസുന്ദരന്മാരുടെ ഉറക്കം കെടുത്തുന്നുണ്ട്. കൂടുതൽ ഷേവ് ചെയ്‌താൽ കൂടുതൽ താടി വളരും എന്ന മിഥ്യാധാരണയിൽ ക്ഷൗരത്തിനുള്ള ഉപകരണങ്ങൾ വാങ്ങിച്ച് കൂട്ടുന്ന യുവകോമളന്മാരുടെ എണ്ണവും ചെറുതല്ല. ഇത്തരത്തിലുള്ള യുവാക്കളുടെ പ്രധാന ആയുധമാണ് ആവണക്കെണ്ണ. ഇംഗ്ലീഷിൽ ഇതിന് കാസ്റ്റർ ഓയിൽ എന്നാണ് പറയുന്നത്. എന്നാൽ ആവണക്കെണ്ണ സത്യത്തിൽ താടി വളരാൻ ഉപകരിക്കുമോ? വാസ്തവം ഒന്ന് അറിയണമല്ലോ.
ആവണക്കെണ്ണ താടിയിൽ അമർത്തി തേച്ചാൽ താടിയിൽ ജലാംശം നിലനിൽക്കാനുള്ള സാദ്ധ്യത കൂടുതലാണ്. മാർദ്ദവമാർന്ന, വഴക്കമുള്ള താടി രോമങ്ങൾ ഇതിലൂടെ നേടാനാകും. താടി രോമങ്ങളുടെ വേരുകൾ ആവണക്കെണ്ണ പ്രയോഗത്തിലൂടെ ശക്തിയാർജിക്കും എന്നതും മറ്റൊരു പ്രത്യേകതയാണ്. കട്ടി കുറഞ്ഞ താടി ഉള്ളവർക്ക് ഇടക്കുള്ള മുഖത്തെ രോമമില്ലാത്ത ഇടങ്ങൾ രോമങ്ങൾ കൊണ്ട് നിറയ്ക്കാനും ആവണക്കെണ്ണ ഉപകാരപ്പെടും. അത് മാത്രമല്ല കൂടിയ അളവിൽ ഈ എണ്ണതേയ്ക്കുകയാണെങ്കിൽ താടിക്ക് നല്ല കട്ടിയുള്ളത് പോലെ തോന്നിക്കുകയും ചെയ്യാം. താടി രോമങ്ങൾ പൊട്ടിപോകുകയോ പൊഴിഞ്ഞുപോകുകയോ ചെയ്യുന്നവരും വിഷമിക്കേണ്ട. ആവണക്കെണ്ണ അവിടെയും നിങ്ങളെ സഹായിക്കും. ഈ ഭാഗത്തുള്ള രക്തയോട്ടം കൂടുതലാണെകിൽ സ്വാഭാവികമായും താടി വളർച്ചയും കൂടും. അതിനുള്ള ഉത്തമ ഔഷധവും ആവണക്കെണ്ണ തന്നെയാണ്. താടിയിൽ താരനുണ്ടോ? വിഷമിക്കേണ്ട കാര്യമില്ല. ആവണക്കെണ്ണ തന്നെയാണ് പ്രതിവിധി.
ചുരുക്കി പറഞ്ഞാൽ ആവണക്കെണ്ണ താടിയിൽ തേയ്ക്കുന്നത് കൊണ്ട് താടിയില്ലാ പുരുഷന്മാരേ, നിങ്ങൾക്ക് ഗുണം മാത്രമേ ഉള്ളൂ. പക്ഷെ ഒരു കാര്യം ശ്രദ്ധിക്കണം. നല്ല ഗുണമേന്മയുള്ള ആവണക്കെണ്ണ വേണം മുഖം പുരട്ടാൻ. പ്രോസസ് ചെയ്ത, റിഫൈൻ ചെയ്ത എണ്ണകൾ ഇതിനായി ഉപയോഗിക്കരുത്. മാത്രമല്ല താടി വളർത്തുന്നതിനായി ഉപയോഗിക്കുന്ന ആവണക്കെണ്ണയിൽ ആവശ്യത്തിന് റിസിനോളിക്ക് ആസിഡും ഉണ്ടായിരിക്കണം.