ബംഗളൂരു: കർണാടക നിയമസഭയിൽ യെദിയൂരപ്പയുടെ ബി.ജെ.പി സർക്കാർ ഇന്നലെ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു. ശബ്ദ വോട്ടെടുപ്പാണ് നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വിശ്വാസ വോട്ടെടുപ്പിന് പിന്നാലെ സ്പീക്കർ കെ.ആർ. രമേശ്കുമാർ രാജിവച്ചു.
17 വിമത എം.എൽ.എമാരെ സ്പീക്കർ അയോഗ്യരാക്കിയതോടെ 225 അംഗ നിയമസഭയുടെ അംഗബലം 208 ആയി ചുരുങ്ങിയിരുന്നു. ഇതോടെ കേവല ഭൂരിപക്ഷത്തിന് 105 പേരുടെ പിന്തുണ മതിയായിരുന്നു. 105 സ്വന്തം അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയുള്ള ബി.ജെ.പിക്ക് വിശ്വാസം തെളിയാക്കാൻ അതിനാൽ പ്രയാസമുണ്ടായില്ല. നോമിനേറ്റഡ് അംഗവും സ്പീക്കറും ചേർന്നാലും കോൺഗ്രസ് – ജനതാദൾ സഖ്യത്തിന് 101 പേരുടെ പിന്തുണയേ ലഭിക്കുമായിരുന്നുള്ളൂ. ബി.എസ്.പിയുടേതാണ് മറ്റൊരംഗം. വിശ്വാസ വോട്ടെടുപ്പിൽ തലയെണ്ണൽ വേണ്ടെന്ന് പ്രതിപക്ഷം ഇന്നലെ ആവശ്യപ്പെട്ടതോടെയാണ് ശബ്ദ വോട്ടെടുപ്പിലേക്ക് കടന്നത്.
യെദിയൂരപ്പ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരണമെങ്കിൽ നിയമപ്രകാരം ഇനി ആറു മാസം കഴിഞ്ഞേ സാധിക്കൂ.
കർണാടകയിൽ ഇനി
കോൺഗ്രസിലെ 14ഉം ജെ.ഡി.എസിലെ മൂന്നും എം.എൽ.എമാരാണ് രാജി പ്രഖ്യാപിച്ച് കുമാരസ്വാമി സർക്കാരിനെ വീഴ്ത്തി യെദിയൂരപ്പയെ അധികാരത്തിലെത്തിച്ചത്. രാജി വച്ച് ബി.ജെ.പിയിൽ ചേർന്ന് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നായിരുന്നു ഇവരിൽ പലരുടെയും കണക്കുകൂട്ടൽ. എന്നാൽ അയോഗ്യരാക്കപ്പെട്ടതോടെ ഇവരുടെ ബാദ്ധ്യത ബി.ജെപിക്ക് ഏറ്റെടുക്കേണ്ടി വരില്ല. സഭയുടെ കാലാവധി തീരുന്ന 2023 വരെ ഇവർക്കാർക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല.
അയോഗ്യരാക്കിയതിനെതിരെയുള്ള ഇവരുടെ ഹർജിയിൽ സുപ്രീംകോടതിയുടെ വിധിയാണ് ഇനി നിർണായകം. ആറ് മാസത്തിനുള്ളിൽ 17 സീറ്റിലും ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഇതിൽ എട്ടിടത്ത് വിജയിച്ചാൽ മതി ബി.ജെ.പിക്ക് നില ഭദ്രമാകും. 225 അംഗസഭയിൽ അതോടെ ബി.ജെ.പി അംഗബലം 113 ആകും.
മുഖ്യമന്ത്രിക്കസേരയിലിരുന്ന് പ്രതിപക്ഷത്തോട് പ്രതികാരം ചെയ്യാൻ ഇല്ല. 'മറക്കുക, ക്ഷമിക്കുക എന്നതാണ് എന്റെ തത്വം. അധികാരത്തിലിരുന്നപ്പോൾ പ്രതികാര രാഷ്ട്രീയം കളിക്കാത്തതിന് സിദ്ധരാമയ്യയ്ക്കും കുമാരസ്വാമിക്കും നന്ദി.
-യെദിയൂരപ്പ