snake

ഏട്ട: മദ്യപിച്ച് 'പാമ്പായി' നിലത്തുകിടന്ന് ഇഴയുന്ന യുവാവിനെ വീട്ടിനുള്ളിലെത്തിയ വിഷപ്പാമ്പ് കടിച്ചു. മദ്യലഹരിയിലായിരുന്നെങ്കിലും പാമ്പ് കടിച്ചത് 'തീരെ പിടിക്കാതിരുന്ന' യുവാവ് ദേഷ്യത്തിൽ കടിച്ച പാമ്പിനെ തിരിച്ച് കടിച്ചു. പാമ്പ് വീണ്ടും കൊത്താനാഞ്ഞതോടെ ദേഷ്യം കലശലായി. പാമ്പിനെ കടിച്ചു മുറിച്ച് നാലഞ്ച് കഷണങ്ങളാക്കി കൊന്നു. അപ്പോഴേക്കും വിഷം ബാധിച്ച് യുവാവ് തളർന്നു.
ഉത്തർപ്രദേശിലെ ഏട്ട ജില്ലയിലെ രാജ് കുമാറാണ് കടിച്ച പാമ്പിനെ കടിച്ച് മുറിച്ച് കഷണങ്ങളാക്കിയത്. പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ ഇയാൾ ചികിത്സയിലാണ്.

മദ്യലഹരിയിലായിരുന്ന രാജ്കുമാർ പാമ്പിനെ പിടികൂടി കടിച്ച് മുറിക്കുകയായിരുന്നുവെന്ന് പിതാവ് ബാബു റാം പറഞ്ഞു. ആശുപത്രിയിലെത്തിച്ച രാജ്കുമാർ നടന്ന സംഭവം വിശദീകരിച്ചെങ്കിലും ആരും വിശ്വസിച്ചില്ല. തുടർന്ന് കടിച്ചു മുറിച്ച പാമ്പിന്റെ കഷണങ്ങൾ ഡോക്ടർക്ക് മുന്നിലെത്തിപ്പോഴാണ് സത്യാവസ്ഥ ബോദ്ധ്യപ്പെട്ടത്. സ്ഥിതി ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി ഡോക്ടർ അറിയിച്ചു.