ലക്‌നൗ: ബി.ജെ.പി എം.എൽ.എയ്ക്കെതിരെ ലൈംഗിക പീഡനപരാതി നൽകിയ പെൺകുട്ടി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ പൊലീസ് കേസെടുത്തു. എം.എൽ.എ കുൽദീപ് സെൻഗാർ അടക്കം പത്ത് പേർക്കെതിരെയാണ് ഉത്തർപ്രദേശ് പൊലീസ് കൊലക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. അപകടത്തിൽ പെൺകുട്ടി പരിക്കേൽക്കുകയും ഒപ്പമുണ്ടായിരുന്ന രണ്ട് അമ്മായിമാർ മരിക്കുകയും ചെയ്തിരുന്നു. കൂടാതെ ഇവർക്ക് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകനും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
അപകടത്തിന് ഇടയാക്കിയ ട്രക്കിന്റെ നമ്പർ പ്ലേറ്റ് കറുത്ത ചായമടിച്ച് മറച്ചതും അപകടത്തിന് മുമ്പ് പെൺകുട്ടിയുടെ കുടുംബത്തിന് നൽകിയിരുന്ന സുരക്ഷ പിൻവലിച്ചെന്ന ആരോപണവുമാണ് ദുരൂഹതയുണ്ടാക്കിയത്. സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നും ഇക്കാര്യത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പ്രതിപക്ഷ പാർട്ടികൾ രാജ്യസഭയിലും ഉന്നയിച്ചു. അപകടത്തിന് പിന്നിൽ സെൻഗാർ ആണെന്നും അയാൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പെൺകുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവും ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധി അടക്കമുള്ള നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
റായ്‌ബറേലിയിൽ വച്ച് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയുണ്ടായ അപകടത്തിൽ പെൺകുട്ടി സഞ്ചരിച്ചിരുന്ന കാർ പൂർണമായും തകർന്നു. പെൺകുട്ടിക്കുവേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകനാണ് വാഹനം ഓടിച്ചിരുന്നതെന്ന് ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. യു.പി തലസ്ഥാനമായ ലക്നൗവിൽനിന്ന് 45 കിലോമീറ്റർ അകലെയുള്ള ഉന്നാവോയിലാണു പെൺകുട്ടിയും കുടുംബവും താമസിക്കുന്നത്. റായ്ബറേലിയിലെ ജില്ലാ ജയിലിലുള്ള അമ്മാവനെ സന്ദർശിക്കാനായി പോകുകയായിരുന്നു പെൺകുട്ടിയും കുടുംബവും. അപകടമുണ്ടാക്കിയ ട്രക്കിന്റെ ഡ്രൈവർ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. അതേസമയം ട്രക്കിന്റെ നമ്പർ പ്ളേറ്റ് കറുത്ത പെയിന്റ് ഉപയോഗിച്ച് മായ്ച്ച് കളഞ്ഞ നിലയിലായിരുന്നു.ട്രക്കിന്റെ ഡ്രൈവറെയും ഉടമയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണം നടത്തിയ ശേഷമേ സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് വ്യക്തമാകൂയെന്ന് പൊലീസ് പറഞ്ഞു.
2017 ജൂൺ നാലിനാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. ജോലി അഭ്യർത്ഥിച്ച് ഒരു ബന്ധുവിനൊപ്പം എം.എൽ.എയുടെ വീട്ടിലെത്തിയ പെൺകുട്ടിയെ കുൽദീപ് സെൻഗാർ മാനഭംഗപ്പെടുത്തിയതായാണ് പരാതി. എം.എൽ.എക്കെതിരെ പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്ന് പെൺകുട്ടിയും പിതാവും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം വാർത്തയായത്. കുൽദീപ് സെൻഗാറിനെയും സഹോദരനെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരുവർഷമായി ഇവർ ജയിലിലാണ്. സംഭവത്തിൽ ഡൽഹിയിലുൾപ്പെടെ വൻ പ്രതിഷേധമുയർന്നിരുന്നു. തുടർന്ന് കേസ് സി.ബി.ഐക്ക് കൈമാറിയിരുന്നു. ഇതിനിടെ നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ പെൺകുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ ചികിത്സയിലിരിക്കെ കൊല്ലപ്പെട്ടിരുന്നു. പെൺകുട്ടിയുടെ വാഹനം അപകടത്തിൽപെട്ടതോടെ ഈ സംഭവത്തിലും അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.