binoy-kodiyeri

മുംബയ്: ബീഹാർ സ്വദേശിനി നൽകിയ പീഡനക്കേസിൽ ബിനോയ് കോടിയേരി ഡി.എൻ.എ പരിശോധനയ്ക്കുള്ള രക്തസാമ്പിൾ ഇന്ന് തന്നെ നൽകണമെന്നും പൊലീസ് രണ്ടാഴ്ചയ്ക്കകം പരിശോധനാഫലം കോടതിയിൽ സമർപ്പിക്കണമെന്നും മുംബയ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഓഷിവാര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജിയിലാണ് നിർദ്ദേശം.

കേസിൽ കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ ഡി.എൻ.എ പരിശോധന ആവശ്യമാണെന്നായിരുന്നു പൊലീസിന്റെ വാദം. ഡി.എൻ.എ പരിശോധനയ്ക്ക് വിധേയമാകാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ രക്തസാമ്പിൾ നൽകാൻ ബിനോയ് വിസമ്മതിച്ചെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതോടെയാണ് ചൊവ്വാഴ്ച തന്നെ രക്തസാമ്പിൾ നൽകാനും രണ്ടാഴ്ചയ്ക്കുള്ളിൽ ഡി.എൻ.എ പരിശോധനാഫലം ഹാജരാക്കാനും കോടതി നിർദ്ദേശിച്ചത്.

നേരത്തേ രക്തസാമ്പിൾ ആവശ്യപ്പെട്ടപ്പോൾ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നായിരുന്നു ബിനോയിയുടെ വാദം. പിന്നീട് ഹൈക്കോടതിയിൽ ഹർജി പരിഗണിക്കാനുണ്ടെന്ന കാരണം പറഞ്ഞും ബിനോയ് ഡി.എൻ.എ പരിശോധനയിൽനിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.

ഇതിനിടെ, ബിനോയ് കോടിയേരി യുവതിയുമായി സംസാരിച്ചതിന്റെ ശബ്ദരേഖയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കേസ് എങ്ങനെയും ഒത്തുതീർപ്പാക്കണമെന്നാണ് ബിനോയ് യുവതിയോട് ആവശ്യപ്പെടുന്നത്.