kerala-police

കൊച്ചി: ഡി.ഐ.ജി ഓഫീസ് മാർച്ചിനിടെ എൽദോ എബ്രഹാം എം.എൽ.എയടക്കം സി.പി.ഐ നേതാക്കൾക്ക് പൊലീസ് മർദനമേറ്റ സംഭവത്തിൽ എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് അന്വേഷണ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. എം.എൽ.എയെ മർദ്ദിച്ച സംഭവത്തിൽ പൊലീസിന് വീഴ്‌ച സംഭവിച്ചതായി കളക്‌ടറുടെ റിപ്പോർട്ടിൽ പരാമർശമുണ്ട്. ലാത്തിച്ചാർജ് നടക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പൊലീസ് പാലിച്ചിരുന്നില്ല. കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസുദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ നിർബന്ധിതമായേക്കും. സി.പി.ഐ പ്രവർത്തകരുടെ ഭാഗത്തുനിന്നും പ്രകോപനമുണ്ടായതായും കളക്‌ടർ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. മാർച്ച് നടത്തുന്നതിന് അനുമതി വാങ്ങിയിരുന്നില്ല. ഡി.ഐ.ജി ഓഫിസിലേക്ക് മാർച്ച് നടത്തുന്ന വിവരം സ്‌പെഷൽ ബ്രാഞ്ച് മുഖേന രാവിലെയാണ് പൊലീസ് അറിഞ്ഞത്. മാർച്ച് നടത്തിയ പ്രവർത്തകർ ബാരിക്കേഡുകൾ തള്ളിമറിച്ചു. പൊലീസിനുനേരെ കയ്യേറ്റശ്രമം ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, സി.പി.ഐ നേതാക്കൾക്കും പൊലീസിനും ഉണ്ടായിരിക്കുന്ന പരിക്ക് ഗൗരവമുള്ളതല്ലെന്നാണ് കളക്ടറുടെ കണ്ടെത്തൽ. മർദനമേറ്റ എം.എൽ.എ ഉൾപ്പെടെയുള്ള സി.പി.ഐ നേതാക്കളിൽ നിന്നും ആരോപണ വിധേയരായ പൊലീസുകാരിൽ നിന്നും കളക്ടർ മൊഴിയെടുത്തിരുന്നു. ഇരു വിഭാഗവും നൽകിയ തെളിവുകൾ പരിശോധിച്ച ശേഷമാണ് കളക്ടർ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. വിഷയത്തിൽ സി.പി.ഐ രണ്ട് തട്ടിലാണ്. ജില്ലയിലെ ഇടത് മുന്നണി ബന്ധത്തിലും വിള്ളൽ വീണിട്ടുണ്ട്.


അതിനിടെ, മാർച്ചിൽ എം.എൽ.എ ഉൾപ്പെടെയുള്ളവരെ പ്രതിയാക്കി സെൻട്രൽ പൊലിസ് കേസ് എടുത്തു. കട്ടയും കുറുവടിയും കല്ലുമായാണ് പ്രവർത്തകർ മാർച്ചിന് എത്തിയതെന്ന് വ്യക്തമാക്കുന്ന എഫ്‌.ഐ.ആറിൽ ജില്ല സെക്രട്ടറി പി.രാജു, എൽദോ എബ്രഹാം എം.എൽ.എ എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. മുൻകൂട്ടി അനുമതിയില്ലാതെയായിരുന്നു മാർച്ചെന്ന് എഫ്‌.ഐ.ആറിൽ പറയുന്നു. അന്യായമായി സംഘം ചേരൽ, കലാപമുണ്ടാക്കൽ, പൊതു വഴി തടസപ്പെടുത്തൽ, ഔദ്യോഗിക കൃത്യനിർവഹണത്തിലുള്ള ഉദ്യോഗസ്ഥനെ പരിക്കേൽക്കും വിധം മനപൂർവം ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. അഷ്‌റഫ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.എൻ. സുഗതൻ, മുടക്കയം സദാശിവൻ, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം അസ്‌ലഫ് പാറേക്കാടൻ, ഉദയംപേരൂർ ലോക്കൽ സെക്രട്ടറി ആൽവിൻ സേവ്യർ, ചൂർണിക്കര ലോക്കൽ സെക്രട്ടറി പി.കെ. സതീഷ്‌കുമാർ, പ്രവർത്തകരായ ജോൺ മുക്കത്ത്, സജിത്ത്, 800 ഓളം കണ്ടാലറിയാവുന്ന പ്രവർത്തകർ എന്നിവർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

അതേസമയം അന്വേഷണം കൊച്ചി സിറ്റി ക്രൈം ഡിറ്റാച്ച്‌മെന്റ് അസി.കമ്മിഷണർ ബിജി ജോർജ് ഏറ്റെടുത്തു. കേസുമായി ബന്ധപ്പെട്ട രേഖകൾ സെൻട്രൽ പോലീസ് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയിട്ടുണ്ട്. ഈ അന്വേഷണത്തിൽ വ്യക്തമാകുന്ന കാര്യങ്ങൾക്ക് അനുസരിച്ചായിരിക്കും അറസ്റ്റടക്കമുള്ള തുടർനടപടികൾ. വൈപ്പിൻ ഗവ. കോളജിലെ എസ്.എഫ്.ഐ - എ.ഐ.എസ്.എഫ് സംഘർഷത്തിൽ പക്ഷപാതപരമായി നിലപാടെടുത്ത ഞാറയ്ക്കൽ സി.ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു സി.പി.ഐയുടെ ഡി.ഐ.ജി ഓഫീസ് മാർച്ച്.