modi

ന്യൂഡൽഹി: കൊടും കാട്ടിലൂടെ 'കൂളായി' നടന്ന്, കുട്ടവഞ്ചിയിൽ നദി കടന്ന്, മുളകൊണ്ട് ആയുധമുണ്ടാക്കി വനത്തിലൂടെ സാഹസികയാത്ര നടത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക പ്രശസ്ത സാഹസികനായ ബെയർ ഗ്രിൽസും (എഡ്വേഡ് മിഖായേൽ ഗ്രിൽസ്) ഒപ്പമുണ്ട്. ഡിസ്‌കവറി ചാനലിന്റെ 'മാൻ വേഴ്സസ് വൈൽഡ്' എന്ന പരിപാടിക്ക് വേണ്ടിയാണ് മോദിയുടെ ഈ സാഹസികത. ആഗസ്റ്റ് 12ന് രാത്രി 9ന് സംപ്രേഷണം ചെയ്യുന്ന പരിപാടിയുടെ 45 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ ബെയർ ഗ്രിൽസ് ട്വിറ്ററിൽ പങ്കുവച്ചു നിമിഷങ്ങൾക്കുള്ളിൽ ഇത് സോഷ്യൽമീഡിയയിൽ വൈറലായി.

ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷണൽ പാർക്കിൽ ഷോയുടെ അവതാരകനായ ബിയർ ഗ്രിൽസിനൊപ്പം പ്രധാനമന്ത്രി ചുറുചുറുക്കോടെ യാത്ര ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.

ഒഴുക്കുള്ള നദിയിലൂടെ ഒരു ചെറിയ കുട്ടവഞ്ചിയിൽ മോദിയും ഗ്രിൽസും സഞ്ചരിക്കുന്നതാണ് മറ്റൊരു ദൃശ്യം.

കാട്ടിൽ നിന്നു ശേഖരിച്ച മുളകളും മറ്റും ഉപയോഗിച്ച് ആയുധമുണ്ടാക്കിയ മോദി 'ഇത് ഞാൻ നിങ്ങൾക്കുവേണ്ടി സൂക്ഷിക്കുമെന്ന്' ഗ്രിൽസിനോട് പറയുന്നു.

'ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് താങ്കൾ, താങ്കളെ ജീവനോടെ സംരക്ഷിക്കുകയെന്നതാണ് എന്റെ ജോലി' എന്നാണ് ചിരിച്ചുകൊണ്ടുള്ള ഗ്രിൽസിന്റെ മറുപടി. മോദിക്ക് ഗ്രിൽസ് ജാക്കറ്റ് നൽകുന്നതും കാണാം.

'മൃഗസംരക്ഷണത്തെ കുറിച്ചും പരിസ്ഥിതി വ്യതിയാനത്തെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ കാടുകളിലേക്ക് നടത്തുന്ന ധീരയാത്രയിലൂടെ 180 രാജ്യങ്ങളിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിയപ്പെടാത്ത വശം കാണാനാകും.' ബിയർ ട്വീറ്റ് ചെയ്തു.

കാട്ടിലും പർവതങ്ങളിലും വർഷങ്ങളോളം ജീവിച്ചയാളാണ് താനെന്നും ഈ കാലങ്ങൾക്ക് തന്റെ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ടെന്നും അതിനാലാണ് ഇത്തരമൊരു പരിപാടി ചെയ്യുന്നതെന്നും മോദി പറഞ്ഞു.

വിമർശനവുമായി കോൺഗ്രസ്

മോദിയുടെ സാഹസികതയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി.

'പുൽവാമയിൽ 44 ജവാന്മാർ വീരമൃത്യുവരിച്ച സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പരിപാടിയുടെ ഷൂട്ടിംഗ് തിരക്കിലായിരുന്നെന്ന് കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദ് ട്വീറ്റ് ചെയ്തു. ക്രൂരമായ ആക്രമണത്തെ കുറിച്ച് അറിഞ്ഞ ശേഷവും അദ്ദേഹം ചിത്രീകരണം തുടർന്നെന്നും ഈ ട്രെയിലറിൽ അദ്ദേഹം അലസമായി ചിരിക്കുന്നത് നോക്കൂയെന്നും ഷമാ മുഹമ്മദ് ട്വീറ്റിൽ പറയുന്നു.പുൽവാമ ആക്രമണ സമയത്ത് മോദി ഷൂട്ടിംഗിലായിരുന്നുവെന്ന് രാഹുൽഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ നേരത്തേ ആരോപിച്ചിരുന്നു.